Trending

മിച്ചഭൂമി:വിശദീകരണവുമായി ജോർജ്ജ് എം തോമസ്.എം.എൽ.എ.

എന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന മിച്ചഭൂമി സംബന്ധിച്ച് വസ്തുതകൾ ചൂണ്ടികാട്ടട്ടെ,

1971 ലാണ് കൊടിയത്തൂർ വില്ലേജിലെ  ദേവസ്വംകാട് എന്ന സ്ഥലത്ത് റി.സ.188/2 ൽ പെട്ട സ്ഥലം എന്റെ പിതാവ് വാങ്ങിയത്.അതിൽ പെട്ട 4 ഏക്ര 9 സെന്റ് ഭൂമി എന്റെ പേരിൽ തരികയും ആയതിന് മലപ്പുറം ലാൻറ് ട്രിബ്യൂണലിൽ നിന്ന് എന്റെ പേരിൽ പട്ടയം സിദ്ധിക്കുകയും ചെയ്തിട്ടുള്ളതാണ്.




ഈ പട്ടയവും വിധി പകർപ്പും നികുതി ശീട്ട്, കൈവശാവകാശ രേഖ എന്നിവ സമർപ്പിച്ച് മുക്കം കാനറാ ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുള്ളതുമാണ്. മേൽ ഭൂമിയിൽ 1977 ൽ വീട് നിർമ്മിച്ച് കെട്ടിട നികുതി ഒടുക്കി കൈവശം വെച്ച് അവിടെ തന്നെ 1978 മുതൽ സ്ഥിരതാമസമാക്കിയതും ഇപ്പോൾ അവിടെ തന്നെ തുടരുന്നതുമാണ്.

അച്ഛന്റെ പേരിൽ വേറെയും ഭൂമികൾ ഉണ്ടായിരുന്നു. അവയിൽ ചിലത് റബ്ബർ തോട്ടമായി രജിസ്റ്റർ ചെയ്യപ്പെട്ടവയും മറ്റ് ചിലത് സാധാരണ കരഭൂമിയുമയിരുന്നു. ഭൂപരിധി നിയമപ്രകാരം ഒഴിവു നൽകേണ്ട റബ്ബർ തോട്ടത്തെ തെങ്ങിൻ തോട്ടമായി തെറ്റായി എഴുതിയുമാണ് മിച്ചഭൂമി കേസ് ഉണ്ടായത് തന്നെ. 


ഇത് സംബന്ധമായി കേസിൽ പെട്ട എല്ലാ ഭൂമികളും ഇപ്പോഴത്തെ കൈവശക്കാരുടേതാണ് എന്ന് ലാന്റ് ബോർഡിന് ബോദ്ധ്യപ്പെട്ട് വിധി ആയതും അച്ഛന്റെ അക്കൗണ്ടിൽ നിന്ന് കുറവ് ചെയ്തിട്ടുള്ളതുമാണ്.തന്മൂലം മിച്ചഭൂമി കേസ് നിലനിൽക്കാൻ ഇടയില്ല. ലാന്റ് ബോർഡ് യോഗം ചേരാത്തത് കൊണ്ട് മാത്രമാണ് ഇക്കാര്യം ബോധ്യപ്പെടുത്താൻ കഴിയാതെ പോയിട്ടുള്ളത്.

2006 മുതൽ 2011 വരെയും 2016 മുതലും MLA ആയ ഞാൻ എന്റെ കേസിൽ അനുകൂലമായി വിധി സമ്പാദിക്കാൻ ഒരാളോടും യാതൊരു വിധ ശുപാർശയും നടത്തിയിട്ടില്ല. ഇനി മേലിലും എന്റെ വ്യക്തിപരമോ സംഘടനാ പരമോ ആയ ഒരു സാധ്വീനവും ചെലുത്തുകയുമില്ല. 


രേഖകൾ ശരിയായി പഠിച്ച് കോടതി എടുക്കുന്ന തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും അതനുസരിച്ച് മുന്നോട്ട് പോവും.ഇതിന്റെ പേരിൽ നടക്കുന്ന എല്ലാ പ്രചരണങ്ങളും രാഷ്ട്രീയ പ്രേരിതവും വ്യക്തിഹത്യ വെച്ചുള്ളതുമാണെന്ന് എല്ലാവരും തിരിച്ചറിയണം എന്ന് അഭ്യർത്ഥിക്കുന്നു.




Previous Post Next Post
3/TECH/col-right