Trending

ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പോയാലും രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കേരളത്തിനും തമിഴ്‌നാടിനും ഭീഷണി

പത്തനംതിട്ട: ന്യൂനമര്‍ദം ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് പോയാലും കേരളത്തിന് മുകളില്‍ ഭീതി വിതയ്ക്കുന്ന കാര്‍മേഘം വിട്ടകലുന്നില്ല. ചുഴലിക്കാറ്റ് ഒമാന് തീരത്തേക്ക് നീങ്ങിയാല്‍ ചൊവ്വാഴ്ചയോടെ കേരളത്തില്‍ ആശ്വസിക്കാമായിരുന്നു.എന്നാല്‍ കന്യാകുമാരിക്ക് താഴെ നിന്ന് വന്‍തോതില്‍ മേഘങ്ങള്‍ കയറി വരുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മലയോര മേഖലയില്‍ മഴയുടെ സാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
 
 
 
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടുവെങ്കിലും സംസ്ഥാനത്തെ ഉലയ്ക്കുന്ന രീതിയില്‍ മഴ എത്തിയില്ല. തിങ്കളാഴ്ചയോടെ ഒഡീഷാ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദവും, കന്യാകുമാരിക്ക് താഴെ മറ്റൊരു ന്യൂനമര്‍ദവും ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതാണ് അറബിക്കടലിലെ ന്യൂനമര്‍ദം മൂലമുള്ള മഴ കുറച്ചത്.
 
 
ഒഡീഷയില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം അറബിക്കടലില്‍ നിന്നും മേഘങ്ങളെ വലിച്ചടുപ്പിക്കുന്നതിനൊപ്പം, കന്യാകുമാരിക്ക് താഴെ രൂപം കൊണ്ട ചുഴിയും മേഘങ്ങളെ ആകര്‍ഷിക്കും.ഇത് ഒമാനിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിനെ ദുര്‍ബലമാക്കും. ഇതോടെ കേരള-കര്‍ണാടക തീരം കേന്ദ്രീകരിച്ചായിരിക്കും മഴ. ഇത് കേരളത്തില്‍ കനത്ത മഴ കൊണ്ടുവരും.
 
സംസ്ഥാനമൊട്ടാകെ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഇടുക്കി, മലപ്പുറം,പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് സംഘത്തെ വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്
Previous Post Next Post
3/TECH/col-right