Trending

പൊഴുതന അതിജീവിക്കുകയാണ്:മനുഷ്യ സ്‌നേഹികളുടെ കരുത്തില്‍

വയനാട്:കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിൽ ഏറ്റവും വലിയ നഷ്ടങ്ങൾ ഉണ്ടായ ജില്ലകളിലൊന്നാണ് വയനാട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്ന് ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ളതുകൊണ്ട് തന്നെ വയനാടിനെ പ്രളയം കീഴടക്കിയതും മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ഉള്ളതെല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥികളായത്. കൃഷി നാശത്തിന്റെ കണക്കുകൾ അടുത്തൊന്നും കണക്കാക്കാൻ പോലും കഴിയാത്തത്രയും രൂക്ഷമാണ്. പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതായി കഴിഞ്ഞു. ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പടുന്നവർ അതിജീവനത്തിനായി പോരാടുകയാണ്. അതേ സമയം തന്നെ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. നിനച്ചിരിക്കാതെ വന്ന പേമാരിയിൽ ആദ്യം ഒന്ന് പതറിയെങ്കിലും കൂട്ടായ്മകളുടെ കരുത്തിൽ അതിജീവിക്കാൻ തുടങ്ങി കഴിഞ്ഞു.



രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും സഹായങ്ങളുടെ പ്രവാഹങ്ങൾ തന്നെ ഉണ്ടായി. അത്തരത്തിൽ ഒരു അതിജീവന കഥയാണ് വയനാട്ടിലെ തോട്ടംതൊഴിലാളി ഗ്രാമമായ പൊഴുതനക്കും പറയാനുള്ളത്. മലകളാലും വനങ്ങളാലും ചുറ്റപ്പെട്ട സ്ഥലമാണ് പൊഴുതന. പഞ്ചായത്തിന്റെ 30 ശതമാനം വനമാണ്. പഞ്ചായത്തിന്റെ രണ്ട് അതിരുകളിലും രണ്ട് പുഴയാണ്. ആനോത്ത് പുഴയും വണ്ണാത്തി പുഴയും. പഞ്ചായത്തിന്റെ എല്ലാ ജനവാസ മേഖലകളിലൂടെയും ഒരു പുഴയോ തോടോ ഒഴുകുന്നുണ്ട്. 1500 ലധികം തോട്ടംതൊഴിലാളി കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഇവർ എസ്റ്റേറ്റ് പാടികൾ എന്നറിയപ്പെടുന്ന ഒറ്റമുറി റൂമുകളിലാണ് താമസിക്കുന്നത്. 100 ൽ അധികം ആദിവാസി കോളനികൾ പഞ്ചായത്തിലുണ്ട്. പ്രധാനമായും പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾ. പഞ്ചായത്തിലെ സുഗന്ധഗിരിയിൽ മാത്രം 600 ആദിവാസി കുടുംബങ്ങൾ ഉണ്ട്.


ഏഴാം തിയ്യതി മുതലാണ് അതിശക്തമായ മഴ പൊഴുതനയിൽ ആരംഭിക്കുന്നത്. എട്ടാം തിയ്യതി വൈകുന്നേരമായപ്പോഴേക്കും പുഴകൾ കരകവിഞ്ഞൊഴുകി. അന്ന് തന്നെ ക്യാമ്പുകൾ ആരംഭിച്ചെങ്കിലും ആളുകൾ കൂടുതലായി വരാൻ തയ്യാറായില്ല. എട്ടാം തിയ്യതി രാത്രിയോടെ സ്ഥിതി രൂക്ഷമായി. ആനോത്ത് പുഴ കരകവിഞ്ഞ് പൊഴുതനയിലേക്ക് ഒഴുകി. വണ്ണാത്തിപുഴ തിരിച്ചും ഒഴുകി. പുഴകൾക്കിടയിലെ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. പൊഴുതന ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. മുന്നൂറ് വീടുകൾ പൂർണമായും വെള്ളത്തിനടയിലായി. അപ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊഴികെ മറ്റെല്ലാം ഇവർക്ക് നഷ്ടമായി. നൂറിലധികം കുടുംബങ്ങൾ ടെറസിന് മുകളിൽ അഭയം തേടി. രണ്ട് ദിവസത്തോളം ഇവർ അവിടെ കുടുങ്ങി. ആദ്യ ദിവസങ്ങളിൽ ഇവർ പട്ടിണിയിലായിരുന്നു. ആ സമയങ്ങളിൽ പൊഴുതന പൂർണമായും മറ്റ് സ്ഥലങ്ങളിൽനിന്ന് ഒറ്റപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. പൊഴുതനയിൽ എന്താണ് സംഭവിക്കുന്നത് എന്ന് പുറത്തുള്ളവർ അറിയാത്ത അവസ്ഥയായിരുന്നു.


