കൊച്ചി: തങ്ങളുടെ വല ആറുതവണ കുലുക്കിയ മെൽബൺ സിറ്റിയുടെ വല ജിറോണ എഫ്.സി ഗോളടിച്ചുകീറുന്നത് കണ്ട് നെഞ്ചുകലങ്ങിക്കാണും ഡേവിഡ് ജെയിംസിനും കുട്ടികൾക്കും. മെൽബൺ സിറ്റിയുടെ പ്രഹരത്തിന് മുന്നിൽ വിരണ്ടുപോയവർക്കെതിരെയാണ്, കണ്ടതല്ല, കാണാൻ പോകുന്നതാണ് പൂരമെന്ന് ഒാർമിപ്പിച്ച് ശനിയാഴ്ച ജിറോണ ഇറങ്ങുന്നത്. കഴിഞ്ഞ ലാ ലിഗ സീസണിൽ റയൽ മഡ്രിഡിനെ തോൽപിച്ചും ബാഴ്സലോണയെ വിറപ്പിച്ചും വരുന്നവർക്കെതിരെ ബ്ലാസ്റ്റേഴ്സ് എന്ത് അടവുകൾ പ്രയോഗിക്കുമെന്ന് കാത്തിരിക്കയാണ് ആരാധകലോകം.
ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത ആറ് ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്സിന് ജയമൊന്നും സ്വപ്നത്തിൽ പോലുമില്ല. ലക്ഷ്യം ഒന്നുമാത്രം. തോൽവിയുടെ ആഘാതം പരമാവധി കുറയ്ക്കുക. വൈകീട്ട് ഏഴിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. മെൽബണിനെ തോൽപിച്ചുവരുന്ന ജിറോണക്ക് ജയം ആവർത്തിച്ച് കിരീടമാണ് ലക്ഷ്യം. വിദേശ കളിശൈലികളോടും കളിക്കാരോടും കേരള താരങ്ങൾ എങ്ങനെ ചെറുത്തുനിൽക്കുന്നുവെന്ന ടെസ്റ്റ് ഡോസെന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെൻറിൽ മത്സരിക്കുന്നത്. എന്നാൽ, ആദ്യ മത്സരത്തിൽതന്നെ പഠിച്ചുവെച്ച അടവുകളെല്ലാം പാളി. പ്രതിരോധത്തിലെ പിഴവിനൊപ്പം മധ്യനിര പതിവുപോലെ ലക്ഷ്യം കാണാതെ ഉഴറിയപ്പോൾ മെൽബൺ സിറ്റി അടിച്ചുകൂട്ടിയത് അരഡസൻ ഗോളുകൾ. ഗോളടിക്കാൻ കഴിഞ്ഞില്ല എന്നതിനേക്കാൾ വൻ മാർജിനിൽ തോറ്റു എന്നതായിരുന്നു പ്രധാന പ്രശ്നം. കൃത്യമായ പരിശീലനമോ തന്ത്രങ്ങളോ ഇല്ലാതെ കളത്തിലിറങ്ങിയതാണ് ടീമിനു തിരിച്ചടിയായത്. അണ്ടർ-17 ലോകകപ്പിലെ അനുഭവസമ്പത്ത് ഗോളി ധീരജ് സിങ് കളത്തിൽ കാണിച്ചപ്പോൾ കിട്ടിയ അവസരം എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാതെ യുവതാരങ്ങൾ കുഴഞ്ഞു. കൃത്യമായ ഇടവേളകളിൽ മലയാളികൾ ഉൾപ്പെടെ പുതുനിരക്കാരെ കളത്തിലെത്തിക്കാൻ കഴിഞ്ഞുവെന്നതു മാത്രമായിരുന്നു നേട്ടം. അവസാന മത്സരത്തിലേക്കെത്തുമ്പോൾ പോരായ്മകൾ നികത്തി കുറേക്കൂടി മികച്ച കളി പുറത്തെടുക്കുകമാത്രമാകും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുക. ജിറോണക്കെതിരെ മികച്ച ചെറുത്തുനിൽപിനെങ്കിലും കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിനത് നേട്ടമാകും.
പ്രീസീസണിലെ ഏക ലാ ലിഗ ടീമാണ് ജിറോണ. അടുത്ത സീസണിനു മുന്നോടിയായുള്ള സൗഹൃദമത്സരങ്ങളിൽ മിന്നുന്ന പ്രകടനത്തിനു പിന്നാലെയാണ് ജിറോണ കൊച്ചിയിലെത്തിയത്. വിദേശ മണ്ണുകളിൽ തുടർച്ചയായി സന്നാഹ മത്സരങ്ങൾ കളിക്കുന്ന ടീമെന്ന നിലയിൽ വിശ്രമമില്ലാതെ രണ്ടാം കളിക്കിറങ്ങുന്നതൊന്നും ജിറോണയെ വലക്കുന്നില്ല. അതുതന്നെയാകും ബ്ലാസ്റ്റേഴ്സിനെതിരെ അവസാന അങ്കത്തിനിറങ്ങുമ്പോൾ വൈറ്റ്സ് ആൻഡ് റെഡ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ജിറോണയുടെ ഊർജം.
Tags:
SPORTS