Trending

ആദം നെടിയനാട്: മയിലാഞ്ചി മൊഞ്ചിൻറെ ഉസ്താദ്





ബിസ്മിയും പുകൾ ഹംദും വിരുത്തി  കൊണ്ടേ 
ബീരിത നബിയോരിൽ സ്വലാത്തും കൊണ്ടേ ......
മംഗല ഗാനം പാടി തുടങ്ങീടുന്നു........

 നമുക്കിടയിൽ മാപ്പിള കലകളുടെയുടെയും സുബർക്കത്തിലെ ഹൂറിമാരുടെയും കഥ പറയുന്ന ഒപ്പന ഗാനങ്ങളുടെയും പ്രചാരകനും ഗുരുവുമാണ് ഉസ്താദ് ആദം നെടിയ നാട്. 

വട്ടപ്പാട്ട്, ഒപ്പന തുടങ്ങിയ മാപ്പിള കലാരൂപങ്ങളെ കുറിച്ച് വിവിധ പ്രദേശങ്ങളിൽ ക്ലാസുകൾ നയിച്ച് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നറുമണം വീശി ഉസ്താദ് നമുക്കിടയിലൂടെ ചിരിച്ചു കൊണ്ട് ശാന്തനായി നടന്നു പോകുമ്പോൾ വിവിധ മാപ്പിള കലാരൂപങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിവുള്ള ജീവിച്ചിരിപ്പുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ആദം നെടിയനാടെന്ന് നമ്മിൽ പലർക്കുമറിയല്ല.

 ശാരീരിക അവശതകൾ കാരണം ഒപ്പന പരിശീലനം നൽകുന്നത് ഉസ്താദ് നിർത്തുന്നത് വരെ എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂളിനായിരു ന്നു തുടർച്ചയായി സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചത് എന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ശിഷ്യരും നന്ദിയോടെ അയവിറക്കാറുണ്ട്. എന്റെ സഹപാഠികളായ ഒത്തിരി മൊഞ്ചേറും മങ്കമാർക്ക് ഒപ്പനയുടെ താളവും ഇശലിന്റെ ഈണവും പകർന്നത് ഉസ്താദാണെന്ന് അവർ നന്ദിയോടെ സ്മരിക്കുന്നത് കേട്ടിട്ടുണ്ട്

നരിക്കുനി പഞ്ചായത്തിലെ നെടിയനാട് സ്വദേശിയായ ആദം എന്ന വികൃതി പയ്യൻ തന്റെ പിതാവിന്റെ 'പിടി' യിൽ നിന്നും പലപ്പോഴും വഴുതി മാറി നടന്നപ്പോൾ പലരും തെറിച്ച പയ്യനെന്ന് പറയുമ്പോഴും സംഗീതത്തിന്റെതായ മറ്റൊരു സഞ്ചാരപഥം സമാന്തരമായി വെട്ടിത്തെളിക്കുന്ന തിരക്കിലായിരുന്നു ആദം. പക്ഷെ, പിതാവിന്റെ അനുഗ്രഹവും 'കുരുത്തവും' എന്നും ആദമി നൊപ്പമുണ്ടായിരുന്നു. (മുതിർന്നവരെ ബഹുമാനിക്കുന്ന കാര്യം ഒരു കലയാണെങ്കിൽ അതിലും ഒന്നാം സ്ഥാനം ആദം ക്കാക്ക് തന്നെ ലഭിച്ചേനെ) 

ഗിരീഷ് പുത്തഞ്ചേരിയുടെ അമ്മാവൻ ചേളന്നൂർ സുകുമാരൻ (ബേബി) സാറിന്റെകീഴിൽ 8 വർഷത്തിലധികം സംഗീതം പഠിച്ചു. ജീവിത പ്രയാസങ്ങൾക്കിടയിലും 8 വർഷം സംഗീത പഠനത്തിനു മാത്രമായി മാറ്റി വെക്കുക എന്നത് അന്ന് നിസാര കാര്യമല്ല. യാഥാസ്തിക കുടുംബ പശ്ചാതലവും ഗ്രാമീണ പശ്ചാതലവും തന്റെ കലയോടുള്ള അഭിനിവേഷത്തിന് വിലങ്ങുതടിയാ കാൻ ആദം അനുവദിച്ചില്ല എന്നു മാത്രമല്ല അതിന്റെ സാധ്യതകൾ കണ്ടെത്തി.

