തിരുവനന്തപുരം:പ്രളയ ദുരന്തത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുള്ള അവഗണ തുടരുന്നു. സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണ സൗജന്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. കേന്ദ്ര അവഗണനക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മണ്ണെണ്ണയുടെ വില കുറക്കാന്‍ കേന്ദ്രം തയ്യാറായി. കേരളത്തിന് അധികമായി അനുവദിച്ച 12000 ലിറ്റര്‍ മണ്ണെണ്ണക്ക്  42 രൂപയായി കുറച്ചു.  ലിറ്ററിന് 70 രൂപയാണ് കേന്ദ്രം വിലയിട്ടിരുന്നത്. 12,000 ലിറ്റര്‍ മണ്ണെണ്ണയാണ് കേരളത്തിന് അധികമായി അനുവദിച്ചത്.
പ്രളയം കണക്കിലെടുത്ത് കേരളത്തിന് നല്‍കുന്ന മണ്ണെണ്ണയ്ക്ക് സബ്‌സിഡി ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേന്ദ്രം നിരാകരിക്കുകയായിരുന്നു. വില കുറച്ചെങ്കിലും ലിറ്ററിന് 43 രൂപ വീതം കേരളം നല്‍കേണ്ടിവരും. സബ്‌സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. കേന്ദ്രം കേരളത്തിന് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും അവഗണന തുടരുകയാണ്.


നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം വിവാദമാവുകയും ജനരോക്ഷം ഉണ്ടാകുകയും ചെയ്തതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ വിശദമാക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചും ഇതുവരെ ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല.