പന്തളം: വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല നട തുറന്നു. മാളികപ്പുറം നട തുറന്നത് ദാമോദരൻ നമ്പൂതിരിയാണ്. രാവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിലവിളക്ക് തെളിയിച്ച് അന്നദാനത്തിന് തുടക്കം കുറിച്ചു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗവും ചേർന്നു.
മണ്ഡലകാലം ആരംഭിച്ചതോടെ ഇന്ന് കൂടുതൽ തീർത്ഥാടകർ ശബരിമല ദർശനത്തിന് എത്തും. ഒരു ദിവസം എൺപതിനായിരം പേർക്കാണ് ദർശന സൗകര്യം. 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും പതിനാലായിരം പേർക്ക് തത്സമയ ബുക്കിങ്ങിലൂടെയും ദർശനം നടത്താം. ഡിസംബർ 27ന് മണ്ഡലപൂജയും 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും നടക്കും.
50 ലക്ഷം ടിൻ അരവണ തയ്യാറാക്കിക്കഴിഞ്ഞെന്ന് ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു. ഭക്തർ ആവശ്യപ്പെട്ടാൽ അരവണ തപാൽ വഴി എത്തിച്ച് നൽകാനുള്ള സംവിധാനങ്ങളും പൂർത്തിയായി. ഇതോടൊപ്പം അഞ്ച് കൗണ്ടറുകൾ അധികമായി തുറന്നിട്ടുണ്ട്. ഇതോടെ അരവണ കൗണ്ടറുകളുടെ എണ്ണം 22 ആയി ഉയർന്നു.
അരവണ കൗണ്ടറുകളിൽ ഡിജിറ്റൽ പെയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 14 വഴിപാട് കൗണ്ടറുകളും അവിടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനവും ഉണ്ടായിരിക്കും. മണ്ഡലകാലത്ത് അരവണയുടെയും അപ്പത്തിന്റെയും കാര്യത്തിൽ ആശങ്കകൾ ഇല്ലെന്നാണ് ദേവസ്വം വകുപ്പ് പറയുന്നത്.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തുവരുന്ന ഭക്തർക്ക് അപകടങ്ങൾ സംഭവിച്ചാൽ രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് ഉണ്ടാകും. ബുക്ക് ചെയ്യുന്ന ദിവസത്തിന് മുൻപേയുള്ള ഒരു ദിവസം കൂടി പരിഗണിച്ച് ആകെ മൂന്ന് ദിവസം ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് ആനുകൂല്യം നൽകുക. ബുക്ക് ചെയ്യുമ്പോൾ തന്നെ നോമിനി വിവരങ്ങൾ ചോദിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കിയിരുന്നു.
Tags:
KERALA