Trending

ആകാശത്ത് നിന്ന് മണ്ണിലേക്ക് വെള്ളിനൂലില്‍ ഞാന്നിറങ്ങുന്ന താരങ്ങള്‍ക്കിടയില്‍ ഇതാ എന്റെ പെണ്‍കുട്ടി

മീന്‍ വിട്ട് പഠനത്തിനും ജീവിക്കാനുമുള്ള വക കണ്ടെത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്കും ഹനാന് സിനിമയില്‍ അവസരം നല്‍കിയ അരുണ്‍ ഗോപിക്കും പിന്തുണയുമായി എഴുത്തുകാരന്‍ ലിജീഷ് കുമാര്‍.
മറ്റുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പോലെ മുഖമില്ലാതെ ഉടല്‍ മാത്രമായി മറയേണ്ട ഒരുവളെയാണ് അരുണ്‍ ഗോപി സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് എന്ന് ലിജീഷ് കുമാര്‍ പറയുന്നു.  അരക്ഷിത ജീവിതം  മറികടക്കാന്‍ പഠിക്കുന്നതിനിടയില്‍ മീന്‍ വിറ്റും, ഭക്ഷണം ഉണ്ടാക്കി വിറ്റും പൊരുതുന്ന അവളാണ് എന്റെ താരം എന്ന് അരുണ്‍ ഗോപി പറയുന്നത് മഹത്തരമാണെന്നും ഹനാനൊപ്പമെന്നാല്‍ അരുണ്‍ ഗോപിക്കൊപ്പം എന്ന് തന്നെയാണെന്നും ലിജീഷ് കുമാര്‍ കുറിക്കുന്നു  

