Trending

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ തയ്യാറാവാതിരുന്ന ഭക്ഷ്യവകുപ്പ് ഡ്രൈവറെ സസ്പെന്റ് ചെയ്തു.

താമരശ്ശേരി:താമരശേരി താലൂക്ക് സപ്ലൈ ഓഫീസിലെ ഡ്രൈവര്‍ (സീനിയര്‍ ഗ്രേഡ്) എന്‍ അസഫ് അലിയെയാണ് ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

താലൂക്കിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആവശ്യാര്‍ഥം ഓടുന്നതിന് താലൂക്ക് സപ്ലൈ ഓഫീസറുടെ വാഹനം ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം 16ന് താലൂക്കില്‍ ഹാജരാക്കിയിരുന്നു എന്നാല്‍ ഡ്രൈവര്‍ അസഫ് അലി ഹാജരായില്ല. ഇയാള്‍ എത്താത്തതിനാല്‍ ദിവസക്കൂലിക്ക് പകരം ആളെ വെച്ചാണ് അന്ന് വാഹനം ഓടിയത്. 



17ന് ഇയാള്‍ ഹാജരാവുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ടയര്‍ പഞ്ചറായപ്പോള്‍ സഹായിക്കാതിരിക്കുകയും ചെയ്തു.  നാട്ടുകാരുടെ സഹായത്തോടെയാണ് പ്രശ്നം പരിഹരിച്ചത്. 18ന് ഇയാള്‍ വാഹനവുമായി ഹാജരാവുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ഓടിക്കാന്‍ തയ്യാറല്ലെന്ന് അറിയിക്കുകയും വാഹനം ലോഗ് ബുക്ക് സഹിതം താലൂക്ക് ഓഫീസ് പരിസരത്ത് വെച്ചു പോകുകയും ചെയ്തുവെന്ന് തഹസില്‍ദാര്‍ കലക്ടറെ അറിയിച്ചിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും കൂടരഞ്ഞി പോലുള്ള ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ള പ്രദേശങ്ങളില്‍ അവശ്യസാധനം എത്തിക്കുന്നതിനും വാഹനം ഇല്ലാത്തത് പ്രയാസമുണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാതെ പ്രവര്‍ത്തിച്ച അസഫ് അലിയുടെ പ്രവൃത്തി ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനവും സര്‍ക്കാര്‍ സേവന വ്യവസ്ഥയ്ക്ക് വിരുദ്ധമായതിനാലും ഇയാളെ ജില്ലാ സപ്ലൈ ഓഫീസര്‍ സസ്പന്റ് ചെയ്യുകയായിരുന്നു.


Previous Post Next Post
3/TECH/col-right