Trending

ശുചീകരണത്തിനെത്തിയ രണ്ടുപേരെ പമ്പയാറ്റിൽ കാണാതായി

റാന്നി: പ്രളയജലം കയറിയ വീടു ശുചീകരിക്കാനെത്തിയ രണ്ടു സന്നദ്ധപ്രവർത്തകരെ പമ്പയാറ്റിലെ ഒഴുക്കിൽ കാണാതായി. വയലത്തല കൊച്ചുകാലായിൽ ജേക്കബിന്റെ മകൻ ലഫ്വിൽ(17), കക്കുടുമൺ കല്ലേക്കുലത്ത് സിബി ജോസഫ്(51) എന്നിവരെയാണു കാണാതായത്. റാന്നി മുണ്ടപ്പുഴ പ്ലാവേലിക്കടവിൽ തിങ്കളാഴ്ച മൂന്നുമണിയോടെയായിരുന്നു അപകടം. അങ്ങാടി സ്വർഗീയവിരുന്ന് സഭയുടെ നേതൃത്വത്തിൽ ഇരുവരും ഉൾപ്പെട്ട സംഘം കടവിനു സമീപത്തെ വീടുകൾ വൃത്തിയാക്കിയിരുന്നു.


ഇതിനുശേഷം ലഫ്വിൽ, സിബി, റോജിൻ, രൂപേഷ് എന്നിവർ കൈയും കാലും കഴുകാൻ ആറ്റിലിറങ്ങി. പുതിയതായി ആറ്റിൽ രൂപപ്പെട്ട മണൽത്തിട്ടയിൽ കയറിനിന്നപ്പോൾ ഇത് ഇടിഞ്ഞ് നാലുപേരും വെള്ളത്തിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ രൂപേഷിനെ കയർ എറിഞ്ഞുകൊടുത്തു രക്ഷിച്ചു. റോജിൻ ഒഴുകുന്നതുകണ്ട് ആറ്റുതീരത്തു താമസിക്കുന്ന സഹപാഠി അദ്വൈത് വെള്ളത്തിലേക്കു ചാടി. കുത്തൊഴുക്കിൽ 150 മീറ്ററോളം നീന്തി റോജിനെ കരയ്ക്കെത്തിച്ചു. എന്നാൽ, ലഫ്വിലിനെയും സിബിെയയും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും മുങ്ങൽവിദഗ്ധരും തിരച്ചിൽ നടത്തുന്നുണ്ട്.
Previous Post Next Post
3/TECH/col-right