കേരളത്തിലെ 16 സീറ്റും യു.ഡി.എഫ് നേടും; എല്‍.ഡി.എഫിന് നാലു സീറ്റ്, എന്‍.ഡി.എ സീറോ- റിപ്പബ്ലിക്ക് ടി.വി സര്‍വ്വേ
കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണി തൂത്തുവാരുമെന്ന് റിപ്പബ്ലിക് ടി.വി സിവോട്ടര്‍ സര്‍വ്വേ. 2018 നവംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടന്നാല്‍ ആരു ജയിക്കുമെന്നാണ് പ്രവചനം.

20 ല്‍ 16 സീറ്റും യു.ഡി.എഫ് നേടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കി നാലെണ്ണം എല്‍.ഡി.എഫ് നേടും. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും സര്‍വ്വേയില്‍ പറയുന്നു.

കേരളത്തില്‍ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്കിലാണ് ഇങ്ങനെയൊരു പ്രവചനം വരുന്നത്. കേരളത്തില്‍ അഞ്ചു സീറ്റെങ്കിലും നേടണമെന്ന് ബി.ജെ.പിക്ക് അമിത്ഷായുടെ നിര്‍ദേശമുണ്ടായിരുന്നു.
ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന പ്രതിഷേധ പരിപാടികളൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.ഡി.എഫിന് ലഭിക്കുന്ന 16 സീറ്റില്‍ പത്തെണ്ണവും കോണ്‍ഗ്രസിനായിരിക്കും. ബാക്കി സഖ്യകക്ഷികള്‍ക്കും.

യു.ഡി.എഫിന് 40.4 ശതമാനം വോട്ടും എല്‍.ഡി.എഫിന് 29.3 ശതമാനം വോട്ടും എന്‍.ഡി.എയ്ക്ക് 17.5 ശതമാനം വോട്ടും മറ്റുള്ളവര്‍ക്ക് 12.8 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം.