പത്തനംതിട്ട: പന്തളം സ്വദേശിയായ തീര്‍ത്ഥാടകന്‍ നിലയ്ക്കലില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ ബിജെപി പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പന്തളം മുളമ്ബുഴ ശരത് ഭവനില്‍ ശിവദാസ(60)നെയാണ് കമ്ബകത്തുംവളവിനു സമീപം വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ അക്രമണത്തില്‍പ്പെട്ടാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്നാണ് ബിജെപിയുടെ ആരോപണം. ഒക്ടോബര്‍ 18ന് വീട്ടില്‍ നിന്നും സന്നിധാനത്ത് പുറപ്പെട്ട ശിവദാസന്‍ തിരികെയെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും പിന്‍തുണ പ്രഖ്യാപിച്ചു. രാവിലെ 6 മാണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ഹര്‍ത്താല്‍.