Trending

പ്രഭാത വാർത്തകൾ

2026 നവംബര്‍ 29 | ഞായര്‍ 
1202 വൃശ്ചികം 13, പൂയം
1448 ജ : ആഖിർ 19

◾ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നാളെ അവതരിപ്പിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം മോദി സര്‍ക്കാര്‍ ഉറപ്പാക്കിയതായി സൂചന. 'ഇന്ത്യ' മുന്നണിയില്‍ വിള്ളല്‍ വീഴ്ത്തിയും സഖ്യത്തിലില്ലാതെ ഒറ്റയ്ക്കു നില്‍ക്കുന്ന കക്ഷികളെ ഒപ്പം കൂട്ടിയുമാണ് സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കെത്തുന്നത്. 22 ലോക്സഭാ അംഗങ്ങളുള്ള ഡിഎംകെ നിര്‍ണായകസമയത്ത് പരസ്യപിന്തുണ പ്രഖ്യാപിച്ചതും കരുത്തായി. അതേസമയം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33% സംവരണം നടപ്പാക്കുന്നതിന് മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച മോദി, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെ തടയാന്‍ എതിര്‍പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്നും അറിയിച്ചു.

◾ രാജ്യത്തെ വിവാദങ്ങളില്‍ നിന്ന് രക്ഷാപ്പെടാനുള്ള പുതിയ വഴിയാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അതിനുള്ള നീക്കമാണ് മണ്ഡല പുനര്‍നിര്‍ണ്ണയമെന്നും രാഹുല്‍ സൂചിപ്പിച്ചു. വനിത ബില്‍ നേരത്തെ പാസാക്കിയതാണെന്നും സര്‍ക്കാരിന് നാളെ തന്നെ നടപ്പാക്കാമെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണെന്നും പിന്നോക്ക സംവരണ സീറ്റുകള്‍ 40 വര്‍ഷത്തേക്ക് ഫ്രീസ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 543 - ല്‍ നിന്ന് 850 ആയി ഉയര്‍ത്താനുള്ള നിര്‍ദേശത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൊലപാതകം എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ വിശേഷിപ്പിച്ചത്.

◾ മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ എന്‍സിപി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കട്ടെയെന്നും അതിനുശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ആരോടെങ്കിലും പക തീര്‍ക്കാനാണോയെന്നും പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയാണോ പ്രസംഗത്തിലൂടെ വേണ്ടതെന്നും ചോദിച്ച പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അര്‍പ്പിതമായ ഉത്തരവാദിത്വത്തില്‍നിന്നുള്ള വ്യതിയാനമാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും പിണറായി കുറ്റപ്പെടുത്തി.

◾ മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന പരാതിയുമായി കെഎസ്യു. എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കെഎസ്യു പരാതി നല്‍കി. ചോരയ്ക്ക് പകരം ചോര എന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും നിയമനടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നുമാണ് പരാതിയില്‍ കെഎസ്യു വിശദമാക്കുന്നത്. കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് പരാതി നല്‍കിയത്.

◾ ടി.ഐ.മധുസൂദനന്‍ പയ്യന്നൂരില്‍ പറഞ്ഞത് ആര്‍.എസ്.എസിനെതിരേയാണെന്നും അതിനെതിരേയുള്ള പ്രതിഷേധം ആര്‍.എസ്.എസിനെ വെള്ളപൂശാനാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. കൂട്ടത്തിലൊരാള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ വിഷമത്തില്‍ നിന്നുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണതെന്നും പിണറായി ന്യായീകരിച്ചു. സമാനമായുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍പോലും ചര്‍ച്ചയാക്കാതിരിക്കുന്നത് ബോധപൂര്‍വമാണെന്നും പിണറായി പറഞ്ഞു.

◾ കോഴിക്കോടുള്ള എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ. മുരളീധരന്‍. ഏത് ചികിത്സാ രീതിക്കായാണ് ധനസമാഹരണം നടക്കുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് നേരത്തേസംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു.