ലിജീഷ് കുമാറിന്റെ കുറിപ്പ്

ആകാശത്ത് നിന്ന് മണ്ണിലേക്ക് വെള്ളിനൂലില്‍ ഞാന്നിറങ്ങുന്ന താരങ്ങള്‍ക്കിടയില്‍ ഇതാ എന്റെ പെണ്‍കുട്ടി  ഹാറ്റ്‌സ് ഓഫ് അരുണ്‍ ഗോപി.
....................................................................
ഹനാനെക്കുറിച്ചല്ല, അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്ന അരുണ്‍ ഗോപിയെക്കുറിച്ചാണ്. അവള്‍ക്ക് നല്കിയ സ്‌നേഹം മുഴുവന്‍ നിങ്ങള്‍ റദ്ദുചെയ്ത് കളയാന്‍ തീരുമാനിച്ചത് അരുണ്‍ ഗോപി എന്ന സംവിധായകന്‍ തന്റെ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ അവളുണ്ട് എന്ന് പ്രഖ്യാപിച്ച ശേഷമാണ്. അവള്‍ കള്ളം പറഞ്ഞു എന്നായിരുന്നു പൊടുന്നനെ നിങ്ങള്‍ കണ്ടെത്തിയ പരാതി. അവളുടെ കുടുംബത്തിന്റെ അവസ്ഥ, ഉപേക്ഷിച്ചുപോയ പിതാവ്, മുന്‍പ് പഠിച്ച സ്‌കൂളിലെ കന്യാസ്ത്രീകളുടെ ഉപദ്രവങ്ങള്‍, കഷ്ടപ്പെട്ട് പടുത്തുയര്‍ത്തുന്ന ജീവിതം ഏതായിരുന്നു അവള്‍ പറഞ്ഞ കളവെന്ന ചോദ്യത്തിന് നിങ്ങള്‍ ഭംഗിയായി ഉത്തരം പറഞ്ഞു. ഇപ്പറഞ്ഞതൊന്നുമല്ല, അരുണ്‍ ഗോപി തന്റെ സിനിമയിലേക്ക് അവളെ കാസ്റ്റ് ചെയ്ത ശേഷം പോപ്പുലറാക്കാന്‍ നടത്തിയ ഗിമ്മിക്കാണിക്കണ്ടതെല്ലാം, അതാണവളുടെ കള്ളമെന്ന്. ആണോ അല്ലയോ എന്ന തര്‍ക്കമാണ് തുടരുന്നത്. ആണെങ്കിലെന്താണ് എന്ന ചോദ്യമുന്നയിച്ചാണ് ഞാനീ തര്‍ക്കത്തിലിടപെടുന്നത്.
ആയിരം രൂപ ദിവസ വേതനത്തിന് ആയിരങ്ങള്‍ക്കൊപ്പം മുഖം കാണിക്കാന്‍ പോകുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ നിങ്ങള്‍ക്ക് മനസിലാകുമോ എന്നറിയില്ല. പലപ്പോഴും കഷ്ടപ്പാടുകള്‍ കൊണ്ട് മാത്രമല്ല സര്‍, മുഖമില്ലാത്ത ഉടലുകളാണ് തങ്ങളുടേതെന്നറിഞ്ഞിട്ടും ഓടുന്നവര്‍ക്കൊപ്പം ഓടുകയും പാടുന്നവര്‍ക്കൊപ്പം പാടുകയും ആടുന്നവര്‍ക്കൊപ്പം ആടുകയും ചെയ്യാന്‍ അവരോടിച്ചെല്ലുന്നത് അത്രമേല്‍ സിനിമ അവരെ പ്രലോഭിപ്പിക്കുന്നത് കൊണ്ടു കൂടിയാണ്. ആയിരത്തിലൊരുവളായിരുന്നു ഹനാന്‍.
നിങ്ങള്‍ക്കറിയുമോ സര്‍, ആര്‍ട്ടിലും പ്രൊഡക്ഷനിലുമൊക്കെ വര്‍ക്ക് ചെയ്യുന്ന തൊഴിലാളികളേറെയും സിനിമയിലഭിനയിക്കാന്‍ മോഹിച്ച് നടന്നവരാണ്. സിനിമയോട് അരികു ചേര്‍ന്ന് നില്ക്കുമ്പോള്‍ അവരനുഭവിക്കുന്ന ആനന്ദം എത്ര വലുതാണെന്നോ. വിളിച്ചാല്‍ എളുപ്പം വിളികേള്‍ക്കാവുന്ന ദൂരത്ത് അവര്‍ ജോലി ചെയ്യുന്നത് ഡ്രൈവറായോ വാച്ച്മാനായോ ബെയററായോ ഈ പടത്തില്‍ തങ്ങള്‍ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. ഒരു പെണ്‍കുട്ടിക്ക് അതു പോലും അത്രയെളുപ്പമല്ല സര്‍. അങ്ങനെയൊരുവളായിരുന്നു ഹനാന്‍. ഡബ്‌സ്മാഷുകളിലൂടെയും എഴുതുകയും പാടുകയും ചെയ്ത പാട്ടുകളിലൂടെയും ആങ്കറിങ്ങിലൂടെയും അവള്‍ പാലം നെയ്യാന്‍ നോക്കിയത് സിനിമയിലേക്കാണ്. അവളെയാണ്, മുഖമില്ലാതെ ഉടല്‍ മാത്രമായി മറയേണ്ടിയിരുന്ന അവളെയാണ് അരുണ്‍ ഗോപി സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്.
