Trending

സോഡിയം പോളി അക്രിലേറ്റ് 'രക്ഷകനെ'ക്കുറിച്ച്:ഡോക്ടര്‍ സുരേഷ് സി പിള്ള

പ്രകൃതി ദുരന്തത്തിൽ മുങ്ങിയ കേരളത്തിലെ പലവീടുകളിലും വെള്ളമിറങ്ങിയ ശേഷവും ദുരിതം ബാക്കിയാവുകയാണ്. വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം നീക്കുന്നത് ശ്രമകരമായിരിക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ സോഡിയം പോളി അക്രിലേറ്റ് എന്ന രക്ഷകന്‍ അവതരിച്ചത്. വളരെപ്പെട്ടെന്നു തന്നെ സംഭവം കത്തിപ്പടരുകയും ചെയ്തു.

ഇതാണ് പോസ്റ്റ്... 'സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം.' എന്ന കുറിപ്പോടെയാണ് സംഗതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
എന്നാല്‍ എന്താണ് സോഡിയം പോളി അക്രിലേറ്റ് എന്ന കാര്യത്തില്‍ വലിയ ധാരണയൊന്നുമില്ലാത്ത ആരോ ആണ് ഇതു പ്രചരിപ്പിച്ചെന്നു വ്യക്തം.

സോഡിയം പോളി അക്രിലേറ്റിനെക്കുറിച്ച് ഡോക്ടര്‍ സുരേഷ് സി പിള്ള പറയുന്നതിങ്ങനെ...

സോഡിയം പോളി അക്രിലേറ്റ് 'polyacrylate' എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളില്‍ (ഡയപ്പറില്‍) ഇതേ പോളിമര്‍ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ കെമിക്കല്‍ ഫോര്‍മുല [CH2CH(CO2Na)]n ആണ്. ഇവയ്ക്ക്, ഇവയുടെ ഭാരത്തിന്റെ 200 മുതല്‍ 300 ഇരട്ടിയോളം വെള്ളം വലിച്ചെടുക്കാന്‍ പറ്റും.

സോഡീയം പോളീ അക്രിലേറ്റ് വലിയ അപകടകാരി അല്ല. അപ്പോള്‍ പ്രളയ ജലം കളയാന്‍ ഇത് ഉപയോഗിക്കരുതോ എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ ഇപ്പറയുന്നതുപോലെ പ്രായോഗികം അല്ല കാര്യങ്ങള്‍. ഇത് വെള്ളവും ആയി പ്രവര്‍ത്തിച്ചു gel ആയിക്കഴിഞ്ഞാല്‍ പിന്നെ വെള്ളം കോരി ക്കളയുന്നതിലും പ്രയാസമാകും ഇത് നീക്കം ചെയ്യുന്നത്.

വെള്ളം ഒരു ബക്കറ്റു കൊണ്ടോ, കൂടുതല്‍ ഉണ്ടെങ്കില്‍ പമ്പു വച്ചോ നീക്കം ചെയ്യാം. പരല്‍ പോലെ നീക്കം ചെയ്യാം എന്നൊക്കെ വായിച്ചു. അങ്ങിനെ പറ്റില്ല. കൂടാതെ കലങ്ങിയ വെള്ളത്തില്‍ സ്വാഭാവികമായി അതിന്റെ ആഗിരണ ശേഷി നന്നായി കുറയുകയും ചെയ്യും. ആകെ ഒരു ചെളിക്കുളം പോലെ ആകും. പിന്നെ ഇരട്ടി ജോലി ചെയ്യേണ്ടി വരും.

ഇത് പിന്നെ തൊടിയിലോ, പറമ്പിലോ ഇട്ടാല്‍ അത് ദ്രവിക്കാതെ അവിടെക്കിടക്കും അതും വലിയ പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കും. ചുരുക്കിപ്പറഞ്ഞാല്‍ വെള്ളം, വെള്ളമായി തന്നെ കോരിക്കളയാം അത് മണ്ണില്‍ അലിഞ്ഞു പൊയ്‌ക്കൊള്ളും. സോഡീയം പോളി അക്രിലേറ്റ് വെള്ളത്തില്‍ ആഡ് ചെയ്തു പരിസ്ഥിതി മലിനമാക്കുക മാത്രമല്ല, ജോലിയും ഇരട്ടി ആക്കും…
Previous Post Next Post
3/TECH/col-right