Trending

കുടുംബശ്രീ കെട്ടിട നിര്‍മ്മാണ രംഗത്തേക്കും: ജില്ലയിലെആദ്യനിര്‍മാണ യൂണിറ്റിന് പുതുപ്പാടിയിൽ തുടക്കമായി


 പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 10 പട്ടികവര്‍ഗ വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ജില്ലയിലെ ആദ്യ കെട്ടിട നിര്‍മാണ യൂണിറ്റ്. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിലെ 20-ാം വാര്‍ഡ് പയോണ പട്ടികവര്‍ഗ കോളനിയിലെ പ്രിയം കുടുംബശ്രീ അംഗങ്ങളുടെ ഈ സംരംഭം മട്ടിക്കുന്ന് വാര്‍ഡിലെ മൈഥിലി എന്ന ലൈഫ് ഗുണഭോക്താവിന്റെ വീടിന്റെ തറക്കല്ലിട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു.

പ്രിയം അയല്‍ക്കൂട്ട അംഗങ്ങളായ സുനിത, ജാനു, ബിന്ദു, സീത, ചന്ദ്രിക, സൗമിനി, ലത, സുമതി, കല്യാണി,ചന്ദ്രിക എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. 53 ദിവസം നല്‍കുന്ന നിരന്തര പരിശീലനത്തിലൂടെയാണ് ഇവര്‍ നിര്‍മാണ രംഗത്തേക്ക് ചുവടുറപ്പിക്കുക. പരിശീലന ചെലവ് കുടുംബശ്രീ മിഷന്‍ വഹിക്കും. ആദ്യ ഘട്ടത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍ സ്വന്തം നിലയില്‍ വീട് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത, ആരും തുണയില്ലാത്ത ഗുണഭോക്താക്കളുടെ വീട് നിര്‍മാണം ഏറ്റെടുത്തു പൂര്‍ത്തികരിക്കും. പിന്നീട് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ഏറ്റെടുത്തു നടത്തുന്ന വീടുകളും നിര്‍മ്മിച്ച് നല്‍കും.

ഒരു വീട് നിര്‍മ്മാണത്തിലെ തറയുടെ പ്രവൃത്തി മുതല്‍ ബെല്‍റ്റ് വാര്‍ക്കല്‍, പടവ് പണി, കോണ്‍ക്രീറ്റ്, വയറിംഗ്, തേപ്പ്, പെയിന്റിങ്ങ് തുടങ്ങി എല്ലാ മേഖലകളും ഉള്‍പെടുന്നതാണ് 53 ദിവസത്തെ പരിശീലനം. പരിശീലന കാലയളവില്‍ 200 രൂപ സ്റ്റൈപ്പന്റും ഭക്ഷണവും നല്‍കും. പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഈ ഗ്രൂപ്പ് സര്‍ക്കാര്‍ അംഗീകാരമുള്ള നിര്‍മാണ ഏജന്‍സിയായി മാറുകയും സര്‍ക്കാരിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ പോലുമില്ലാതെ ഇവര്‍ക്ക് ചെയ്യാനും സാധിക്കും.
Previous Post Next Post
3/TECH/col-right