◾ സംസ്ഥാനത്തെ മുഴുവന്‍ എസ് എം എ രോഗികള്‍ക്കും പ്രായപരിധിയില്ലാതെ സൗജന്യമായി മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിലവില്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് മാത്രമാണ് സൗജന്യ മരുന്ന് ലഭിച്ചിരുന്നത്. ആരോഗ്യ രംഗത്തെ കൊള്ളയും സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് ഈടാക്കലും അവസാനിപ്പിക്കുന്നതിനായി പുതിയ ബില്‍ അടുത്ത ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

◾ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക്പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജുല്‍ മോഹനനാണ് പരാതി നല്‍കിയത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്റെ ഗൂഢലക്ഷ്യങ്ങള്‍ നിറവേറ്റാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കുന്നുവെന്നും ഷാഫി പറമ്പിലിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

◾ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിതരണം ചെയ്തിട്ടുള്ള ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍ പ്ലാസ്റ്റിക്ക് കവറിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 925 കാര്‍ഡുകളാണ് നനഞ്ഞ് നശിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയിലാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.

◾ കെ.എസ്.ആര്‍.ടി.സിയുടെ വിഴിഞ്ഞം ഡിപ്പോയിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ സണ്‍ഷേഡില്‍നിന്ന് കോണ്‍ക്രീറ്റ് കഷണം അടര്‍ന്നുവീണ് വയോധികന് തലയ്ക്ക് പരിക്കേറ്റു. വിഴിഞ്ഞം ചപ്പാത്ത് സ്വദേശി മുഹമ്മദ് കാസിമിനാണ്(67)പരിക്കേറ്റത്.

◾ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തില്‍ തിരുവനന്തപുരത്ത് യുവാവ് മരിച്ചു. വലിയതുറ സി.എസ്.ഐ.പളളിക്ക് സമീപം ചര്‍ച്ച്വ്യൂ ഹൗസില്‍ റിട്ട: എസ്.ഐ. എഫ്. ഫ്രാന്‍സോയുടെയും മിനിയുടെയും മകന്‍ റോഷന്‍ ഫ്രാന്‍സിസ്(21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിരുന്നു അപകടം. കാനഡയില്‍ വിദ്യാര്‍ഥിയായിരുന്ന റോഷന്‍ ഫ്രാന്‍സിസ് വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്.

◾ തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുപ്പരന്‍കുണ്‍ട്രം മലമുകളില്‍ നിലനിന്നിരുന്ന ദീപം തെളിക്കല്‍ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലമുകളിലെ വിവാദമായ കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിച്ചു. കാര്‍ത്തിക ദീപാഘോഷത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ചയാണ് ചടങ്ങ് നടന്നത്.

◾ തിരുപ്പരന്‍കുന്‍ട്രം കുന്നിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കിയത്.

◾ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയറിയിച്ച ഡി.എം.കെ. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ സവര്‍ക്കര്‍ 2.0 എന്ന് വിശേഷിപ്പിച്ച് ടി.വി.കെ. ടി.വി.കെ.യുടെ ഐ.ടി. വിഭാഗം സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച ചിത്രത്തിലാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.

◾ 57മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കി തിയാഗോ ഗ്യുടെസ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'അക്വി'. 51 ലക്ഷം രൂപയാണ് സമ്മാനത്തുക. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. 'ദി മെല്‍റ്റ്ഡൗണ്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് മായ ഒ'റൂര്‍ക്കെ മികച്ച നടിയായി.

◾ ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വിവിധ തൊഴില്‍ മേഖലകളില്‍ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ശ്രദ്ധേയമായ മുഖങ്ങളെ അണിനിരത്തിയാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക് പുറത്തിറക്കിയത്.

◾ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് സോണിയാ ഗാന്ധിയുടെ പേര് വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായി ഡല്‍ഹി പോലീസ് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 1980-ല്‍തന്നെ സോണിയയുടെ പേര് വോട്ടര്‍പ്പട്ടികയിലുണ്ടായിരുന്നു. 1983-ലാണ് അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്.

◾ പാര്‍ട്ടിയിലെ 20 വിമതര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ എംപിമാര്‍ക്കും വിപ്പ് നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് മമതാ പക്ഷം. കേന്ദ്ര സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ സഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ ബില്ലിനെ സഭയില്‍ എതിര്‍ക്കുക എന്നതാണ് നീക്കത്തിന് പിന്നില്‍.

