Trending

മസ്തിഷ്‌ക മരണം സംഭവിച്ച വിഷ്ണുവിന്റെ ഹൃദയം ഇനി ഫിനുവിന്റെ ശരീരത്തില്‍ തുടിക്കും.

കോഴിക്കോട്: വിഷ്ണുവിന്റെ ഹൃദയം ഇനി ഫിനുവിന്റെ ശരീരത്തില്‍ തുടിക്കും. ബൈക്കില്‍ കാറിടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച വളയനാട് മണല്‍താഴം സുനിലിന്റെ മകന്‍ വിഷ്ണു (23) ന്റെ ഹൃദയമാണ് മടവൂര്‍ ചക്കാലക്കല്‍ സ്വദേശിയായ ഫിനു ഷെറിന് ദാനം ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് വിഷ്ണു സഞ്ചരിച്ച ബൈക്കില്‍ മാത്തറ വെച്ച് കാറിടിച്ചത്.


പന്തീരങ്കാവില്‍ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന വിഷ്ണു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം വിഷ്ണുവിനൊപ്പം സഞ്ചരിച്ച മാങ്കാവ് ചിമ്മിണിക്കല്‍ അരുണന്‍ (23) നും പരിക്കേറ്റിരുന്നു. ഇരുവരേയും ഉടന്‍ തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതോടെ തളര്‍ന്നു വീണ വിഷ്ണുവിന്റെ അച്ഛന്‍ തന്റെ മകന്റെ ഹൃദയം മറ്റൊരാളുടെ ശരീരത്തില്‍ തുടിക്കുന്നതിന് സമ്മതം മൂളുകയായിരുന്നു. ഇതോടെ നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ പ്രവേശിപ്പിച്ച ഫിനുഷെറിന് ഹൃദയം മാറ്റി വെക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ഫിനു ഷെറിന്റെ ബന്ധുക്കളെ അറിയിച്ചു.

നിര്‍ദ്ധന കുടുംബമായ ചക്കാലക്കല്‍ സ്വദേശി സിദ്ദീഖ്, സറീന ദമ്പതികളുടെ മകള്‍ ഫിനു ഷെറിന്റെ ഹൃദയ മാറ്റി വെക്കല്‍ ചികിത്സക്കായി നേരത്തെ ചികിത്സ കമ്മറ്റി രൂപീകരിച്ച് നാല്‍പ്പത് ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു. എന്നാല്‍ മാറ്റി വെക്കാന്‍ ഹൃദയം ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ജ്ജിച്ചതോടെ കര്‍ണ്ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിഷ്ണുവിന്റെ ബന്ധുക്കള്‍ ഹൃദയം ദാനം ചെയ്യാന്‍ തയ്യാറായതോടെ മണിക്കൂറുകള്‍ക്കകം ഫിനു ഷെറിനെ കോഴിക്കോട് മെട്രോ ആശുപത്രിയില്‍ എത്തിച്ചു.ചക്കാലക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫിനു ഷെറിന് വേണ്ടി ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. വിഷ്ണുവിന്റെ കിഡ്‌നി, കണ്ണ് തുടങ്ങിയ മറ്റു അവയവങ്ങളും ദാനം ചെയ്തിട്ടുണ്ട്.
Previous Post Next Post
3/TECH/col-right