Trending

2019 ജനുവരിയില്‍ രാജ്യവ്യാപകമായി ദ്വിദിന പണിമുടക്ക്.

ന്യൂഡല്‍ഹി:മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ അടുത്ത വര്‍ഷം ജനുവരി എട്ടിനും ഒന്‍പതിനും രാജ്യവ്യാപകമായി പൊതുപണിമുടക്ക് നടത്താന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെ ദേശീയ ഫെഡറേഷനുകളുടെയും സംയുക്ത കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 


പണിമുടക്കിനു ആധാരമായ വിഷയങ്ങള്‍ ഉന്നയിച്ച്‌ ഇക്കൊല്ലം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സംസ്ഥാന, ജില്ലാ, മേഖലാ, വ്യവസായതല യോഗങ്ങള്‍ ചേരും. നവംബറിലും ഡിസംബറിലും ഗേറ്റ്തല യോഗങ്ങളും റാലികളും നടത്തും. ഡിസംബര്‍ 17 മുതല്‍ 22 വരെ സംയുക്തമായി പണിമുടക്ക് നോട്ടീസുകള്‍ നല്‍കാനും തീരുമാനിച്ചു. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. 

ഡല്‍ഹി മാവ്‌ലങ്കര്‍ ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ തപന്‍ സെന്‍(സിഐടിയു), സഞ്ജീവ റെഡ്ഡി(ഐഎന്‍ടിയുസി), അമര്‍ജീത്കൗര്‍(എഐടിയുസി), ഹര്‍ബജന്‍സിങ് സിദ്ദു(എച്ച്‌എംഎസ്), സത്യവാന്‍(എഐയുടിയുസി), ജി ആര്‍ ശിവ്ശങ്കര്‍(ടിയുസിസി), മണാലി ഷാ (സേവ), രാജീവ് ദിമ്‌രി(എഐസിസിടിയു), പെച്ചി മുത്തു(എല്‍പിഎഫ്), അശോക് ഘോഷ്(യുടിയുസി) എന്നിവര്‍ സംസാരിച്ചു.

മിനിമം വേതനം, സാര്‍വത്രിക സാമൂഹികസുരക്ഷ, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക എന്നിവയടക്കമുള്ള 12 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ട്രേഡ് യൂണിയനുകള്‍ നല്‍കിയ അവകാശപത്രിക കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കാത്തതില്‍ കണ്‍വന്‍ഷന്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. 44 കേന്ദ്ര തൊഴില്‍നിയമങ്ങള്‍ ഉപേക്ഷിക്കാനും തൊഴിലുടമകള്‍ക്ക് അനുകൂലമായി നാല് തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ കണ്‍വന്‍ഷന്‍ ആശങ്ക അറിയിച്ചു.

പുതിയ പെന്‍ഷന്‍പദ്ധതി പിന്‍വലിക്കണമെന്നും പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കരിനിയമങ്ങള്‍ ഉപയോഗിച്ച്‌ വിയോജിപ്പുകളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചു. പ്രക്ഷോഭപരിപാടികള്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ എല്ലാ വിഭാഗം തൊഴിലാളികളോടും ജീവനക്കാരോടും കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

കെ ഹേമലത, അശോക്‌സിങ്, രമേന്ദ്രകുമാര്‍, എസ് എന്‍ പഥക്, ആര്‍ കെ ശര്‍മ, പ്രവീര്‍ ബാനര്‍ജി, സോണിയ ജോര്‍ജ്, സന്തോഷ് റായ്, കെ നടരാജന്‍, ശത്രുജീത് സിങ് എന്നിവരടങ്ങിയ പ്രസീഡിയം കണ്‍വന്‍ഷന്‍ നിയന്ത്രിച്ചു.
Previous Post Next Post
3/TECH/col-right