Trending

എ.കെ മൊയ്‌തീൻ മാസ്റ്റർ: നമ്മെ നയിക്കുന്ന പ്രിയ ഗുരു



ചിലർ വരുമ്പോൾ....... 



എൻറെ കണ്ണുകൾ എനിക്കനുഗ്രഹമായിട്ടുണ്ട്.എന്റെ എണ്ണയിട്ട് ചീകിയൊതുക്കാൻ കഴിയുന്ന മുടി എനിക്കനുഗ്രഹമായിട്ടുണ്ട്... പല്ല് കടിച്ച് പിടിക്കുമ്പോൾ മിടിക്കുന്ന തുടുത്ത കവിളുകൾ എനിക്കനുഗ്രഹമായിട്ടുണ്ട്... നിങ്ങളെ പോലുള്ള കുസൃതിക്കാരെ മെരുക്കാൻ ആ കാലത്ത് ദൈവം തന്ന ഈ അനുഗ്രങ്ങളൊക്കെ തന്നെ മതിയായിരുന്നു ധാരാളം
എളേറ്റിൽ പ്രദേശത്തിന്റെയും പരിസര പ്രദേശത്തെയും മാറ്റത്തിന്റെ ചരിത്രം പറയാനുള്ള MJ ഹയർ സെക്കണ്ടറി സ്കൂളിന് നീണ്ട 15 വർഷക്കാലത്തോളം നേതൃത്വം നൽകിയ എ കെ മൊയ്തീൻ മാസ്റ്ററുടെ ആത്മഗതമാണിത്

എന്തോ പരതി നടക്കുകയാണെന്ന് തോന്നിപ്പിക്കുന്ന കണ്ണുകൾ 1979 മുതൽ 1994 വരെയുള്ള MJ സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ഭീതി നിറഞ്ഞതും എന്നാൽ ഇന്ന് അവർക്ക് ആ നോട്ടവും ശാസനയും സ്നേഹം പൊതിഞ്ഞുവെച്ച കരുതലിന്റെ ,വാത്സല്യത്തിന്റെ എല്ലാം തേനൂറുന്ന ഓർമ്മകളായി മാറുന്നതും എ.കെ.മൊയ്തീൻ മാസ്റ്ററെന്ന ഹൃദയം നിറച്ച് സ്നേഹം മാത്രം കൊണ്ട് നടക്കുന്ന അതികായനെ അടുത്തറിയുമ്പോഴാണ്

രാവിലെ വളരെ നേരത്തെ തന്നെ സ്കൂളിലെത്തുകയും ഭരണകാര്യങ്ങളിലും അക്കാദമിക കാര്യങ്ങളിലും വ്യാപൃതനാകുകയും ചെയ്യുന്ന HM സ്കൂളിന്റെ മുക്കിലും മൂലയിലും ഏത് നിമിഷവും പ്രത്യക്ഷപ്പെടാൻ കഴിവുള്ള അമാനുഷ നായിരുന്നു എന്നായിരുന്നു അന്ന് എന്റെ വിശ്വാസം.( എന്റെ മാത്രല്ല എന്റെ സഹപാഠികളുടെയും ) അത് കൊണ്ട് തന്നെ  അച്ചടക്കത്തിലും പഠന കാര്യത്തിലും അന്നും ഇന്നും മുൻപന്തിയിൽ തന്നെയുണ്ട് MJ



ഫസ്റ്റ് ബെല്ലിന് ശേഷമുള്ള പിറകിൽ കൈ കെട്ടി ആ കണ്ണുകൾ എന്തോ കളഞ്ഞു പോയത് തേടി നടക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന 'റോന്തു ചുറ്റൽ' തുടങ്ങുമ്പോഴേക്കും സ്കൂളിന്റെ ഒരറ്റത്ത് നിന്നും 'ച്ചും ' 'ച്ചും' (H M,H Mഎന്ന് പറയുന്നത് കോറസിൽ കേൾക്കുമ്പോഴുള്ള അനുഭവം)എന്ന് തേനീച്ചക്കൂട്ടിൽ നിന്ന് ഉണ്ടാകുന്നതിന്റെ ഒരു വകഭേദം കുട്ടികളുടെ നാവിൽ നിന്നും ഉത്ഭവിക്കുകയും സ്കൂളാകെ പ്രവചനാതീതമായ നിശബ്ദത ഉടലെടുക്കുന്നതും 25 വർഷങ്ങൾക്ക് മുമ്പുള്ള താ ണെങ്കിലും എനിക്ക് ഇന്നലെ നടന്ന പോലെ ഓർക്കാൻ കഴിയുന്നതും ആ വലിയ വലിയമനുഷ്യൻ അത്രയും ഞങ്ങളുടെ മനസിൽ ഇടം പിടിച്ചത് കൊണ്ടാണ്. അദ്ദേഹം പരതി നടക്കുന്ന ഒന്നു രണ്ടു പേരെയെങ്കിലുംഈറൗണ്ട്സ്നിടയിൽഅദ്ദേഹം കസ്റ്റഡിയിലെടുത്തിട്ടുണ്ടാവും 

