Trending

നീറ്റ് 2019 അപേക്ഷ ക്ഷണിച്ചു



നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നീറ്റ് -യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്), 2019 മേയ് അഞ്ചിന് നടക്കും. സമയം: ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ച് വരെ. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലെയും ഡെന്റൽ കോളേജുകളിലെയും എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്കാണ്‌ നീറ്റ് വഴി പ്രവേശനം. 

ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്‌), എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എന്നീ സ്ഥാപനങ്ങൾ സ്വന്തമായി പ്രവേശനപ്പരീക്ഷ നടത്തിയാണ് മെഡിക്കൽ പ്രവേശനം നൽകുന്നത്. 

നീറ്റ് വഴി പ്രവേശനം 

🔗 കേന്ദ്ര, കല്പിത സർവകലാശാലകൾ, സംസ്ഥാനങ്ങളിലെ സർക്കാർ സീറ്റുകൾ, മാനേജ്‌മെന്റ്/ന്യൂനപക്ഷ, എൻ.ആർ.ഐ.സീറ്റുകൾ 
 🔗സംസ്ഥാന ക്വാട്ട സീറ്റുകൾ നീറ്റിന്റെ അടിസ്ഥാനത്തിൽ അതത് സംസ്ഥാനത്തിന്റെ സംവരണതത്ത്വങ്ങൾ പ്രകാരമാണ് നികത്തുക.
 🔗രാജ്യത്തെ സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ (ജമ്മുകശ്മീർ ഒഴികെ) 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ
 🔗പുണെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. ആദ്യഘട്ട തിരഞ്ഞെടുപ്പ്
 🔗ആയുർവേദ, യോഗ ആൻഡ് നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) കോഴ്‌സുകളിലെ പ്രവേശനം
🔗ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. (വെറ്ററിനറി) കോഴ്‌സിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ
🔗വിദേശത്ത് മെഡിക്കൽ പഠനം ആഗ്രഹിക്കുന്നവരും (ഭാരതീയർ/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാർ) നീറ്റ് യോഗ്യത നേടണം

യോഗ്യത

 📍പ്ലസ്ടുതല പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങളും മാത്തമാറ്റിക്‌സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് ജയിച്ചിരിക്കണം. 
📍യോഗ്യതാ പരീക്ഷ 2019-ൽ അഭിമുഖീകരിക്കുന്നവർക്ക് അപേക്ഷിക്കാം.
📍യോഗ്യതാ പരീക്ഷയിൽ അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പ്രത്യേകം ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നീ മൂന്ന് വിഷയങ്ങൾക്കുംകൂടി കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. 

പ്രായപരിധി

നീറ്റിന് അപേക്ഷിക്കാൻ കുറഞ്ഞ പ്രായപരിധി 2019 ഡിസംബർ 31-ന് 17 വയസ്സ്. ഉയർന്ന പ്രായപരിധി പരീക്ഷാ തീയതിയിൽ (2019 മേയ് അഞ്ചിന്) 25 വയസ്സ് (1994 മേയ് അഞ്ചിനും 2002 ഡിസംബർ 31-ന് ഇടയ്ക്ക് ജനനം). പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട് (1989 മേയ് അഞ്ചിനും 2002 ഡിസംബർ 31-ന് ഇടയ്ക്കും ജനനം). 

അപേക്ഷ: നാല് ഘട്ടം

📌നവംബർ 30-ന് രാത്രി 11.50 വരെ ഓൺലൈനായി https://ntaneet.nic.in വഴി നൽകാം. നാലു ഘട്ടങ്ങളിലായി ഇത് പൂർത്തിയാക്കണം. ആദ്യം, ഓൺലൈൻ അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകി ലഭിക്കുന്ന അപേക്ഷാ നമ്പർ കുറിച്ചുവയ്ക്കണം. തുടർന്ന് ഫോട്ടോ, ഒപ്പ് എന്നിവയുടെ ഇമേജുകൾ, നിശ്ചിത വലുപ്പം/ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. മൂന്നാംഘട്ടത്തിൽ ഫീസടയ്ക്കണം.

📌നീറ്റ് അപേക്ഷാ ഫീസ്, ജനറൽ/ഒ.ബി.സി. വിഭാഗങ്ങൾക്ക് 1400 രൂപയും പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് 750 രൂപയുമാണ്. തുക ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് വഴി ഡിസംബർ ഒന്നിന് രാത്രി 11.50 വരെ ഓൺലൈനായും സൈറ്റിൽനിന്നും രൂപപ്പെടുത്താവുന്ന എസ്.ബി.ഐ. ഇ-ചലാൻ വഴി എസ്.ബി.ഐ. ശാഖയിൽ ഡിസംബർ ഒന്നിന് ബാങ്ക് സമയംവരെ ഓഫ്‌ലൈനായും അടയ്ക്കാം. 

📌പണമടച്ചതിന്റെ രേഖ ഭാവിയിലെ ആവശ്യത്തിനായി കരുതിവയ്ക്കണം. നാലാം ഘട്ടത്തിൽ, കൺഫർമേഷൻ പേജിന്റെ നാല് പ്രിന്റൗട്ട് എങ്കിലും എടുത്തുവയ്ക്കണം. നാലുഘട്ടങ്ങളും ഒരുമിച്ചോ, പല സമയങ്ങളിലായോ പൂർത്തിയാക്കാം. കൺഫർമേഷൻ പേജ് എവിടേക്കും അയക്കേണ്ടതില്ല.

പരീക്ഷാ രീതി  

📌ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പർ പരീക്ഷയ്ക്കുണ്ടാകും. ഒ.എം.ആർ. ഷീറ്റുപയോഗിച്ച് ഓഫ് ലൈൻ രീതിയിലായിരിക്കും പരീക്ഷ. ബയോളജിയിൽ (ബോട്ടണിയും സുവോളജിയും)നിന്ന് 90-ഉം ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽനിന്ന് 45-ഉം വീതം ചോദ്യങ്ങൾ ഉണ്ടാകും. ഒരു ശരിയുത്തരത്തിന് നാല് മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. പരീക്ഷാകേന്ദ്രത്തിൽനിന്ന്‌ നൽകുന്ന ബോൾ പോയന്റുപേന ഉപയോഗിച്ച് ഉത്തരം രേഖപ്പെടുത്തണം. 

പരീക്ഷാകേന്ദ്രങ്ങൾ
📌കേരളത്തിൽ ആലപ്പുഴ, അങ്കമാലി, എറണാകുളം, കണ്ണൂർ, കാസർകോട്‌, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ. നാല് കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കാം. 
📌വിവരങ്ങൾക്ക്: http://https://ntaneet.nic.in
Previous Post Next Post
3/TECH/col-right