Trending

പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിന് തീപിടിച്ചു

തിരുവനന്തപുരം:ശ്രീകാര്യം  മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 



സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഫാക്ടറിയില്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി തുടരുന്നുണ്ട്. അഗ്നിശമനാ സേനയും പൊലീസും തീയണയ്ക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. 





തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ അത്യാഹിത വിഭാഗത്തില്‍ കൂട്ടത്തോടെ അപകടത്തില്‍പ്പെട്ടവര്‍ എത്താന്‍ സാധ്യതയുണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. 

ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉൽപാദന യൂണിറ്റിന്റെ മൂന്നാംനിലയിൽ തീയും പുകയും ഉയർന്നത്. രണ്ടാം ഷിഫ്റ്റിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 120 പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. 

രാജ്യാന്തര വിമാനത്താവളം, വിഎസ്‌എസ്‌സി, എയർഫോഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവൻ അഗ്നിശമന യൂണിറ്റുകളും തീ അണയ്ക്കാൻ എത്തി. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അഗ്നിശമന യൂണിറ്റുകൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അർധരാത്രി പിന്നിട്ടിട്ടും തീയണയ്ക്കാൻ കഴിഞ്ഞില്ല.
മൺവിളയിലെ പ്ലാസ്റ്റിക് ഉൽപന്നശാലയിലുണ്ടായ തീപിടിത്തം.
പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളുമാണു തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. 

ഫാക്ടറിക്കു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിനായി നിർമിച്ച വേദിയും കത്തിയമർന്നു. 

ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റും ഗോഡൗണുമെല്ലാം രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റിൽ പ്രവർത്തിക്കുന്നുണ്ട്.
2 ദിവസം മുമ്പ് ഇതേ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീപിടിത്തം ഉണ്ടായിരുന്നു. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത് എന്നിവർ സ്ഥലത്തെത്തി. 

വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ 2 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയറാം രഘു (18), കോന്നി സ്വദേശി ഗിരീഷ് (21) എന്നിവരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Previous Post Next Post
3/TECH/col-right