Trending

"സ്നേഹപൂര്‍വ്വം കോഴിക്കോട്" പദ്ധതിക്ക് തുടക്കമായി.

കോഴിക്കോട്: ജില്ലാ ഭരണകൂടം പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സ്നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പ്രളയക്കെടുതികള്‍ക്ക് ഇരയായി വീടുകളില്‍ സര്‍വ്വം നഷ്ടമായവര്‍ക്ക് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കുന്നതിന് ഉളള പദ്ധതിയില്‍ വേങ്ങേരി വില്ലേജിലെ 10 കുടുംബങ്ങള്‍ക്ക് മുക്കം കാരശേരി ചോനാടന്‍സ് ഗ്രൂപ്പ് സംഭാവന നല്‍കിയ ഫര്‍ണിച്ചറുകളും ഗാര്‍ഹിക ഉപകരണങ്ങളും കളക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ദുരിതബാധിതര്‍ക്ക് കൈമാറി.



ഇതിനകം 200 ഓളം പേര്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ കലക്ടറേറ്റിലെ കോള്‍ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. എ.പ്രദീപ്കമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യുവി ജോസ് സ്നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതി വിശദീകരിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ സാക്ഷരതാ കോഓര്‍ഡിനേറ്റര്‍ ഏകനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു കുടുംബത്തിന് കുറഞ്ഞത് 10000 രൂപയുടെ സാധനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്.
Previous Post Next Post
3/TECH/col-right