സംസ്ഥാനം നേരിടുന്നത് ഇതുവരെ ഉണ്ടാകാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമുകളെല്ലാം പരമാവധി സംഭരണ േശഷിയിലെത്തിയിരിക്കുന്നു. മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നാം നടത്തുന്നുണ്ട്. വെള്ളം കയറില്ലെന്ന കണക്കുകൂട്ടലില്‍ സർക്കാർ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ നില വെച്ച് നോക്കിയാല്‍ ഇനിയും വെള്ളം കയറുമെന്നാണ് വിലയിരുത്തല്‍. പെരിയാറിലേക്ക് ഒരു മീറ്ററിലധികം വെള്ളം ഉയരും. അതിനാൽ നദിക്കരകളിൽ ഓരോ കിലോമീറ്റര്‍ പരിസരത്തുള്ളവര്‍ മാറിതാമസിക്കണം. ആലുവയിലും ഇപ്പോൾ വെള്ളമെത്തിയതിെൻറ അരകിലോമീറ്റര്‍ അകലെയുള്ളവര്‍ കൂടി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും കുടിവെള്ളപൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങിയിരിക്കുന്നു. അതിനാൽ റെയില്‍വേയുടെ കുടിവെള്ളം വിതരണം ചെയ്യാൻ ധാരണയായിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി നാട്ടിലുള്ള എല്ലാ ബോട്ടുകളും ഉപയോഗിക്കാനാണ് ആലോചന. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സഹകരിക്കണം. പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ആഭ്യന്ത്രമന്ത്രിയെയും വിളിച്ച് വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങൾ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിെൻറ 40 ടീമുകളെ കൂടി അനുവദിക്കും. 200 ലൈഫ് ബോയിസും 250 ലൈഫ് ജാക്കറ്റും ഉടന്‍ നല്‍കും. ആവശ്യമായ ഉപകരണങ്ങളോടെ പ്രത്യേക സേനയെയും വിന്യസിക്കും. വ്യോമസേന രക്ഷാപ്രവർത്തനത്തിനായി പത്ത് ഹെലികോപ്ടറുകൾ അനുവദിച്ചിട്ടുണ്ട്. ഉച്ചയോടെ പത്തെണ്ണം കൂടി എത്തും. മറൈന്‍ കമാന്‍ഡോസും ജെമിനി ടീമും എത്തിച്ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:
KERALA