Trending

ഇനിയുമുണ്ട് ചില പ്രളയങ്ങള്‍ കൂടി,സര്‍ക്കാര്‍ തയ്യാറെടുക്കണം;മുരളി തുമ്മാരുകുടി




സംസ്ഥാനത്ത് ഇനിയും കുറേ പ്രളയമുണ്ടാകുമെന്ന് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. കേരളത്തിലെ പ്രളയം പ്രതീക്ഷിച്ചത് പോലെ തീരുകയാണ്. മറ്റ് ദുരന്ത സ്ഥലങ്ങളിലെ അനുഭവങ്ങള്‍ വെച്ച്‌ ഇനി കുറേ പ്രളയങ്ങള്‍ വരാനുണ്ട്. അതിനെ നേരിടാനും സര്‍ക്കാര്‍ സംവിധാനം തയ്യാറെടുക്കണമെന്നും അദ്ദേഹം തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അസസ്‌മെന്റുകാര്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ പ്രളയം വരാനിരിക്കുകയാണെന്നും തുമ്മാരുകുടി വ്യക്തമാക്കി.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇനി വരുന്ന പ്രളയങ്ങള്‍

കേരളത്തിലെ പ്രളയം പ്രതീക്ഷിച്ചതു പോലെ തീരുകയാണ്. മറ്റു ദുരന്ത സ്ഥലങ്ങളിലെ അനുഭവങ്ങള്‍ വെച്ച്‌ ഇനി കുറേ പ്രളയങ്ങള്‍ വരാനുണ്ട്. അതിനെ നേരിടാനും സര്‍ക്കാര്‍ സംവിധാനം തയ്യാറെടുക്കണം.

1. ഇന്ത്യയിലെയും വിദേശത്തെയും മാധ്യമ പ്രവര്‍ത്തകരുടെ പ്രളയം.

2. നാട്ടിലേക്ക് അയക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ ഉള്ള വസ്തുക്കളുടെ പ്രളയം. സുനാമിക്ക് ശേഷം കണ്ടെയ്നര്‍ കണക്കിന് മരുന്നുകള്‍ കുഴിച്ചു മൂടേണ്ടി വന്നു.

3. നാട്ടില്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് കണ്ടുപിടിക്കാന്‍ ഇറങ്ങുന്ന 'നീഡ് അസ്സെസ്സ്മെന്റ്' കാരുടെ പ്രളയം (യു എന്‍, വിവിധ രാജ്യങ്ങളുടെ എയിഡ് ഏജന്‍സികള്‍, അന്താരാഷ്ട്ര എന്‍ ജി ഓ കള്‍ ഇവര്‍ക്കെല്ലാം ഫണ്ട് അയക്കണമെങ്കില്‍ ഒരു നീഡ് അസ്സെസ്സ്മെന്റ് നടത്തണം. ചില രാജ്യങ്ങളില്‍ പത്തില്‍ കൂടുതല്‍ നീഡ് അസ്സെസ്സ്മെന്റുകള്‍ നടക്കും. ക്യാംപില്‍ അപ്പിയിടാന്‍ ടോയ്‌ലറ്റ് ഇല്ലാതെ ഇരിക്കുന്ന ആളോട് പോയി പത്തു പ്രാവശ്യം എന്ത് ആവശ്യമാണ് നിങ്ങള്‍ക്കുള്ളത് എന്ന് ചോദിക്കുന്നതിലെ ഔചിത്യമില്ലായ്മ ഉണ്ടല്ലോ).