നെടിയനാട് പ്രദേശത്തെ കലാസ്വാദകരുടെ പൊതുവേദിയായ പട്ടേരി വോയ്സിന്റെ മുഖ്യ പ്രവർത്തകനാകുക വഴി നെടിയ നാട് പ്രദേശത്തിന്റെ കലാ സാംസ്കാരിക പ്രവത്തനങ്ങളുടെ കടിഞ്ഞാൺ ആദമിന്റെയും ഹസൻ നെടിയ നാട് ,അഹമ്മദ് കുട്ടിക്ക, കുഞ്ഞഹമ്മദ് മാസ്റ്റർ തുടങ്ങിയ പട്ടേരി  കൂട്ടായ്മയുടെയും കരങ്ങളിലായി മാറുകയും ചെയ്തു.

ചിരിപ്പിക്കുന്നതോടൊപ്പം മനോഹരമായി ചിരിക്കാൻ കഴിവുള്ള ഉസ്താദിന്റെ കൂടെ ജോലി ചെയ്യാൻ എനിക്ക് അവസരം (ഭാഗ്യം) ലഭിച്ചിട്ടുണ്ട്

ഒരിക്കൽ സ്കൂളിൽ വന്ന അപരിചിതൻ ആദം ക്കായോട് വളരെ അടുത്തിടപഴകിയപ്പോൾ ആളെ മനസിലാകാതെ സംശയിച്ചു നിന്ന അദ്ദേഹത്തോട് നിങ്ങളുടെ കൂടെ പഠിച്ചിരുന്ന ആരെങ്കിലുമാവും എന്ന് ഞാൻ പറഞ്ഞപ്പോൾ അതേ തായാലുമല്ല എന്ന് ഉടൻ മറുപടി പറഞ്ഞു. വീണ്ടും ഞാൻ എന്താ ആ ദം ക്കാ അങ്ങിനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ
''ഞാനതിന് നീ പറഞ്ഞ ആ സ്ഥലത്ത് (സ്കൂളിൽ) പോയിട്ടില്ലല്ലോ '' എന്ന മറുപടി ഓഫീസിൽ പൊട്ടിച്ചിരിയുടെ അലകളുയർത്തി.

പി.പി അബ്ദുറഹിമാൻ മാസ്റ്ററാണ് തന്റെ ഗുരുവും വൈകാട്ടിയുമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്.എം.ജെ.യുടെ ചരിത്ര താളുകളിൽ നിന്റെ കഴിവുപയോഗിച്ച് കലയുടെ ഒരു ഏട് നീ തുറന്ന് വെക്കണം എന്ന് മാഷ് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അതിന് തന്നാലാവും വിധം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നു.

നാടിന്റെ ഹൃദയത്തോട് ചേർന്ന് നിന്ന ഗുരുനാഥൻമാരെ കുറിച്ച് ഞാനെഴുതിയപ്പോൾ
''നീ അങ്ങോട്ട് (പരലോകത്തേക്ക്) ചീട്ടെഴുതി യാത്രയയപ്പ് തുടങ്ങീന്ന് കേട്ടു. കുറച്ചു കൂടി ഞങ്ങളൊക്കെ ഇതിലെ നടന്നോട്ടെ'' എന്ന് കളി പറഞ്ഞിട്ടുണ്ട്.
വായനയിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും അദ്ദേഹം ധാരാളം അറിവു സമ്പാദിച്ചിട്ടുണ്ടെന്ന് അദ്ദേഹവുമായുള്ള നിരന്തര സമ്പർക്കത്തിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ലഭിച്ച അറിവുകൾ പകർന്നു തന്നതിനും കനിഞ്ഞ് നൽകിയ പിതൃതുല്യമായ കരുതലിനും നന്ദി പറയുന്നില്ല .  'നന്ദി' എന്ന രണ്ട് അക്ഷരങ്ങളുടെ പരിമിതി എന്നെ അസ്വസ്ഥനാക്കുന്നത് കൊണ്ട് മാത്രം

