തിരുവനന്തപുരം: പ്രളയകാലത്തെ ജര്‍മ്മന്‍ യാത്രയില്‍ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി കെ.രാജു. പ്രളയസമയത്ത് കേരളത്തിലില്ലാതിരുന്നത് തെറ്റ് തന്നെയാണ്. പ്രളയം രൂക്ഷമായത് താന്‍ ജര്‍മനിയില്‍ പോയശേഷമായിരുന്നു. ജര്‍മനിയില്‍നിന്ന് മടങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടിക്കറ്റ് ലഭിക്കാതിരുന്നത് മൂലമാണ് മടങ്ങി വരവ് വൈകിയതെന്ന് കെ രാജു വിശദമാക്കി.
ദുരന്തമേഖലയായി മാറിയ കോട്ടയത്തിന്റെ ചുമതലുണ്ടായിരുന്ന മന്ത്രി, മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരിപാടിക്കായി ജര്‍മ്മനിയിലേക്ക് പോയ സംഭവം ഏറെ വിവാദമായിരുന്നു. സന്ദര്‍ശന വേളയില്‍ വകുപ്പ് കൈമാറിയത് മുഖ്യമന്ത്രി അറിയാതെയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
ഓഗസ്റ്റ് 15നു കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്ത മന്ത്രി 16നു ജര്‍മനിയിലേക്കു പോകുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയില്ലാതെയാണ് വകുപ്പ് ചുമതല കൈമാറിയതെന്നും റിപ്പോര്‍ട്ടുണ്ട്. കോട്ടയത്തിന്റെ ദുരിതാശ്വാസ ചുമതലയുണ്ടായിരുന്ന രാജു ആ ചുമതല മന്ത്രി പി. തിലോത്തമന് കൈമാറിയ ശേഷമാണ് ജര്‍മനിയിലേക്ക് പോയത്. കൈമാറ്റം മുഖ്യമന്ത്രി അറിയാതെയാണു നടന്നതത്രെ. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വിദേശയാത്രയാണ് രാജുവിന് വിനയായത്. ഒരു മന്ത്രിയുടെ ചുമതല കൈമാറുമ്പോള്‍ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്ന നിബന്ധനയും രാജു പാലിച്ചില്ല. ചുമതല കൈമാറുന്നതായി സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതി രാജു മന്ത്രി തിലോത്തമന് കൈമാറുകയായിരുന്നു.
അതേസമയം മന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരേ സി.പി.ഐക്കുള്ളില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ഒരു മാസം മുന്‍പാണ് രാജു ജര്‍മന്‍ യാത്രയ്ക്കുള്ള അനുമതി തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്‍കി. എന്നാല്‍, അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല.
കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചന ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം സി.പി.ഐ നേതൃത്വത്തില്‍ ശക്തമാണ്. ശക്തമായ നടപടി വേണമെന്ന ആവശ്യത്തിലാണു മുതിര്‍ന്ന നേതാക്കള്‍.
Tags:
KERALA