Trending

വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്:പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

കല്‍പ്പറ്റ:വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സി.പി.എമ്മില്‍ നിന്നുള്ള നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.കറപ്പനാണ് രാജിവെച്ചത്.  ഇന്നലെയാണ് യുവതി പീഡനം സംബന്ധിച്ച പരാതി അമ്പലവയല്‍ പോലീസില്‍ നല്‍കിയത്. വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയിലുള്ളത്. വീട് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.



സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് കറപ്പനോട് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. മെമ്പര്‍ സ്ഥാനവും രാജിവെക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കറപ്പന്റെ പേരില്‍ പോലീസ് കേസെടുത്തു.

പരാതിക്കാരി നെന്മേനി പഞ്ചായത്തില്‍ വീടിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ സ്ഥലം വയല്‍ ആയതിനാല്‍ കലക്ടറുടെ അനുമതി വേണമെന്നും ഇത് തരപ്പെടുത്തി നല്‍കാമെന്നും യുവതിയെ പ്രസിഡന്റ് അറിയിച്ചിരുന്നത്രേ. വീട് തരപ്പെടുത്തി നല്‍കിയാല്‍ ചെലവ് ചെയ്യണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. പണമാണ് വേണ്ടതെങ്കില്‍ ഭര്‍ത്താവ് വന്നിട്ട് പറയാമെന്ന് യുവതി പറഞ്ഞു. എന്നാല്‍ തനിക്ക് പണമല്ല വേണ്ടതെന്ന് പറഞ്ഞ് പ്രസിഡന്റ് യുവതിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു.

പല പ്രാവശ്യം ഫോണിലും ശല്യപ്പെടുത്തിയെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിക്ക്  യുവതി തനിച്ചുള്ളപ്പോള്‍ വീട്ടിലെത്തിയ പ്രസിഡന്റ് കയറിപ്പിടിച്ചെന്നും ബഹളം വെച്ചപ്പോള്‍ അടുക്കള വഴി ഓടിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
Previous Post Next Post
3/TECH/col-right