Trending

കേന്ദ്ര നിലപാടിനെതിരെ തുറന്നടിച്ചു കേരള ധന മന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 700 കോടിയുടെ യു.എ.ഇ സര്‍ക്കാര്‍ സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന നയമാണ് കേന്ദ്രം പിന്തുടരുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.



കേരള സര്‍ക്കാര്‍ വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടില്ല . പക്ഷെ യു എ ഇ സര്‍ക്കാര്‍ മഹാമാനസ്‌കതയോടെ 700 കോടി രൂപ  നല്‍കാം എന്ന വാഗ്ദാനം മുന്നോട്ടു വച്ചു . തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ഒരു വിദേശ രാജ്യം നല്‍കുന്നത് ഒരു കുറച്ചില്‍ ആയി തോന്നിയിരിക്കണം . അത് കൊണ്ട് കേന്ദ്രത്തിന്റെ അനൌദ്യോഗിക നിലപാട് അത്തരം സംഭാവന വേണ്ടെന്നാണ്.– തോമസ് ഐസക് പറഞ്ഞു.

യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം , കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് . ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് ‘ദേശീയ ദുരന്ത നിവാരണ പദ്ധതി 2016’ ല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള ‘ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍’ എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് .

അത് കൊണ്ടാണ് ഇതു നിയമത്തിണോ നയത്തിനോ എതിരല്ല എന്ന് പറയുന്നത്. ഇത് വാങ്ങാന്‍ അനുവദിക്കാതിരിക്കുന്നത് രാഷ്ട്രീയ വിവേചനം മാത്രമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെയും ഇത്തരത്തില്‍ ദുരന്ത കാലത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മിഥ്യാ ബോധവും ജാള്യതയും മാറ്റി വച്ച് കേരളത്തിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സഹായകമായ നിലപാട് സ്വീകരിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
Previous Post Next Post
3/TECH/col-right