മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന് മുമ്പ് അമ്മയും സഹോദരനും ചേർന്ന് ശ്വാസം മുട്ടിച്ചും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചുവെന്ന് പൊലീസ്. കൃത്യം നടക്കാതെ വന്നപ്പോഴാണ് സഹോദരൻ നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതി ശിഹാബിനെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.


കഴിഞ്ഞ ദിവസമാണ് അമ്മയും സഹോദരനും ചേർന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആദ്യം ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. എന്നാൽ കുഞ്ഞ് കരഞ്ഞതോടെ പ്രതി ശിഹാബ് കത്തികൊണ്ട് കഴുത്തറുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങളായി ഭർത്താവിനെ പിരിഞ്ഞ് താമസിക്കുന്ന സഹോദരി നബീല കുഞ്ഞിന് ജന്മം നൽകിയതിലുള്ള അപമാനമാണ് സഹോദരനെ കൃത്യത്തിന് പ്രേരിപ്പിച്ചത്. കൊലപാതകത്തിൽ നബീലക്കും പങ്കുള്ളതായാണ് പൊലീസ് നൽകുന്ന വിവരം. പ്രതി ശിഹാബിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലനടത്താൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്ന് കണ്ടെത്തി.കൃത്യം നടത്തിയ രീതി പ്രതി പൊലീസിന് മുന്നിൽ വിശദീകരിച്ചു.

പ്രസവത്തെതുടർന്ന് ആരോഗ്യനില മോശമായ നബീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലമെച്ചപ്പെടുമ്പോൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.