Trending

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്:തിരുത്താന്‍ രക്ഷിതാക്കളെ നടത്തരുതെന്ന് പരീക്ഷാഭവന്‍

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്താന്‍ രക്ഷിതാക്കളെ തിരുവനന്തപുരത്തേക്ക് നടത്തരുതെന്ന് പരീക്ഷാഭവന്‍.

ലഭിക്കുന്ന അപേക്ഷകള്‍ അന്നന്ന് പ്രത്യേക ദൂതന്‍ വഴി കൊടുത്തയച്ച് ശരിയാക്കി പുതിയവ വിദ്യാലയങ്ങള്‍ വഴി വിതരണം ചെയ്യണം. ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പ്രത്യേക ഫീസും ഈടാക്കരുത്.

ജൂലായ് 20-ന് പരീക്ഷാഭവന്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്. നേരത്തെ മേയ് 30-ന് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും കൃത്യമായി പാലിക്കാത്തതിനാലാണ് പുതിയ ഉത്തരവ് ഇറക്കിയത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ ഓഫീസുകള്‍ വഴി വിതരണം ചെയ്‌തെങ്കിലും പലതിലും പരീക്ഷാ സെക്രട്ടറിയുടെ ഒപ്പോ സീലോ ഇല്ലാതെയും പ്രിന്റ് തെളിയാതെയോ ആണുണ്ടായിരുന്നതെന്ന് പരാതിയുയര്‍ന്നിരുന്നു.

ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യരുതെന്നും അവ ജില്ലാ ഓഫീസുകള്‍ വഴി തിരിച്ചുനല്‍കി പുതിയവ വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂൾ അധികൃതരും രക്ഷിതാക്കളും നേരിട്ട് പരീക്ഷാ ഭവനിലെത്തുന്ന അവസ്ഥയാണിപ്പോള്‍. ഇത് തുടരരുതെന്നും തകരാറുകളുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂൾ അധികൃതര്‍ ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിച്ച് അവിടെനിന്ന് പരീക്ഷാഭവനിലെത്തിച്ച് പുതിയ പ്രിന്റുകള്‍ സ്വീകരിച്ച് വിദ്യാലയങ്ങള്‍ മുഖേന കുട്ടികള്‍ക്ക് വിതരണം ചെയ്യണം. ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റിയെടുക്കാന്‍ പ്രത്യേക ഫീസ് ഈടാക്കരുതെന്നും പരീക്ഷാ സെക്രട്ടറി അറിയിച്ചു.

Previous Post Next Post
3/TECH/col-right