◾ രാഹുല്‍ ഗാന്ധിക്ക് നുണപറച്ചിലില്‍ 'സൂപ്പര്‍ ഡോക്ടറേറ്റ്' ഉണ്ടെന്നുംലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നത് രാജ്യത്ത് സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കുമെന്ന രാഹുലിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ രവിശങ്കര്‍ പ്രസാദ്. രാഹുല്‍ ഒരു 'അരാജകവാദി'യാണെന്നുംതിരഞ്ഞെടുപ്പ് സംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ മുംബൈയിലെ ഘാട്‌കോപ്പര്‍ റെയില്‍വേ സ്റ്റേഷനിലെ പൊതുശുചിമുറിയില്‍ 60 വയസ്സുകാരിയെ മര്‍ദിച്ച് ബലാത്സംഗം ചെയ്ത സംഭവത്തില്‍ 25-കാരന്‍ അറസ്റ്റില്‍. തസ്ലിം നൂര്‍ മുഹമ്മദ് ഷാ എന്നയാളാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

◾ ടിബറ്റുകാരുടെ ആത്മീയ നേതാവായ ദലൈലാമക്ക് ഓഫീസിനായി ലുട്ട്യന്‍സ് ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ഒരു ടൈപ്പ്- 7 ബംഗ്ലാവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്ലേരി ഇന്റര്‍നാഷണലിനെതിരെ എഫ്എസ്എസ്എഐ വീണ്ടും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കി. കഴിഞ്ഞ ജൂലൈയില്‍ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലുള്ള കമ്പനിയുടെ തേലിപ്പാറ പ്ലാന്റില്‍ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

◾ പ്രസവത്തിന് പിന്നാലെ 14 വയസ്സുകാരി ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് മരിച്ചു. ഇറാനിലെ കെര്‍മാന്‍ പ്രവിശ്യയിലെ സൊഗാന്ദ് മൊഷ്തരേകിയാണ് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ചതിനാണ് പെണ്‍കുട്ടിയെ ഭര്‍ത്താവ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു.

◾ അഫ്ഗാനിസ്താനിലെ കുനാര്‍ പ്രവിശ്യയില്‍ സ്‌കൂളിന് സമീപം സ്ഫോടനം. സംഭവത്തില്‍ ആറു വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 97 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും വ്യക്തതയുണ്ടാകൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,720 രൂപയാണ് ശനിയാഴ്ച രാവിലത്തെ വില. പവന് 93,760 രൂപയും.18 കാരറ്റ് സ്വര്‍ണത്തിന് ശനിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞു. 9,590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 76,720 രൂപയും. വെള്ളി വിലയില്‍ ശനിയാഴ്ചയും മാറ്റമില്ല. 170 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 10 ഗ്രാമിന് 1700 രൂപയും.

◾ ഭൂതകാലത്തിലേക്ക് സഞ്ചരിച്ച് പഴയ വാര്‍ത്തകളും വിവരങ്ങളും പരിശോധിച്ച് ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയുന്ന എഐ സംവിധാനം. കേള്‍ക്കുമ്പോള്‍ സയന്‍സ് ഫിക്ഷന്‍ സിനിമയെ ഓര്‍മിപ്പിക്കുമെങ്കിലും പെര്‍പ്ലെക്സിറ്റി അവതരിപ്പിച്ച പുതിയ ടൂളിന്റെ ആശയമിതാണ്. ഇന്റര്‍നെറ്റിനെ ഒരു ടൈം മെഷീനാക്കി മാറ്റുന്ന 'ടൈം മെഷീന്‍' എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. നവംബര്‍ 25ന് പ്രഖ്യാപിച്ച ഈ സാങ്കേതികവിദ്യയിലൂടെ കഴിഞ്ഞ 365 ദിവസത്തിനിടയിലെ ഏത് തീയതിയിലെയും ഇന്റര്‍നെറ്റ് വിവരങ്ങള്‍ പരിശോധിക്കാന്‍ എഐ മോഡലുകള്‍ക്ക് കഴിയും.

