കോഴിക്കോട്​/കൽപറ്റ/ തൊടുപുഴ​: സംസ്ഥാനത്ത്​ പലയിടത്തും കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ ഉരുൾ​പൊട്ടലുണ്ടായി. കോഴിക്കോട്​, മലപ്പുറം, വയനാട്​, ഇടുക്കി ജില്ലകളിലാണ്​ ഉരുൾപൊട്ടലുണ്ടായത്​.


കോഴിക്കോട് ജില്ലയിൽ​ പുല്ലൂരാംപാറ മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി​. താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ മണ്ണിടിച്ചിലുണ്ടായി. കോഴിക്കോട്​ കണ്ണപ്പൻ കുണ്ട്​ പുഴയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന്​ സുരക്ഷിത സ്ഥലങ്ങളിലേക്ക്​ ഒാടിരക്ഷപ്പെട്ടവർ ഒറ്റപ്പെട്ടു. ഇവിടെ കഴിഞ്ഞ ദിവസം പുഴ മാറി ഒഴുകി കനത്ത നാശനഷ്​ടങ്ങൾ സംഭവിച്ചിരുന്നു.
വയനാട്​ പൊ​ഴു​ത​ന കു​റി​ച്യ​ർ മ​ല​യിലും മുട്ടിക്കുന്ന്​ വനത്തിലും​ ഉരുൾപൊട്ടലുണ്ടായി​. കുറിച്യർ മലയിലെ മേൽമുറി പ്രദേശത്തെ ഒരു ഭാഗം മുഴുവനായി ഇടിഞ്ഞു​. സമീപ പ്രദേശത്ത്​ താമസിക്കുന്നവരെ അപകടം കണക്കിലെടുത്ത്​ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്​. 
ഇന്നലെ രാത്രിമുതൽ ജനങ്ങൾക്ക്​ പുറത്തിറങ്ങാൻ പറ്റാനാവാത്ത വിതം കുറിച്യർമല വൈത്തിരി ഭാഗത്ത്​ ശക്​തമായ മഴയാണ്​ അനുഭവപ്പെടുന്നത്​​. വ്യാ​ഴാ​ഴ്​​ചയും തിങ്കളാഴ്​ചയും ഏഴ്​ സ്ഥലങ്ങളിലായി വ​ൻ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നിരുന്നു. ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ലം ഒ​ലി​ച്ചു​പോ​വുകയും ചെയ്​തു. 
ഇടുക്കി ജില്ലയിലെ ചുരുളിയിലാണ്​ ഉരുൾപൊട്ടലുണ്ടായത്​. അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞ്​ മൂന്ന്​ വീടുകൾ തകരുകയും തടയണ ഒലിച്ചുപോവുകയുമുണ്ടായി. പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടൽ.
കക്കയം ഡാമിലെ വൃഷ്​ടി പ്രദേശത്ത്​ മഴ ശക്​തമായതിനാൽ കൂടുതൽ വെള്ളം തുറന്നുവിടാൻ സാധ്യതയു​ണ്ടെന്നും പരിസര വാസികൾ ജാഗ്രത പാലിക്കണമെന്നും കക്കയും ഡാം സേഫ്​റ്റി എക്​സിക്യൂട്ടീവ്​ എഞ്ചിനീയർ അറയിച്ചു.