 തുടർച്ചയായ ഉരുൾപൊട്ടലുകളായിരുന്നു മറ്റൊരു പ്രശ്നം. പഞ്ചായത്തിന്റെ കണക്കുകൾ പ്രകാരം അമ്പതോളം ഉരുൾപൊട്ടലുകളാണ് പൊഴുതനയിൽ മാത്രം ഉണ്ടായത്. ജീവൻ പണയം വെച്ചുള്ള രക്ഷാപ്രവർത്തനമായിരുന്നു ആ സമയത്ത് നാട്ടുകാർ നടത്തിയത്. ഫയർഫോഴ്സിനോ സൈന്യത്തിനോ ആദ്യദിവസങ്ങളിൽ പൊഴുതനയിൽ എത്താൻ കഴിഞ്ഞില്ല. ഭക്ഷണവും അരയിൽകെട്ടി നീന്തിയാണ് നാട്ടുകാർ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണമെത്തിച്ചത്. റോഡുകൾ പലതും ഒഴുകിപ്പോയി. പഞ്ചായത്ത് ഓഫീസ് ഒഴികെയുള്ള മറ്റെല്ലാ സർക്കാർ ഓഫീസുകളിലും വെള്ളം കയറി. ജില്ലയിലെ തന്നെ മികച്ച ഹെൽത്ത് സെന്ററാണ് പഞ്ചായത്തിലേത്. ഇത് പൂർണമായും വെള്ളത്തിലായി. മരുന്നുകൾ പൂർണമായും നശിച്ചു. പന്ത്രണ്ടോളം ക്യാമ്പുകളാണ് പഞ്ചായത്തിൽ തുറന്നത്. ഇതിന് പുറമെ തോട്ടം തൊഴിലാളി കുടുംബങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങി. മഴ കാരണം ആർക്കും ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. രണ്ട് മാസത്തോളമായി ഇവർക്ക് വേതനവും ലഭിച്ചിരുന്നില്ല. പരിമിതികൾക്കിടയിലും സർക്കാർ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചു.

ദുരിതാശ്വാസ സഹായങ്ങൾ ലഭിച്ചിരുന്നെങ്കിലും അതെല്ലാം അപ്പപ്പോൾ തീർന്ന് പോകുന്ന അവസ്ഥയായിരുന്നു. തോട്ടം തൊഴിലാളി മേഖലയിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കേണ്ടതുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരനും കൽപ്പറ്റ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പലുമായ യൂസുഫ് തന്റെ നാട്ടിലെ സ്ഥിതിഗതികൾ വിവരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്ഇടുന്നത്. പോസ്റ്റ് കുറഞ്ഞ സമയംകൊണ്ട് തന്നെ വൈറലായി. പിന്നീടിങ്ങോട്ട് സഹായങ്ങളുടെ പ്രവാഹമായിരുന്നു. സംവിധായകൻ ആഷിഖ് അബു യൂസുഫിനെ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുഫോൺവിളിയെത്തി. തോട്ടം തൊഴിലാളികൾക്കും ആദിവാസികൾക്കും സൗജന്യ റേഷനും ഭക്ഷണ കിറ്റുകളും എത്തിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. തോട്ടം തൊഴിലാളികളുടെ തടഞ്ഞു വെക്കപ്പെട്ട ശമ്പളവും മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കി. പലഭാഗത്ത് നിന്നും ദുരിതാശ്വാസ സഹായങ്ങളുമായി പൊഴുതനയിലേക്ക് വണ്ടികൾ വന്നു. ഇവ കൃത്യമായി തരം തിരിച്ച് യൂസുഫും കൂട്ടരും ദുരിതമനുഭവിക്കുന്നവർക്കിടയിൽ വിതരണം ചെയ്തു. ക്യാമ്പുകളും മികച്ച രീതിയിൽ മുന്നോട്ട് പോയി.

വെള്ളമിറങ്ങി തുടങ്ങിയതോടെ പതിയെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ് ഇവിടെ. ക്യാമ്പുകൾ ഒന്നാക്കി ചുരുക്കി. എങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല. പലതും ആദ്യ ഘട്ടം മുതൽ വീണ്ടും നിർമ്മിക്കേണ്ട അവസ്ഥയാണ്. ഉരുൾപൊട്ടലുകൾ ഉൾപ്പടെയുള്ള ദുരിതങ്ങൾ അനുഭവിച്ച കുട്ടികൾ ഉൾപ്പടെയുള്ളവർ അതിന്റെ നടുക്കത്തിലാണ് ഇപ്പോഴും. അവരെയൊക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ഹെൽത്ത് സെന്റർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ പുനഃസ്ഥാപിക്കണം. വീട് നഷ്ടപെട്ടവർക്ക് വീടുകൾ നിർമ്മിക്കണം. മനുഷ്യ സ്നേഹികളുടെ കരുത്തിൽ അതെല്ലാം നടക്കുമെന്നാണ് പെഴുതനക്കാരുടെ പ്രതീക്ഷ.
Previous Post Next Post
3/TECH/col-right