Trending

പക്ഷിമേക്ഷ്യയിലെ സംഘർഷാവസ്ഥമൂലം കരകയറാനാവാതെ ചെറുകിട വ്യാപാര - തൊഴിൽ മേഖല.

കൊടുവള്ളി: കഴിഞ്ഞ മൂന്നാഴ്ചയിലധികമായി
ഗൾഫ് മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥമൂലം കേരളത്തിൽ സാമ്പത്തിക മേഖലയിൽ തുടരുന്ന അനിശ്ചിതത്വംകേരളത്തിലെ ചെറുകിട വ്യാപാര മേഖലയിൽ വൻ പ്രത്യാഖാതങ്ങൾക്കിടയാവുന്നു. 
കഴിഞ്ഞ മൂന്നാഴ്ചയിലധികമായി പല വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വിൽപനയിൽ 30 മുതൽ 70 ശതമാനത്തിലധികം വരെ ഇടിവ് ഉണ്ടായതായും വ്യാപാരികൾ തുറന്നു സമ്മതിക്കുന്നു. 

സൗദിയിലെ ചില മേഖലകളിൽഹൂതി ആക്രമണം നടന്നതും വിമാന സർവ്വീസുകൾ നിർത്തി വെച്ചതുമാണ് വ്യാപാര മേഖലയെ ഇപ്പോൾ നിശ്ചലമാക്കിയതെന്നാണ് വിലയിരുത്തൽ . സൗദിയിലേക്കുള്ള വിമാന സർവ്വീസുകൾ ഈ മാസം 14 വരെയും ചില കമ്പനികൾ 29 വരെയും നിർത്തി വെച്ച പുതിയ വിവരം വ്യാപാര സാമ്പത്തിക മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിസ അനുവദിക്കൽ താൽകാലികമായി നിർത്തലാക്കാൻ നീക്കം തുടങ്ങിയെന്നത് പ്രവാസികളെ പോലെ തന്നെ
വ്യാപാരികളെയും ത്രിശങ്കുവിലാക്കിയിട്ടുണ്ട്.ഈ അരക്ഷിതാവസ്ഥക്ക് എന്നറുതിയാവുമെന്ന് പറയാനാ വാത്ത സ്തിഥിയുമാണിപ്പോൾ. 

സൗദി അറേബ്യ ഉൾപ്പെടെയുള്ളഗൾഫ് രാജ്യങ്ങളുമായി കേരളത്തിനുള്ള ശക്തമായ സാമ്പത്തിക ബന്ധമാണ് നിലവിലെ സാഹചര്യത്തിൽ പ്രധാനമായും പ്രതിഫലിക്കുന്നത്. പ്രവാസി കുടുംബങ്ങളുടെ ചെലവിടൽ കുറയുന്നതും പൊതുവിപണിയിൽ ഉപഭോക്താക്കൾ കൂടുതൽ കരുതലോടെ പണം ചെലവഴിക്കുന്നതും വ്യാപാര മേഖലയെ ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു
സൗദി - ഹൂതി സംഘർഷം തുടങ്ങിയ ശേഷം കച്ചവട സ്ഥാപനങ്ങളിൽ ആള
നക്കം നന്നെ കുറഞ്ഞിരിക്കയാണ്
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയും കടൽമാർഗമുള്ള ചരക്കുനീക്കത്തിലെ അനിശ്ചിതത്വവും ഇന്ധനവിലയിലെ വ്യതിയാനങ്ങളും ഗതാഗത-വിതരണ ചെലവുകൾ ഉയർത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. 

ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെയും വിവിധ ഉൽപന്നങ്ങളുടെയും വില വർധിക്കുന്നത് വ്യാപാരികൾക്ക് അധികഭാരം സൃഷ്ടിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലകയറ്റം മൂലവും
കെട്ടിട നിർമ്മാണ - കാർഷിക മേഖലയിലെ തൊഴിൽ മാന്ദ്യവും മൂലംകച്ചവടം നന്നെ കുറഞ്ഞ വേളയിൽ വന്ന ഗൾഫ് സംഘർഷം വ്യാപാരികൾക്ക് കൂനിന്മേൽ കുരു വെന്ന അവസ്ഥയാണ് വരുത്തി വെക്കുന്നത്.

