Trending

തോട്ടം തൊഴിലാളികള്‍ക്ക് വിതരണത്തിനെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍

കല്‍പ്പറ്റ: മഴയും വെള്ളപ്പൊക്കവും മൂലം ജോലിയില്ലാതായ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി ലേബര്‍ കമ്മീഷണര്‍ വഴി ജില്ലയിലെത്തിച്ച ലോഡ് കണക്കിന് ഭക്ഷ്യവസ്തുക്കള്‍ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നു.
ഇതോടെ നൂറ് കണക്കിന് തോട്ടംതൊഴിലാളികളാണ് തിരുവോണദിനത്തില്‍ ദുരിതത്തിലായത്. വ്യാഴാഴ്ച രാത്രിയാണ് മൂന്ന് ലോറി ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന അവശ്യസാധനങ്ങള്‍ വയനാട് ജില്ലയിലെത്തിയത്. ദുരിതമനുഭവിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി തിരുവനന്തപുരം ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ ജില്ലയിലേക്കയച്ചത്.



പഞ്ചസാര, പാല്‍പ്പൊടി, ബിസ്‌കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് ജില്ലയിലെത്തിയത്. എന്നാല്‍ വ്യാഴാഴ്ച രാത്രി ജില്ലയിലെത്തിയ ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ ഒരു പാടികളിലും ഇതുവരെയും വിതരണം ചെയ്തിട്ടില്ല. മാത്രവുമല്ല, തോട്ടം മേഖലകളില്‍ പെട്ട പ്രദേശങ്ങളിലൊന്നും ഇറക്കാതെ പള്ളിക്കുന്നിലെ സ്വകാര്യ ഗോഡൗണിലാണ് വസ്തുക്കള്‍ ഇറക്കിയതും.തോട്ടം മേഖലയല്ലാത്ത ഇവിടെ സാധനങ്ങളിറക്കയതില്‍ നാട്ടുകാര്‍ തന്നെ സംശയം ഉയര്‍ത്തിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി സമയത്ത് മിലിലോറികള്‍ കണ്ടതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. പല മിനി ലോറികളിലും ഗോഡൗണില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുപോയതായും നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. 

അതേസമയം ഗവണ്‍മെന്റ് ഫണ്ടുപയോഗിച്ച് വാങ്ങിയ ഭക്ഷ്യവസ്തുക്കളല്ല ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.തിരുവനന്തപുരം ലേബര്‍ കമ്മീഷന്‍ ഓഫിസ് മുഖേന വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സംഘടിപ്പിച്ച് തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടു വന്നതാണന്നും സ്വകാര്യ ഗോഡൗണായതിനാല്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നതായും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം തന്നെ തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും രേഖാമൂലം ആരും പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്പളക്കാട് പോലിസ് അറിയിച്ചു. ഏതായാലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് തോട്ടം തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുന്നത്. ഓണക്കാലത്ത് ആര്‍ക്കും ഉപകാരപ്പെടാതെ സ്വകാര്യ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ് ലോഡ് കണക്കിന് ഭക്ഷ്യവസ്തുക്കള്‍.
Previous Post Next Post
3/TECH/col-right