◾ ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി കണക്ഷനുകളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍ വരുന്നു. 2026 ഡിസംബര്‍ 20 മുതല്‍ കണക്ഷനുകളുടെ ഇമെയില്‍ വിലാസം, ജോലി പദവി തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

◾ പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 798 ആര്‍എസ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ട്രയംഫ്. ഇന്ത്യന്‍ വെബ്‌സൈറ്റിലും ബൈക്കിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 14.39 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. നേരത്തെയുണ്ടായിരുന്ന 765 സിസി എന്‍ജിന് പകരം പുതിയ 798 സിസി ട്രിപ്പിള്‍ എന്‍ജിനാണ് പ്രധാന മാറ്റം. പുതിയ ഫ്രെയിം, സ്വിംഗാര്‍ം, മെച്ചപ്പെടുത്തിയ സസ്‌പെന്‍ഷന്‍, ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയും ബൈക്കിലുണ്ട്.

◾ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മികച്ച വില്‍പ്പന നേട്ടവുമായി യമഹ. 2026 ഒക്ടോബറിലെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ യമഹ റേ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ മാസം 22,265 യൂണിറ്റ് റേ സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. എന്നാscooല്‍ 2025 ഒക്ടോബറില്‍ വിറ്റ 22,738 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ രണ്ട് ശതമാനം ഇടിവുണ്ടായി. അതേസമയം, കമ്പനിയുടെ മറ്റ് മോഡലുകളില്‍ പലതും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് ആര്‍15, ഫാസിനോ, എംടി-15 മോഡലുകള്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

◾ നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഹെയ്ല്‍ മേരി' രണ്ടാം ദിനം ആദ്യ ദിനത്തേക്കാള്‍ ഇരട്ടിയോളം ബുക്കിംഗുമായി വന്‍ വിജയത്തിലേക്ക്. കേരളത്തില്‍ മാത്രം പ്രേക്ഷകരുടെ മികച്ച സ്വീകാര്യതയെ തുടര്‍ന്ന് രണ്ടാം ദിനം ചിത്രത്തിനായി 89 ലേറ്റ് നൈറ്റ് എക്സ്ട്രാ ഷോകള്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലും വിദേശ രാജ്യങ്ങളിലും രണ്ടാം ദിനം ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

◾ സംവിധായകന്‍ ഷഹീദ് അറഫാത്ത് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 'നവരസ പ്രൊഡക്ഷന്‍ നമ്പര്‍ 3' എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം, നവരസ ഫിലിംസിന്റെയും സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറില്‍ ആണ് ഒരുങ്ങുന്നത്. ഇതിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം നടി സംവൃതാ സുനില്‍ സിനിമാലോകത്തേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീജിത്ത് കെ എസും കാര്‍ത്തികേയന്‍ എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നത് മുതല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് വരെ പലര്‍ക്കും അറിയാത്ത നിരവധി ആരോഗ്യഗുണങ്ങള്‍ തൈരിനുണ്ട്. തൈരിലുള്ള ജീവനുള്ള സൂക്ഷ്മാണുക്കള്‍ കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ നല്ല ബാക്ടീരിയകളെ ഉള്‍ക്കൊള്ളുന്നുവെന്ന് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റായ സൗരഭ് സേത്തി പറയുന്നു. തൈര് തയ്യാറാക്കുന്ന പ്രക്രിയയില്‍ അതിലെ ലാക്ടോസ് ഒരു പരിധിവരെ വിഘടിക്കപ്പെടുന്നു. കൂടാതെ തൈരിലുള്ള ജീവനുള്ള സൂക്ഷ്മാണുക്കള്‍ ബാക്കിയുള്ള ലാക്ടോസിനെ ദഹിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

