"സൈലന്റ് സ്ക്രീം'' എന്നാൽ 'അടക്കിപ്പിടിച്ച തേങ്ങൽ'..... ആദിവാസി സമൂഹത്തിന്റെ വേദന അറിയിക്കാൻ ഇതിലും നല്ല വാചകമുണ്ടോ?
OK ജോണിയെന്ന ചലചിത്ര പ്രവർത്തകന് ദേശീയ അവാർഡ് നേടികൊടുത്ത ഡോക്യുമെന്ററി, ആ തേങ്ങലിന്റെ ആഴം എത്രയെന്ന് എനിക്കിനിയും മനസിലായിട്ടില്ല,
ഒരു പക്ഷേ അതായിരിക്കാം എളേറ്റിൽ മാളിയേക്കൽ മുഹമ്മദിന്റെ വീട്ടിലെ വിവാഹ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പുൽപള്ളി ചിതലയം പൂവഞ്ച് കോളനിയിലെ പണിയ സമുദായത്തിലെ ബാലന്റെ അരികിൽ എന്നെ എത്തിച്ചത് ... വീട്ടുകാരിയുടെ അയൽവാസിയായ അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് വീടൊരുക്കാനും കല്യാണം കൂടാനും മാളിയേക്കൽ എത്തിയിട്ടുണ്ട്.
വിവാഹ ബഹളത്തിലൊന്നും ചേരാതെ പറമ്പിലെ പണിപുരയിൽ ഒതുങ്ങിയ കാടിന്റെ പുത്രനെ കണ്ടപ്പോൾ അത്ഭുതം തോന്നിയില്ല.. അവരങ്ങിനെയാ, നമ്മുടെ ബഹളങ്ങളൊന്നിലും അവർ ചേരില്ല ......
മധു എന്നാൽ തേൻ, കേൾക്കുമ്പോൾ സുഖമുള്ള വാക്ക്......
എന്നാൽ ഇന്ന് "മധു " എന്ന രണ്ടക്ഷരത്താൽ നാം തല താഴ്ത്തേണ്ടി വന്നു, ഒരിക്കലും ഉയർത്താനാവാത്ത വിധം......
അടിച്ചു കൊന്നില്ലേ, നമ്മളവനെ .....
അവൻ പ്രതിഷേധിച്ചില്ല, കാരണം, വിശപ്പിനേക്കാൾ വലുതല്ല മരണമെന്ന വനറിയാം' എന്തിനാ നാമവനെ കൊന്നത്, ഒരു പിടി അരി മോഷ്ടിച്ചതിനോ? സവാള എടുത്തതിനോ? കീശയിൽ നിന്ന് ബീഡി കണ്ടതിനോ? ഇതൊന്നും ബാലൻ അറിഞ്ഞിട്ടില്ല എന്ന് തോന്നി, പറഞ്ഞതുമില്ല, വലിയ വലിയ കാര്യങ്ങൾ ഇവർ അറിഞ്ഞിരുന്നുവെങ്കിൽ അവരുടെ ജീവിതം മറ്റൊന്നാകുമായിരുന്നു.
ആദിവാസികൾ ആദിമനിവാസികളല്ലേ ? ദൈവത്തിന്റെ ഭൂമിയിൽ വേലി കെട്ടാതെ ജീവിച്ചു അവർ, വളച്ചുകെട്ടലും, കൈയടക്കലും, അധിനിവേഷവും ആധുനിക മനുഷ്യൻ തീർത്തതല്ലേ.... ദേ .....അവസാനം നമ്മൾ മനസ്സുകൾക്ക് പോലും വേലി കെട്ടി, ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തി ചാടി കടക്കുന്ന കുരങ്ങനും പ്രവിനും എന്ത് റാഡ് ക്ലിഫ് ലൈൻ?, എന്ത് മഗ് മോഹൻ ലൈൻ?
ഇതൊക്കെ ഓർത്ത് ചിരിക്കുന്ന ഇവർ നമുക്ക് മുമ്പിൽ സംസ്കാര ശൂന്യർ, മദ്യസേവകർ , മോഷ്ടാക്കൾ, അങ്ങിനെ പലതും.....
ഒരു മരം മുറിച്ചാൽ പത്ത് മരം കുഴിച്ചിടണമെന്ന ഗോത്ര നിയമം പാലിക്കുന്ന ഇവരെ സംസ്കാര സമ്പന്നരാക്കാൻ ശ്രമിക്കുന്ന ആധുനിക സമൂഹമേ, കുറച്ചു ദിവസത്തേക്കെങ്കിലും ആദിവാസിയാക്, നാട്ടിലെ ഒരു കിണറും വറ്റില്ല, ഒരു പുഴയും നിശ്ചലമാവില്ല, ഒരു ആഗോള താപനത്തെയും പേടിക്കണ്ട, മണ്ണ് കനിയും, നൂറ് മേനിയോടെ .....
