Trending

ബാങ്ക് അക്കൗണ്ട് വിവരങ്ങളില്ല:സഹായം കിട്ടാതെ ആളുകള്‍

തിരുവനന്തപുരം:കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം ലഭിക്കാന്‍ വൈകും. രേഖകള്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 14 ജില്ലകളിലായി 3,91,494 കുടുംബങ്ങള്‍ക്ക് 242.73 കോടി രൂപയാണു വിതരണം ചെയ്യാനായി ധനവകുപ്പ് കൈമാറിയത്. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടുവരെ അയ്യായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് പണം വിതരണം ചെയ്യാന്‍ കഴിഞ്ഞത്. ‘ചില സാങ്കേതിക പ്രശ്നങ്ങളാലാണ് ധനസഹായം വൈകുന്നതെന്നും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും’ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.



സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 3,800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 6,200 രൂപയുമാണു നല്‍കുന്നത്. ജില്ലാ കലക്ടര്‍മാര്‍ക്കാണു വിതരണത്തിന്റെ ചുമതല. പണം അക്കൗണ്ടിലേക്ക് നേരിട്ടാണു നല്‍കുക. രേഖകള്‍  ഇല്ലാത്തതിനാല്‍ ധനസഹായം എത്തിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണു ജില്ലാ ഭരണകൂടങ്ങള്‍. ‘പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അക്കൗണ്ട് നമ്പര്‍ കാണാതെ അറിയില്ല. പാസ്ബുക്കും അക്കൗണ്ട് നമ്പര്‍ എഴുതി ഇട്ടിരുന്ന പേപ്പറുകളും പ്രളയത്തില്‍ നഷ്ടപ്പെട്ടു. അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കുകളുടെ പേര് മാത്രമാണ് പലര്‍ക്കും ഓര്‍മയുള്ളത്’ - ദുരിതാശ്വാസ ഫണ്ട് വിതരണത്തിന്റെ ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു.


പേരുപയോഗിച്ച് ബാങ്കിലെ രേഖകള്‍ കണ്ടെത്തി യഥാര്‍ഥ ഗുണഭോക്താവാണോ എന്നുറപ്പാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഓരോ വില്ലേജിലെയും അര്‍ഹരായ ആളുകളെ കണ്ടെത്തി പണം വിതരണം ചെയ്യേണ്ട വില്ലേജ് ഓഫിസര്‍ക്ക് ക്യാംപുകളുടെയും കിറ്റു വിതരണത്തിന്റെയും മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ചുമതലയുണ്ട്. ഇതിനിടയിലാണ് രേഖകള്‍ കണ്ടെത്താന്‍ ബാങ്കിലേക്ക് പോകേണ്ടതും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉപഭോക്താക്കളെ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. ആപ്പ് നിലവില്‍ വരുന്നതോടെ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു റവന്യൂ വകുപ്പ്.


ധനസഹായത്തിന് അര്‍ഹരായ കുടുംബങ്ങളുടെ എണ്ണം:
 
തിരുവനന്തപുരം - 356 (0.22 കോടി)
കൊല്ലം - 3998  (2.48 കോടി)
പത്തനംതിട്ട  - 33841 (20.98 കോടി)
ആലപ്പുഴ - 76610 (47.5 കോടി)
കോട്ടയം - 40120 (24.87 കോടി)
ഇടുക്കി - 10630 (6.59 കോടി)
എറണാകുളം - 158835 (98.48 കോടി)
തൃശൂര്‍ - 52167 (32.34 കോടി)
പാലക്കാട് - 626 (0.39 കോടി)
മലപ്പുറം - 6918 (4.29 കോടി)
കോഴിക്കോട് - 468 (0.29 കോടി)
വയനാട് - 6792 (4.21 കോടി)
കണ്ണൂര്‍ - 120 (0.07 കോടി)
കാസർകോട് - 13 (0.01 കോടി).



കടപ്പാട്:മനോരമ 
Previous Post Next Post
3/TECH/col-right