◾ ദിവസവും മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമോ? പേശികളുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീന്‍. എന്‍സൈമുകളും ഹോര്‍മോണുകളും ഉല്‍പ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ സഹായിക്കുന്നു. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു വലിയ മുട്ടയില്‍ ഏകദേശം 6 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
സ്‌കോട്ട്‌ലാന്റിലെ ഒരു മലയോര ഗ്രാമത്തില്‍ 1841 മെയ് 17 ന് ജനിച്ച വെള്ളക്കാരന്‍. കൃഷിയായിരുന്നു കുടുംബവരുമാനം. 1856 ല്‍ ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ത്ഥിക്കുള്ള ഡ്യൂക്ക് മെഡല്‍ സ്വന്തമാക്കി. തുടര്‍ന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷുകാരുടെ ഗ്ലാമര്‍ സ്വപ്നമായിരുന്ന ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ആയിരുന്നു ലക്ഷ്യം. 1862 ആഗസ്റ്റ് 16 ന് മദ്രാസ് സിവില്‍ സര്‍വ്വീസില്‍ നിയമനം നേടി. അതുവരെ ശുപാര്‍ശകളിലൂടെ മാത്രം നടന്നിരുന്ന നിയമനം ഒരു ഇംഗ്ലീഷ് കര്‍ഷക യുവാവ് അധ്വാനത്തിലൂടെ കരസ്ഥമാക്കി. തുടര്‍ന്ന് മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് പ്രാദേശിക പരീക്ഷകള്‍ കൂടി പാസ്സായി. പിന്നീട് ഒരു പ്രവിശ്യയുടെ സബ് കളക്ടറും, ജോയിന്റ് മജിസ്‌ട്രേറ്റുമായി. ആ കാലത്ത് അവിടത്തെ ജന്മി വ്യവസ്ഥയില്‍ അതൃപ്തരായ കര്‍ഷകര്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞു. ഭരണ നേതൃത്വം ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആ യുവ കളക്ടറെ ചുമതലപ്പെടുത്തി. സത്യസന്ധവും നീതിയുക്തവുമായ ഒരു റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. കര്‍ഷകന്റെ കഷ്ടപ്പാടുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജന്മിമാര്‍ക്ക് രസിച്ചില്ല. അവരുടെ സ്വാധീനം മൂലം റിപ്പോര്‍ട്ട് തഴയപ്പെട്ടു. 1884 - സര്‍ക്കാര്‍ സര്‍ ടി മാധവറാവുവിനെ പ്രസിഡന്റാക്കി ഈ യുവ കളക്ടറേയും കമ്മിറ്റിയിലുള്‍പ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ടും തഴയപ്പെട്ടു. 1886 ല്‍ വീണ്ടും കമ്മിറ്റി രൂപീകരിച്ചു. ഇത്തവണ ആ കമ്മിറ്റിയില്‍ യുവ കളക്ടര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. ആ റിപ്പോര്‍ട്ടിനേയും ജന്മിമാര്‍ എതിര്‍ത്തു. ആ നാട്ടുരാജ്യത്തിന്റെ പുഴകളേയും മലകളേയും മണ്ണിനേയും വെള്ളത്തേയും സ്‌നേഹിച്ച ആ യുവഭരണാധികാരി തന്റെ റിപ്പോര്‍ട്ടിലെ ഭാഗങ്ങളൊന്നും തിരുത്താന്‍ തയ്യാറായില്ല. അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന അദ്ദേഹത്തെ, അദ്ദേഹത്തിന്റെ സ്വപ്ന പദവിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ആഴത്തിലും പരപ്പിലും ഉള്ളതായിരുന്നു. നിലവിലുള്ള സാമൂഹ്യഅവസ്ഥയുടേയും രാഷ്ട്രീയ നിലപാടുകളുടേയും പ്രകൃതിയുടേയും ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ജനജീവിതത്തിന്റെയും എല്ലാവശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ പഠനവും പരിഹാര നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അദ്ദേഹം താന്‍ ശേഖരിച്ച അറിവുകളെ പുസ്തകമായി ക്രോഡീകരിച്ചു. അതിനദ്ദേഹം ആ നാട്ടുരാജ്യത്തിന്റെ പേര് നല്‍കി. ആ നാടിന്റെ പേരായിരുന്നു - മലബാര്‍ ! ആ പുസ്തകമാണ് പിന്നീട് ചരിത്രമായി മാറിയ മലബാര്‍ മാന്വവല്‍. ആ യുവാവ് വില്യം ലോഗനും. അന്ന് ആ ജോലിയില്‍ നിന്നും അദ്ദേഹം പിരിച്ചുവിടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ മലബാര്‍ മാന്വവല്‍ ഉണ്ടാകുമായിരുന്നില്ല. അവഗണിക്കപ്പെടുന്നത് കഴിവുകേടുകൊണ്ടല്ല. മറ്റൊന്നില്‍ പരിഗണിക്കപ്പെടേണ്ട കഴിവുള്ളതുകൊണ്ടാണ്. - ശുഭദിനം.
Previous Post Next Post
3/TECH/col-right