Trending

എലിപ്പനി വരാതിരിക്കാന്‍ പ്രതിരോധ ഗുളിക കഴിക്കണം

കോഴിക്കോട്: പ്രളയത്തിന്റെ തുടര്‍ച്ചയായി എലിപ്പനി പടരുന്നു. രോഗത്തെ ചെറുക്കാന്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിരോധ മരുന്ന് വിതരണം ചെയ്യും.ജില്ലയില്‍ 28ഓളം എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്നു പേര്‍ മരിച്ചു. 64പേര്‍ പല ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.



ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്ബുകളിലും പ്രതിരോധമരുന്ന് വിതരണം ചെയ്തിരുന്നെങ്കിലും പലരും അത് കഴിക്കാന്‍ തയ്യാറായില്ല. ശുചീകരണപ്രവര്‍ത്തനം നടത്തിയ‌ര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണം.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നതിനു തലേ ദിവസം തന്നെ ഡോക്‌സിസ് സൈക്ലിന്‍ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക കഴിക്കേണ്ടതാണ്.
ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാധ്യതയുമുള്ളതിനാല്‍ ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. കുടിക്കാനായുള്ള വെള്ളം തിളപ്പിച്ചതിനു ശേഷമേ ഉപയോഗിക്കാവു. പാത്രങ്ങളും മറ്റും ചൂടുവെള്ളമുപയോഗിച്ച്‌ കഴുകണം. നിര്‍ജലീകരണം തടയാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പിട്ട നാരങ്ങ വെള്ളം, ഒ ആര്‍എസ് ലായനി എന്നിവ ഉപയോഗിക്കാം. പനി, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ചികിത്സ തേടണം.

16 താല്ക്കാലിക ആശുപത്രികള്‍

ജില്ലയില്‍ 16 താല്ക്കാലിക ആശുപത്രികള്‍ സജീവമാകും. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും ഇവയുടെ പ്രവര്‍ത്തനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ് ഗ്രാജേറ്റ് വിദ്യാര്‍ത്ഥികളെയാണ് ഇവിടങ്ങളില്‍ നിയമിച്ചത്. അവര്‍ക്കൊപ്പം 16 നഴ്‌സുമാരുടെയും സേവനമുണ്ടാകും. കൂടാതെ 82 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടേയും സേവനം ലഭ്യമാണ്. ചികിത്സാ സൗകര്യവും ഇവ‌ര്‍ക്കുള്ള താമസവും അതത് പഞ്ചായത്തുകള്‍ ഏര്‍പ്പാടാക്കണം.
കാക്കൂര്‍,ചെറുവണ്ണൂര്‍,ബേപ്പൂര്‍,ചക്കിട്ടപ്പാറ,ചൂലൂര്‍, കക്കോടി, കുണ്ടുതോട്, കുന്ദമംഗലം, മൂഴിക്കല്‍, പെരുവയല്‍, പുതുപ്പാടി, തണ്ണീര്‍പന്തല്‍, വേളം, മരുതോങ്കര, തിരുവമ്ബാടി എന്നിവിടങ്ങളിലാണ് താല്ക്കാലിക ആശുപത്രികള്‍.

കണ്‍ട്രോള്‍ റൂം

രോഗത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്ബര്‍: 0495 2376100. ഹെല്‍പ്പ് ലൈന്‍: 9745661177,9745774433, 8943118811.
Previous Post Next Post
3/TECH/col-right