Trending

താമരശ്ശേരി ചുരം:വരുമാനത്തെ ബാധിക്കുന്നു

കോഴിക്കോട്:താമരശ്ശേരി ചുരം റോഡിലെ ഗതാഗത പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ വരുമാനത്തെ പോലും പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുത്തു. ചുരം റോഡിൽ 12 കിലോമീറ്ററോളം ഭാഗത്താണ് റോഡ് തകർന്നത്.



തകർന്ന റോഡുകളുടെ വിവരങ്ങളും റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ദേശീയപാത, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതുമരാമത്ത് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിൽ വൈദ്യുതി വകുപ്പ് അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.
4.15 കോടി രൂപയുടെ നാശനഷ്ടമാണ് ജില്ലയിൽ വൈദ്യുതി മേഖലയിൽ സംഭവിച്ചത്. കൃഷി, ജലസേചനം, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായും മന്ത്രിമാർ ചർച്ച നടത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കുടിവെള്ളം വിതരണം കൃത്യമായി നടപ്പാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു. എമർജൻസി കണക്‌ഷനുകൾ സമയബന്ധിതമായി പ്രവർത്തനക്ഷമമാക്കാൻ ബിഎസ്എൻഎല്ലിനു സാധിച്ചെന്ന് കലക്ടർ യു.വി.ജോസ് പറഞ്ഞു. ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ, ഒപ്റ്റിക്കൽ ഫൈബർ, കോപ്പർ കേബിൾ എന്നിവയുടെ അറ്റകുറ്റപ്പണികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
Previous Post Next Post
3/TECH/col-right