Trending

കോഴിമാലിന്യ വാഹനം തടഞ്ഞ് പണപ്പിരിവ് നടത്തിയെന്ന് പരാതി ; സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടിതല അന്വേഷണം


കോഴി മാലിന്യം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് പണപ്പിരിവ് നടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടിതല അന്വേഷണം. താമരശ്ശേരി ചുങ്കം ചുണ്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ നോര്‍ത്ത് മേഖല പ്രസിഡന്റുമായ നവാസിനെതിരെയാണ് താമരശ്ശേരിയിലെ മഞ്ചു ചിക്കന്‍സ്റ്റാള്‍ ഉടമ റഫീഖ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.


കോഴിക്കട മാലിന്യങ്ങളുമായി മലപ്പുറത്തേക്ക് പോവുകയായിരുന്ന വാഹനം താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപം വെഴുപ്പൂര്‍ റോഡില്‍ തടഞ്ഞുവെച്ച് ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. നവാസ് ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് വാഹനം തടഞ്ഞതെന്നും പണം നല്‍കിയില്ലെങ്കില്‍ മാലിന്യം കടത്താന്‍ അനുവധിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും റഫീഖ് പറഞ്ഞു. അയ്യായിരം രൂപ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും സംഘം വഴങ്ങിയില്ല. തുടര്‍ന്ന് സുഹൃത്തിന്റെ കയ്യില്‍നിന്നും പണം എത്തിച്ച് പതിനായിരം രൂപ നല്‍കിയെന്നുമാണ് റഫീഖ് സി പി എം ലോക്കല്‍ കമ്മറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

 എന്നാല്‍ റഫീഖിന്റെ പരാതി ലഭിച്ചിട്ടില്ലെന്നും ആരോപണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്നും സി പി എം നേതാക്കള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Credit: നാട്ടുവാർത്ത 
Previous Post Next Post
3/TECH/col-right