സെലക്ട് ചെയ്ത ശേഷം കളിച്ച നാടകമായിരുന്നെങ്കിലെന്താണ് സര്‍ കുഴപ്പം. ഒരു മണിമാളികയില്‍ നോട്ടുകെട്ടുകളുടെ ചൂടിലുറങ്ങിയൊരാളെ വേഷം കെട്ടിച്ചിറക്കിയതല്ലല്ലോ സര്‍. അയാള്‍ ലോകത്തോട് പറയാന്‍ ശ്രമിച്ചത് - ഇതാ ഒരു പെണ്‍കുട്ടി, ഉപ്പയുപേക്ഷിച്ച ഒരാള്‍. ഉമ്മയ്‌ക്കൊപ്പം അരക്ഷിത ജീവിതം ജീവിക്കുന്ന ഒരാള്‍. അതിനെ മറികടക്കാന്‍ പഠിക്കുന്നതിനിടയില്‍ മീന്‍ വിറ്റും, ഭക്ഷണം ഉണ്ടാക്കി വിറ്റും പൊരുതുന്ന ഒരു മിടുക്കി. അവളാണ് എന്റെ താരം. ആകാശത്ത് നിന്ന് മണ്ണിലേക്ക് വെള്ളിനൂലില്‍ ഞാന്നിറങ്ങുന്ന താരങ്ങള്‍ക്കിടയില്‍ ഇതാ എന്റെ പെണ്‍കുട്ടി എന്നല്ലേ. എത്ര മഹത്തായ മെസേജാണത്. മണ്ണുവീടിനുള്ളിലിരുന്ന് നക്ഷത്രക്കുപ്പായം തുന്നുന്ന എത്രമാത്രം കുഞ്ഞുങ്ങളെയായിരിക്കും അതാവേശം കൊള്ളിച്ചിട്ടുണ്ടാവുക !
അഭിനയം പഠിച്ചിറങ്ങിയ പ്രൊഫഷണലുകള്‍ക്കിടയില്‍, ലക്ഷങ്ങള്‍ വിലയുള്ള കോസ്‌മെറ്റിക്‌സുകളില്‍ പുനര്‍ജനിച്ച ഉടലുകള്‍ക്കിടയില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ ഓഡിഷനുകള്‍ക്ക് കള്ളങ്ങള്‍ കുത്തിനിറച്ച ബയോഡാറ്റകളുമായി ഓടുന്ന കുട്ടികള്‍, എന്തറിയാമെന്ന ചോദ്യത്തിന് എനിക്ക് മീന്‍ വില്ക്കാനറിയാമെന്നും ഒഴിവുനേരങ്ങളിലെന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഒഴിവു നേരങ്ങളില്ല സര്‍, സ്റ്റോപ്പുകള്‍ തീരെക്കുറവുള്ളൊരു മിന്നല്‍ സര്‍വീസാണെന്റേത് - ഒത്തിരി ദൂരം എനിക്കോടിത്തീര്‍ക്കേണ്ടതുണ്ട് എന്നും മറുപടി പറയുന്നൊരാളെ ഇനി റോള്‍ മോഡലാക്കട്ടെ എന്ന് ഒരു സംവിധായകന്‍ തീരുമെനിച്ചെങ്കില്‍ ആ ഇച്ഛാശക്തിക്ക് കൈയ്യടിക്കാതെ പോകുന്നതെങ്ങനെയാണ്.
വിചിത്രമാണ് നിങ്ങളുടെ നിലപാടുകളും നിലപാട് മാറ്റവും. കേസും പരാതികളുമുയര്‍ന്നപ്പോള്‍ ഒറ്റയടിക്ക് അവളെ വിളിച്ച തെറികളെല്ലാം നിങ്ങള്‍ മാറ്റിവിളിക്കുന്നു. അരുണ്‍ ഗോപിയെ വിളിച്ച തെറികളെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. മനസ്താപമല്ല ഭീതിയും ഞാന്‍ പൊതുബോധത്തിനൊപ്പമല്ലാതായ്‌പ്പോകുമോ എന്ന ആശങ്കയുമാണ് നിലപാടുകള്‍ക്ക് പിന്നില്‍. ഈ ഞാണിന്മേല്‍ കളിക്കാരോട്, സ്വയം കേട്ടുകൊണ്ട് ദിലീഷ് പോത്തന്‍ പങ്കു വെക്കുന്ന ഒരു ഡയലോഗുണ്ട് മഹേഷിന്റെ പ്രതികാരത്തില്‍, അതിതാണ് - 'നീ എവിടെയെങ്കിലും ഒരിടത്ത് ഉറച്ച് നിക്കെടാ നായിന്റെ മോനേ' എന്ന്. സേഫ് സോണ്‍ മാര്‍ക്ക് ചെയ്ത് ഇങ്ങനെ സമര്‍ത്ഥമായി മറുകണ്ടം ചാടാന്‍ ഭയങ്കര തൊലിക്കട്ടി തന്നെ വേണം, സമ്മതിച്ചിരിക്കുന്നു.

Previous Post Next Post
3/TECH/col-right