Trending

കോഴിക്കോട്: ട്രമഡോൾ ലഹരി ഗുളികകള്‍ പിടി കൂടി.

കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 2640 ട്രമഡോൾ ലഹരി ഗുളികകളുമായി ഗോവിന്ദപുരം പിലാക്കാട്ട് സ്വദേശി വിഷ്ണുപ്രസാദ് ( 28) നെ നടക്കാവ് പോലീസും കോഴിക്കോട് ജില്ല ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് കോഴിക്കോട് കെഎസ്ആർടിസി ബസ്സ് സ്റ്റാൻറിൽ നിന്നും പിടികൂടി. 


 യുവാക്കൾക്കിടയിൽ എസ്.പി എന്ന ഓമനപേരിലറിയപ്പെടുന്ന സ്പാസ്മോ പൊക്രാൻ പ്ലസ് ക്യാപ്സ്യൂളുകൾ കോഴിക്കോട് നഗരത്തിലെ വിദ്യാർത്ഥികളും ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യുവതീ യുവാക്കളുമാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്. ഉപയോഗിച്ച് കഴിഞ്ഞാൽ തിരിച്ചറിയാൻ പറ്റുന്ന രീതിയിലുള്ള ഗന്ധമോ മറ്റോ ഇല്ലാത്തതിനാൽ ഇത്തരം ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ വളരെ പ്രയാസമാണ്.

ചെറിയ അളവിൽ ഉപയോഗിച്ച് തുടങ്ങുന്ന പലരും ചെറിയ കാലയളവിനുള്ളിൽ തന്നെ ഈ ലഹരിക്ക് അടിമപ്പെടാറുണ്ട്. കഠിനമായ വേദനസംഹാരിയായ സ്പാസ്മോ പൊക്രാൻ പ്ലസ് ക്യാപ്സ്യൂൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഈ ലഹരി ഉപയോഗിക്കാതിരിക്കുമ്പോൾ ശരീരവേദനയും വിഷാദവും പോലുള്ള വൈഷമ്യങ്ങൾ ഉണ്ടാവാറുണ്ട്. ഒരു ദിവസം 24 ക്യാപ്സ്യൂൾ വരെ ഉപയോഗിക്കുന്ന നിരവധി യുവാക്കൾ കോഴിക്കോട് ഉള്ളതായി പോലീസ് അറിയിച്ചു. മുൻപ് നിരോധിത മരുന്നുകളുടെ പട്ടികയിൽ ഇല്ലാതിരുന്ന ട്രമഡോൾ കഴിഞ്ഞ ഏപ്രിൽ 26 മുതൽ ആണ് വീണ്ടും നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് മുതൽ കോഴിക്കോട് ട്രമഡോൾ അടങ്ങിയ ലഹരി ഗുളികകളുമായി അഞ്ച് പേർ ഇതു വരെ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

24 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 138 രൂപയാണ് മെഡിക്കൽ ഷോപ്പിലെ വില. നിരോധിത മരുന്നായതിനാൽ സ്ട്രിപ്പിന് 500 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വർഷങ്ങളായി ഈ ഗുളിക ഉപയോഗിച്ചു വരുന്ന വിഷ്ണുപ്രസാദ് തനിക്ക് ലഹരി ഉപയോഗിക്കാൻ ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിത ആദായത്തിനുമാണ് ലഹരിവില്പനയിലേക്ക് കടന്നതെന്നും കർണാടകയിലെ മൈസൂരു, ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം ലഹരി കേരളത്തിലേക്ക് എത്തുന്നതെന്നും ലഹരി ഉപയോഗത്തിലൂടെ ഓണം ബക്രീദ് അവധി ആഘോഷിക്കുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് വിഷ്ണുപ്രസാദ് ഇത്തവണ ഇത്രയധികം കാപ്സ്യൂളുകൾ കോഴിക്കോടെത്തിച്ചതെന്നും പോലീസ് പറഞ്ഞു. 

നടക്കാവ് എസ്.ഐ എസ്.സജീവിന്റെ നേതൃത്വത്തിൽ നടക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ബാബു.ടി.കെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ല ആൻറി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ എ.എസ്.ഐ മുനീർ, സീനിയർ സി.പി.ഒമാരായ മുഹമ്മദ് ഷാഫി.എം, രാജീവ്.കെ, സജി.എം ,സി പി ഒ മാരായ അഖിലേഷ്.കെ, നവീൻ.എ, ജോമോൻ കെ.എ, സോജി.പി,രതീഷ്.കെ, രജിത്ത്ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്.എ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Previous Post Next Post
3/TECH/col-right