ബാലന്റെ അച്ചൻ കറുപ്പൻ, അമ്മ മുരുടി, 4 മക്കർ 2 ആൺ, 2 പെൺ,
സംസാരം കുടുംബ കാര്യം തൊട്ട് വിവാഹ ആചാരകൾ വരെ, തുടികൊട്ടി പാടാത്ത ആചാരങ്ങൾ ഇവർക്കന്യം, ജനനം, വിവാഹം മരണം, എല്ലാ ആചാരങ്ങളിലും ഒരേ ശബ്ദം, തുടിയുടേതും, കുഴലിന്റെതും,
"നാമു ഉണ്ടാവുത്തെ ഇപ്പി മലൈ കാട്ടിലാഞ്ചു, ഇപ്പി മലൈ തമ്പിരനും, ഇപ്പിമലൈ കുറുമനും, കൗണ്ടനും കുടിയാഞ്ചു നമ്മെ പുടിച്ചെടുത്തെ ......
നോക്കുമ്പോളേക്കും എന്തേ ആത്തോ ഇപ്പിമല കൗണ്ടേങ്കു നമ്മെ വേണോഞ്ചാത്താ,
കൗണ്ടർ കൊണ്ടുപോയി നോക്കുത്താക്കു ആടെ ആളും കുടുംബണും തിരിവ കാണി, ആളും കുടുംബണും തിരിയണ്ടെ, വിത്ത് തിരിയണ്ടെ, ആണെ കൗണ്ടെ വിളിച്ചാ ഇപ്പിമല കെമ്പാ, കെമ്പി, അവരാണ് നമ്മ ഉത്തപ്പൻ, ഉത്തമ്മ, (ആങ്കളയും, പെങ്കളും)
പണിയ സമുദായത്തിന്റെ ഉത്ഭവ ചരിത്രം തനത് ഭാഷയിൽ വിശദീകരിക്കുന്നതിടയിൽ ഓർമ 20 വർഷം പിന്നോട്ട്..... അന്ധ്യാപക ബിരുദം നേടാൻ വയനാട് കയറിയ ഒരു ചരിത്ര വിദ്യാർത്ഥി ഇറങ്ങുമ്പോൾ
ആദിവാസി സമൂഹത്തിലെ സംസ്കാരത്തോടും പാട്ടിനോടും ഏറെ ചേർന്നിരുന്നു, ഞാനറിയാതെ തന്നെ... നാമിവരെ അറിയേണ്ടിയിരിക്കുന്നു, നമ്മുടെ കുട്ടികളും അറിയേണ്ടിരിക്കുന്നു, യഥാർത്ഥ ഭൂമിയുടെ അവകാശികൾ ആരെന്ന്......
മധുവിനോട് മാത്രമല്ല, മാപ്പെന്ന രണ്ടക്ഷരത്തോടും മാപ്പ്. അടക്കി പിടിച്ച ആ തേങ്ങലിന് ഇന്നും ശമനമായിട്ടില്ല എന്ന ദുഖം എന്നെയും അലട്ടുന്നു, എവിടെ നിന്നെന്നറിയില്ല, അവരുടെ വേദന തുടിതാള അകമ്പടിയോടെ എന്റെ കതിൽ മുഴങ്ങുന്നു....
"ബാണാസുര ഗിരിനിരകളിലും കബനീ നദിയോ രത്തും ...... പെരുകുന്നൊരു വേദനയെന്റെ കരളിൽ നിറയുന്നേ---
ഏനരുമ പെങ്ങളെയിന്നലെ യാരാനും പേപ്പിച്ചേ..... വയനാട് തണുത്ത് നില്ക്കെ വാർത്ത പരക്കുന്നെ, ...
പെണ്ണുങ്ങളൊന്നന്നായി ചങ്കടം പറയുന്നെ...... ആങ്ങളമാർ തലയിൽ മുണ്ടിട്ടാ ചങ്കതി കേൾക്കുന്നെ.....
തിന താളം കൊട്ടുന്നെ, തുടിതാളം മുറുകുന്നെ..... തുടികൊട്ടിൽ തേങ്ങി തേങ്ങി മനതാര് തുറക്കുന്നെ.......