4. സന്നദ്ധ പ്രവര്‍ത്തകരുടെ പ്രളയം- ഹെയ്‌ത്തിയിലെ ഭൂകമ്ബത്തിന് ശേഷം ഒരാഴ്ചക്കകം ഞാന്‍ അവിടെ എത്തുമ്ബോള്‍ ആയിരത്തി നാനൂറ് സന്നദ്ധ സംഘടനകള്‍ അവിടെ എത്തിക്കഴിഞ്ഞു. അവര്‍ക്ക് താമസിക്കാന്‍ സ്ഥലവും ഭക്ഷണവും അറേഞ്ച് ചെയ്യാന്‍ യു എന്‍ ഏറെ ബുദ്ധിമുട്ടി. 'ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് ' എന്ന് ഒരു പറ്റം ആളുകള്‍ എന്നോട് ചോദിച്ചു. 'നീ എന്താണ് ചെയ്യേണ്ടത് എന്ന് നിനക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക്, ഞാന്‍ പറഞ്ഞു തരാം' എന്ന അപ്പു ഡയലോഗ് മനസ്സിലോര്‍ത്ത് ഞാന്‍ പറഞ്ഞു 'മക്കള്‍ കയ്യിലുള്ള കാശ് മുഴുവന്‍ ഇവിടെ ലോക്കല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ അടുത്ത് കൊടുത്തിട്ട് അടുത്ത വണ്ടിക്ക് സ്ഥലം വിട്ടോളൂ, അതാണ് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം'.

5. 'ഇപ്പൊ ശരിയാക്കുന്നവരുടെ' പ്രളയം. ഈ രംഗത്ത് ഒരു പരിചയവും ഇല്ലെങ്കിലും ആത്മാര്‍ത്ഥത കാരണം ഓരോ പുതിയ ആശയങ്ങളുമായി വരുന്നവരുടെ സംഘം.

6. മയിലെണ്ണ കച്ചവടക്കാരുടെ പ്രളയം. ദുരന്ത കാലം തട്ടിപ്പുകാരുടെ ചാകരക്കാലം കൂടിയാണ്. ഉദാഹരണത്തിന് ദുരന്തകാലത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനം വലിയ ഒരു പ്രശ്നമാണ്. ഇതിന് സര്‍ക്കാരിന്റെ കയ്യില്‍ ഒരു സൊല്യൂഷനും ഇല്ല. അപ്പോള്‍ ഞങ്ങള്‍ നേപ്പാളില്‍ ഇങ്ങനെ ശരിയാക്കി അല്ലെങ്കില്‍ തായ്‌ലന്‍ഡില്‍ അങ്ങനെ ശരിയാക്കി എന്നൊക്കെ പറഞ്ഞു ഓരോരുത്തര്‍ വരും. നമ്മള്‍ അറിയാതെ അതില്‍ പോയി വീഴുകയും ചെയ്യും.

7. ദുരന്ത ടൂറിസ്റ്റുകളുടെ പ്രളയം. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ദുരന്തം കാണാന്‍ എത്തുന്നവരുടെ പ്രളയമായിരിക്കും കുറച്ചു കാലം.

ഇങ്ങനെ വരുന്നവര്‍ക്കൊക്കെ അവരുടെ നില അനുസരിച്ചു മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്ബര്‍മാരെ വരെ കാണണമെന്ന് പറയും. ദുരന്ത നിര്‍വഹണത്തിന് ഉപയോഗിക്കേണ്ട പ്രധാനമായ സമയം അങ്ങനെ പോവുകയും ചെയ്യും.

ഈ വരുന്ന സംഘങ്ങളില്‍ പലരുടേയും സഹായം നമ്മുടെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമുണ്ട്. അതൊഴിവാക്കാന്‍ പറ്റില്ല. ഇവരെ മാനേജ് ചെയ്യാന്‍ തന്നെ ഒരു സംഘം നമുക്ക് സംസ്ഥാന തലം തൊട്ടു പഞ്ചായത്ത് തലം വരെ വേണം. നന്നായി ഭാഷ സംസാരിക്കാന്‍ അറിയാവുന്ന എക്സ്ട്രോവേര്‍ട്ട് ആയിട്ടുള്ള വോളണ്ടീയര്‍മാരെ ഇതില്‍ നിയമിക്കണം.

(വലിയ ദുരന്തങ്ങള്‍ കണ്ടു പരിചയമില്ലാത്തവര്‍ക്ക് ഇതൊരു പ്രധാനമായ പോസ്റ്റല്ല എന്ന് തോന്നാം).
മുരളി തുമ്മാരുകുടി

D D D
Previous Post Next Post
3/TECH/col-right