Trending

ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്

ഫെയ്‌സ്ബുക്ക് ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് കഴിഞ്ഞയാഴ്ച വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് ഒമ്പത് കോടിയോളം ആളുകളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയി. സുരക്ഷാ മുന്‍കരുതലെന്നോണം നാല് കോടിയോളം പേരുടെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് തന്നെ ലോഗ് ഔട്ട് ആക്കുകയും ചെയ്തു. 


  ഫെയ്‌സ്ബുക്ക് സോഫ്റ്റ് വെയറിന്റെ തകരാര്‍ പ്രയോജനപ്പെടുത്തി അഞ്ച് കോടിയോളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്കാണ് ഹാക്കര്‍മാര്‍ക്ക് പ്രവേശിക്കാനായത്. യഥാര്‍ത്ഥ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കുന്നതെല്ലാം ഹാക്കര്‍മാര്‍ക്ക് സാധിച്ചു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ആപ്പുകളും ഉപയോഗിക്കാന്‍ ഹാക്കര്‍മാര്‍ക്കായി. പ്രശ്‌നം അവസാനിപ്പിച്ചുവെന്ന് ഫെയ്‌സ്ബുക്ക് പറയുന്നുണ്ടെങ്കിലും എന്തെല്ലാം വിവരങ്ങളാണ് ഹാക്കര്‍മാര്‍ കയ്യടക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഹാക്കിങിന് ഇരയായ എല്ലാ ഉപയോക്താക്കളോടും അവരുടെ പാസ് വേഡുകള്‍ മാറ്റാന്‍ ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ. 

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ആണെന്ന് നോക്കുക

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഇതിനായി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സെറ്റിങ്‌സ് എടുക്കുക. അതില്‍ സെക്യൂരിറ്റി ആന്റ് ലോഗിന്‍ ടാബ് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ട് എന്ന് കാണാന്‍ സാധിക്കും. ഡെസ്‌ക് ടോപ്പ്, ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. പരിചിതമല്ലാത്ത ഉപകരണങ്ങളില്‍ നിന്നുമുള്ള സൈന്‍ ഇന്‍ ശ്രദ്ധയില്‍പെട്ടാല്‍ അതിന് നേരെ വലതുഭാഗത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ലോഗ് ഔട്ട് ചെയ്യുക.
ഇതേ സെറ്റിങ്‌സില്‍ തന്നെ അപരിചിതമായ ഇടങ്ങളില്‍ നിന്നുള്ള ലോഗിന്‍ സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. അത് ഓണ്‍ ആക്കി വെച്ചാല്‍ ഭാവിയില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭിക്കും.

ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആരംഭിക്കുക.

സെറ്റിങ്‌സില്‍ സെക്യൂരിറ്റി ആന്റ് ലോഗിന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ താഴെയായി സ്റ്റാര്‍ട്ട് ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് തിരഞ്ഞെടുത്ത്. ഗെറ്റ് സ്റ്റാര്‍ട്ടഡ് ക്ലിക്ക് ചെയ്യുക. രണ്ട് രീതിയിലുള്ള വെരിഫിക്കേഷനാണ് ലോഗിന്‍ ചെയ്യുമ്പോള്‍ ഉണ്ടാവുക. 
പുതിയ ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‌വേഡ് നല്‍കിയതിന് ശേഷം ഫോണില്‍ വരുന്ന വെരിഫിക്കേഷന്‍ കോഡ് നല്‍കിയോ, ഗൂഗിള്‍ ഒതന്റിക്കേറ്റര്‍ പോലുള്ള ആപ്പുക്കള്‍ ഉപയോഗിച്ചോ മാത്രമേ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.
ഏത് രീതിയിലുള്ള വെരിഫിക്കേഷന്‍ വേണമെന്ന് തിരഞ്ഞെടുക്കുക.
 
പാസ്‌വേഡ് ഉടന്‍ മാറ്റുക

ഇടക്കിടെ പാസ് വേഡ് മാറ്റുന്നതും സങ്കീര്‍ണമായ പാസ് വേഡുകള്‍ ഉപയോഗിക്കുന്നതുമാണ് എപ്പോഴും നല്ലത്. ഫെയ്‌സ്ബുക്കില്‍ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ പാസ് വേഡുകള്‍ ഉടന്‍ മാറ്റാന്‍ ശ്രദ്ധിക്കുക.
Previous Post Next Post
3/TECH/col-right