ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തം നേരിട്ട സംസ്ഥാനത്ത‌്‌ ഒരു വര്‍ഷത്തേക്ക‌് ഔദ്യോഗിക ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഫണ്ട‌് ഉപയോഗിച്ച‌് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള അടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേക്ക‌് നടത്തില്ല. 

ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റെ ഉള്‍പ്പടെ എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ‌് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ഇതിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കും മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. 

പ്രളയാനന്തര ജനജീവിതം സാധാരണ ഗതിയിലേക്ക‌് തിരികെ കൊണ്ടുവരാനായി നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ‌് ഈ തീരുമാനം.എന്നാല്‍, വിദ്യാര്‍ഥികളുടെ ഗ്രേസ‌് മാര്‍ക്ക‌്, ദേശീയതല മത്സരങ്ങളിലേക്കുള്ള സെലക്ഷന്‍ എന്നിവ കണക്കിലെടുത്ത‌് സ്കൂള്‍ കലോത്സവം, കായികമേള എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട‌് തീരുമാനിക്കും. അക്കാദമിക‌് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മേളകള്‍ ഏത‌് രൂപത്തില്‍ നടത്തണമെന്നും പിന്നീട‌് ചര്‍ച്ച ചെയ‌്ത‌് തീരുമാനിക്കും.