എംജെ യിൽ നടന്ന ഗുരുവന്ദനം പരിപാടിയിൽ  സലാം വട്ടോളി ആദരിക്കുന്നു 
ഇംഗ്ലീഷ് അക്ഷരമാലയിലെ HM എന്ന രണ്ടക്ഷരങ്ങൾക്ക് ആകാശത്തിനും മേലെ വ്യാപ്തിയുണ്ടെന്ന് അനുഭപ്പെട്ടത് ആ അക്ഷരങ്ങൾ മൊയ്തീൻ മാസ്റ്ററുടെ പേരിനോട് ചേർത്ത് വെക്കുമ്പോൾ മാത്രമാണ്.  (അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ MJയിൽ പഠിച്ച വർക്ക്) അതിന് ശേഷം നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് വഴികാട്ടിയായി ടോർച്ച് വെട്ടവുമായി നടന്ന  ഈ രണ്ടക്ഷരങ്ങളുടെ ഉടമയുടെ വലിപ്പം അതിനെക്കാൾ എത്രയോ ഉയരത്തിലായിരുന്നു.


1994 ബാച്ചിലെ എന്റെ അനിയൻമാരും അനിയത്തിമാരും എളേറ്റിൽ വ്യാപാര ഭവനിൽ സംഗമിച്ചപ്പോൾ അദ്ദേഹം കോണി കയറി വന്നതും അവിടെ ഘനീഭവിച്ച അച്ചടക്കം പഠന കാലഘട്ടത്തിൽ ഗജരാജ കില്ലാടിയായിരുന്ന (ഇപ്പോൾ പാവം😜) എന്റെ ജ്യേഷ്ടൻ സുറാക്കത്ത്  വാചാലമായി എന്നോട് പറഞ്ഞപ്പോൾ ഒരു നിമിഷം കണ്ണടച്ച് ആ സദസിലെ രംഗം ഞാൻ മനസിൽ കാണാൻ ശ്രമിച്ചതും 38 വയസിന് മുകളിലുള്ള 'എന്റെ അനിയൻമാരും അനിയത്തിമാരും എലികളെ പോലെ പതുങ്ങി നിൽക്കുന്നത് കണ്ട് ഞാൻ സായൂജ്യമടഞ്ഞു.

ചേന്ദമംഗല്ലൂർ, പൂവമ്പായി MMHS തുടങ്ങിയ സ്ക്കൂളുകളിൽ പഠിപ്പിച്ചും ഭരണം നടത്തിയും കഴിവ് തെളിയിച്ച മൊയ്തീൻ മാസ്റ്റർ ഇപ്പോൾ കാണുമ്പോൾ തോളിൽ കൈവെച്ച് നെഞ്ചോട് ചേർത്ത് വെച്ച് സംസാരിക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സുരക്ഷിതത്വം അനുഭവപ്പെടാറുണ്ട്. ആ വാക്കുകളിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ബഹിർഗമിക്കുന്ന 'പോസിറ്റീവ്എനർജി' എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാറുണ്ട്.

വിദേശസ്ക്കൂളുകളിലടക്കം സേവനം ചെയ്ത് നിരവധി ശിഷ്യ സമ്പത്തിനുടമയായ അദ്ദേഹം എപ്പോഴും പറയാറുണ്ട് എന്റെ സ്വകാര്യ അഹങ്കാരം M Jയും എന്റെ പ്രിയ ശിഷ്യരുമാണെന്ന്.

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും....
ഞങ്ങൾ എളേറ്റിൽ പ്രദേശത്തിന്റെ ചരിത്രം വഴിമാറി സഞ്ചരിച്ചത് MJയുടെയും എളേറ്റിൽ പ്രദേശത്തെയും എളേറ്റിൽ കാർ തിരിച്ചും നെഞ്ചേറ്റിയ ഈ പൂനൂരുകാരൻ ആലത്രം കണ്ടി മൊയ്തീൻ മാസ്റ്റർ എന്ന പ്രതിഭാധനന്റെയും വരവോട് കൂടിയാണെന്ന് നിസംശയം പറയാം..


ഉനൈസ് എളേറ്റിൽ
Previous Post Next Post
3/TECH/col-right