കേരളത്തിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തമായി സ്വാധീനിക്കുന്ന പ്രവാസി വരുമാനത്തിലും നിലവിലെ സാഹചര്യത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ-സാമ്പത്തിക അനിശ്ചിതത്വം പ്രവാസി കുടുംബങ്ങളുടെ ചെലവിടൽ രീതിയിലും മാറ്റം വരുത്തുന്നതായി വ്യാപാരികൾ വിലയിരുത്തുന്നു
സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ ജനങ്ങൾ അത്യാവശ്യ ചെലവുകൾക്ക് മുൻഗണന നൽകുകയാണ്. 

വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ തുടങ്ങിയ അത്യാവശ്യമല്ലാത്ത ഉൽപന്നങ്ങളുടെ വാങ്ങൽ പലരും മാറ്റിവയ്ക്കുന്നതായി വ്യാപാരികൾ പറയുന്നു.
ഭക്ഷ്യ വസ്തുക്കൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളിൽ പോലും ഇപ്പോൾ കച്ചവടം പാതിയിലധികം കുറഞ്ഞ വസ്തുത കച്ചവടക്കാർ എടുത്തു കാണിക്കുന്നു
കച്ചവടം കുറഞ്ഞിട്ടും ചെലവുകൾ കുറയുന്നില്ല എന്നതാണ് വ്യാപാരികളുടെ പ്രധാന പ്രതിസന്ധി. 

കടവാടക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാർജ്, വായ്പാ തിരിച്ചടവ്, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ പതിവുപോലെ തുടരുകയാണ്. വരുമാനം കുറയുന്നതിനൊപ്പം ചെലവുകൾ തുടരുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു.
സംഘർഷാവസ്ഥയ്ക്ക് വേഗത്തിൽ അയവ് വരാതെ സാമ്പത്തിക അനിശ്ചിതത്വം തുടർന്നാൽ പ്രാദേശിക വ്യാപാര മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാണ്. 

ഈ നില തുടരുന്ന പക്ഷം വ്യാപാര സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടൽ ഭീക്ഷണിയിലാണ്. ലോണെടുത്തും മറ്റും തുടങ്ങിയ സംരംഭകൾ തിരിച്ചടവ് മുടങ്ങുന്നത് ജപ്തി ഭീക്ഷണിയിലെത്തിക്കുമോയെന്ന യാശങ്കയും വ്യാപാരികൾക്കുണ്ട്. നിലവിൽ കൂടുതൽ ജോലിക്കാരുള്ള പല സ്ഥാപനങ്ങളും തൊഴിലാളികൾക്ക് വേതനം കൃത്യമായി കൊടുക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. പല സ്ഥാപനങ്ങളിലും
തൊഴിലാളികൾ അവധിയെടുത്ത് ഉടമസ്ഥര്യമായി
അഡ്ജസ്റ്റ് ചെയ്തു ദിനങ്ങൾ നീക്കുകയാണ്.

വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി വായ്പാ തിരിച്ചടവിൽ ഇളവ്, പലിശയിളവ്, നികുതി-ഫീസ് ഇളവുകൾ ഉൾപ്പെടെയുള്ള അടിയന്തര ആശ്വാസ നടപടികൾ സർക്കാർ പരിഗണിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഗൾഫ് മേഖലയിലെ ഓരോ മാറ്റവും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും അതിന്റെ പ്രതിഫലനം പ്രാദേശിക വിപണിയിലും ഉണ്ടാക്കുന്ന സാഹചര്യത്തിൽ, നിലവിലെ മാന്ദ്യം താൽക്കാലികമായി അവസാനിക്കുമോ അതോ കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. 

ദീപാവലി അടുത്ത വേളയിൽ സംജാതമായ ഈ അരക്ഷിതാവസ്ഥ വ്യാപാര വസ്തുക്കൾ കടകളിൽ കടമായി ഇറക്കി നൽകി പിന്നീട് ഘഡുക്കളായി
പണം വാങ്ങുന്ന മൊത്ത വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികൾ മൊത്ത കച്ചവടക്കാർക്ക് സാമ്പത്തിക കുടിശ്ശിക തീർക്കൽ വർഷങ്ങളായി ദീപാവലിയോടനുബന്ധിച്ചാണ് .അതും ഇത്തവണ മന്ദി ഭവിക്കുമെന്നാണ് കച്ചവടക്കാർ പരിതപിക്കുന്നത്. ഈ അരക്ഷിതാവസ്ഥ ഇനിയും നീളുമെന്ന പുതിയ സാഹചര്യത്തിലെ വാർത്തകൾ വ്യാപാരികളെ കൂടുതൽ അസ്വസ്തമാക്കുകയാണ്.
Previous Post Next Post
3/TECH/col-right