ലഘു ഭക്ഷണ ശാലകളും കൂടുതല്‍ ഇരിപ്പിടങ്ങളും ഒരുക്കി മാനാഞ്ചിറയെ മനോഹരിയാക്കാന്‍ പുതിയ പദ്ധതികളുമായി നഗരസഭ. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കോര്‍പ്പറേഷന്റെയും ആഭിമുഖ്യത്തിലുള്ള രണ്ട് പദ്ധതികളാണ് മാനാഞ്ചിറ മൈതാനത്തിന് പുതു മോടിയേകാന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതില്‍ നഗരസഭയുടെ കീഴിലുള്ള പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി ഇനിയും അനുമതി കാത്തു കിടക്കുകയാണ്.
1.7 കോടി രൂപയുടെ പദ്ധതിയാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടപ്പാക്കുക. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 85 ലക്ഷം രൂപയുടെ നവീകരണ പദ്ധതികളാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. അവ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ തുകയുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാറില്‍ നിന്നും 30 ശതമാനം സംസ്ഥാന സര്‍ക്കാറില്‍ നിന്നും ലഭിക്കും. 20 ശതമാനം തുക കോര്‍പ്പറേഷനാണ് വഹിക്കുക. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാനഞ്ചിറ മൈതാനം നവീകരിച്ച് കഴിയുന്നതോടെ അതിനെ പരിചരിച്ച് നിലനിര്‍ത്താനുള്ള വഴികളും നഗരസഭ സ്വീകരിക്കും.
പുതിയ കവാടം, മഴവീട്, കുളത്തിനും സ്‌ക്വയറിനും സംരക്ഷണ ഭിത്തികള്‍, നടപ്പാത, വേലികള്‍, കുട്ടികള്‍ക്കുള്ള റൈഡുകള്‍, ലൈറ്റിംഗ്, ജലധാര, മഴവീടുകള്‍ എന്നിവയാണ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ പണിയുന്നത്. കുടിവെള്ളത്തിനായുള്ള സൗകര്യമൊരുക്കലും. മഴവീടുകള്‍ നിര്‍മിക്കുന്ന ജോലിയുമാണ് ഇപ്പോള്‍ നടക്കുന്നത്. ബി.ഇ.എം സ്‌കൂളിന് എതിര്‍വശത്തെ പുതിയ കവാടമാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടുതല്‍ ഇരിപ്പിടങ്ങള്‍, ലഘു ഭക്ഷണശാല, ഓപണ്‍ സ്റ്റേജ്, ടോയ് ലൈറ്റ് കോപ്ലക്‌സ്, നടപ്പാതയിലെ ടൈലുകള്‍ മാറ്റല്‍, മരങ്ങളില്‍ പുതിയ സ്‌പോട്ട് ലൈറ്റുകള്‍ സ്ഥാപിക്കല്‍, പ്രതിമകളുടെ നവീകരണം എന്നിവയാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടപ്പാക്കുന്നത്.
Tags:
KOZHIKODE