Trending

ലാവ്‍ലിൻ: പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ


ന്യൂഡൽഹി• ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്നു സിബിഐ. സുപ്രീംകോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണു സിബിഐ നിലപാട് വ്യക്തമാക്കിയത്. ലാവ്‌ലിൻ കരാറിൽ പിണറായി അറിയാതെ ഒരു മാറ്റവും വരില്ല. ഹൈക്കോടതി വിധിയിൽ പിഴവുണ്ട്. പിണറായി കാനഡയിലുള്ളപ്പോഴാണു കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറിയത്. ഭീമമായ നഷ്ടമാണ് ഈ കരാറിലൂടെ കെഎസ്ഇബിക്കുണ്ടായത്. എസ്എൻസി ലാവ്‌ലിൻ വലിയ ലാഭമുണ്ടാക്കിയെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു.


പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണു കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്കു നൽകുന്നതിനു പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണു പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാർ ഒപ്പിട്ടതു പിന്നീടുവന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
അതേസമയം, സ്വയം നേട്ടമുണ്ടാക്കാനോ കമ്പനിക്കു നേട്ടമുണ്ടാക്കാനോ പിണറായി ശ്രമിച്ചതായി സിബിഐയുടെ കുറ്റപത്രത്തിലില്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ചു കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി, പിണറായിയെ കുറ്റവിമുക്തനായ വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാർ വ്യവസ്ഥകൾക്കു രൂപംനൽകി നടപ്പാക്കിയതു കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരുമാണ്. കെഎസ്ഇബിക്കു പുറത്തുള്ളവർ പിന്നീടു കടന്നുവന്നു എന്നാണു സിബിഐ പോലും പറയുന്നത്. പിണറായി വൈദ്യുതി മന്ത്രിയായത് കുറഞ്ഞകാലം മാത്രം. ലാവ്‍ലിനും കെഎസ്ഇബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയിൽനിന്നു മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

സിബിഐ പ്രതിപ്പട്ടികയിലെ ആറുപേരിൽ പിണറായി വിജയൻ, വൈദ്യുതി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.മോഹനചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കേസിൽനിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടിയാണു ഹൈക്കോടതി ശരിവച്ചത്. എന്നാൽ, വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചു.
Previous Post Next Post
3/TECH/col-right