നാട്ടുകാർക്ക് ആദം നെടിയ നാട് സംഗീതത്തിന്റെയും മാപ്പിള കലാരൂപങ്ങളുടെയും ഉസ്താദായിരിക്കാം നർമ്മഭാഷണം ആസ്വാദനവും കൈമുതലായി ള്ള അദ്ദേഹം എനിക്ക് ചിരിയുടെ ഉസ്താദാണ്..

തന്ത്രികൾ മീട്ടപ്പെടേണ്ടതാണെന്നത് ഒരു കലാകാരന്റെ അഭിലാഷമാണ്.. 
സംഗീതം ഒരു കലാകാരന്റെ ജീവനാണ്
സംഗീത ഉപകരണം കലാകാരന്റെ ഹൃദയമാണ് .
അത് നിലച്ചാൽ ആ കലാകാരന്റെ ഹൃദയം നിലച്ചു.

തന്റെ കൈവിരലുകൾക്ക് പഴയ വഴക്കം നഷ്ടപ്പെട്ടപ്പോൾ തന്റെ ഹൃദയമായ ഹാർമോണിയം തന്റെ സുഹൃത്തിന് കൊടുത്ത ഹൃദയസ്പർശിയായ കഥ അത് ഏറ്റു വാങ്ങിയ ആളിൽ നിന്നും അറിയാൻ കഴിഞ്ഞു.
ആ തന്ത്രികൾ മീട്ടപ്പെടട്ടെ
ഒപ്പം ആദം ക്കായുടെ ഹൃദയവും ദീർഘനാൾ തുടിക്കട്ടെ.(ആമീൻ)

 അദ്ദേഹത്തിന്റെ ശിഷ്യരിൽ പലരും റിയാലിറ്റി ഷോകളിൽ വിധികർത്താക്കളായും മത്സരാർത്ഥികളായും തിളങ്ങി നിന്ന് പ്രശസ്തിയുടെ പടവുകൾ കയറുമ്പോൾ അദ്ദേഹം സന്തുഷ്ടനാണ്. 

റോഡിന്റെ ഓരം ചേർന്ന് താളാത്മകമായി മണൽ തരികളെ പോലും വേദനിപ്പിക്കാതെ കാഞ്ഞിരമുക്ക് പള്ളിയിൽ നിന്നും ഉസ്താദ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ റുഖിയ ടീച്ചറുടെ വീട്ടിൽ നിന്നും ഒപ്പന ഗാനം കേൾക്കുന്നു ,

''താളപ്പിഴകളെല്ലാം പൊറുത്തീടണേ....
തേനൂറും ഇശൽ കേട്ട് രസിച്ചീടേണേ.''
താളപ്പിഴകളെല്ലാം പൊറുത്തീടണേ....
തേനൂറും ഇശൽ കേട്ട് രസിച്ചീടേണേ

ആ ഒപ്പനക്ക് ദൃശ്യാവിഷ്കാരം നൽകുന്നത് ഉസ്താദ് പഠിപ്പിച്ച എന്റെ സഹോദരിമാരുമാണെങ്കിൽ താളപ്പിഴകളുണ്ടാകില്ലെണ് എനിക്കുറപ്പാണ്.













- ഉനൈസ് എളേറ്റിൽ
Previous Post Next Post
3/TECH/col-right