2026 നവംബർ 17ചൊവ്വ
1202 വൃശ്ചികം 01 അവിട്ടം
1448 ജ : ആഖിർ 07
◾ തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുമതി തേടി രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും സൂപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വിശദമാക്കിയാണ് സുപ്രീംകോടതിയില്‍ ഉപഹര്‍ജി നല്‍കിയിട്ടുള്ളത്. ചോദ്യങ്ങള്‍ക്ക് കമ്മിഷന് സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
◾ വര്‍ഷങ്ങളായി തന്റെ കുടുംബത്തെക്കുറിച്ച്, ഭര്‍തൃമാതാവിനെക്കുറിച്ച്, മകനെക്കുറിച്ച്, മകളെ കുറിച്ച് തെറ്റായതും വേദനാജനകവുമായ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരേ താന്‍ ശബ്ദിക്കേണ്ടതുണ്ടെന്നും തന്റെ കഥ പറയാന്‍ പുസ്തകമെഴുതുകയാണ് ശരിയായ വഴിയെന്ന് താന്‍ ചിന്തിച്ചുവെന്നും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ബിലോങ്ങിങ്; എ ജേര്‍ണി ഓഫ് ലവ്' എന്ന പേരില്‍ പുസ്തകമെഴുതാനുള്ള കാരണം വെളിപ്പെടുത്തുകയായിരുന്നു സോണിയ ഗാന്ധി. ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന തന്റെ പുസ്തകപ്രകാശന ചടങ്ങിനിടെയാണ് സോണിയയുടെ തുറന്നുപറച്ചില്‍. മക്കളായ രാഹുലും പ്രിയങ്കയും സുഹൃത്തായ മഞ്ജുളികയും നല്കിയ നിരന്തരമായ പ്രേരണയാണ് പുസ്തകം എഴുതാന്‍ തയ്യാറാവാതിരുന്ന തനിക്ക് പ്രചോദനമായതെന്നും സോണിയ പറഞ്ഞു.
◾ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ഇളവുകള്‍ നല്കി സമരം ഒത്തു തീര്പ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു.
◾ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്റീനന്‍ ടീമിനെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേര്‍ത്ത് തുടരന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാകും അന്വേഷണം മുന്നോട്ട് പോകുക. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് തുടരന്വേഷണത്തിന്റെ ചുമതല.
◾ ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തില്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയ്ക്ക് തിരിച്ചടി. നികുതി വെട്ടിപ്പില്‍ ജി.എസ്.ടി വകുപ്പ്എടുത്ത കേസില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സാവകാശം നല്കുന്ന കാര്യം അന്വേഷണസംഘം തീരുമാനിക്കട്ടെ എന്നും കണക്കുകളുമായി ജി.എസ്.ടി ഓഫീസില്‍ ഹാജരാകൂ എന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നവംബര്‍ 19ന് കൊല്ലം ഓഫീസില്‍ ഹാജരാവാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾ തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും സ്വര്‍ണം കണ്ടെത്തി. ക്വട്ടേഷന്‍ ഏറ്റെടുത്ത അനുപ് രാജാണ് രക്ഷപ്പെടുന്നതിനിടെ സ്വര്‍ണം കുഴിച്ചിട്ടത്. കുഴിച്ചിട്ട സ്ഥലത്തുനിന്നും സ്വര്‍ണം എടുത്ത് അനൂപ് പൊലീസിന് നല്‍കുകയായിരുന്നു.
◾ മണ്ഡല - മകര വിളക്ക് തീര്‍ത്ഥാടനത്തിന് ഒരുങ്ങി ശബരിമല. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി ഇ.ഡി. പ്രസാദാണ് നമ്പൂതിരി ശബരിമല നട തുറന്നത്. അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമലയിലും എ. ദാമോദരന്‍ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേറ്റു..
◾ ബിഎല്‍എം നിക്ഷേപ തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിഎല്‍എം സ്ഥാപക എംഡി ആര് പ്രേംകുമാറിന് സമന്‍സ് അയച്ചു. പ്രേംകുമാറിന്റെ ഭാര്യ പ്രഭ അടക്കമുള്ളവര്‍ക്കും സമന്‍സ് നല്‍കിയിട്ടുണ്ട്.
◾ പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാലടി സംസ്കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി ഇന്നത്തേക്ക് പരിഗണിക്കാനായി മാറ്റി. മാപ്പ് പറഞ്ഞാല്‍ പരീക്ഷ എഴുതിപ്പിക്കാമെന്ന സര്‍വകലാശാല വാദം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമെന്നാണ് വാദം. തെറ്റ് ചെയ്തെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമെന്ന് പുതുക്കി നല്കിയ ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ പറയുന്നു.
◾ ഫ്രീഡം ക്വിസില്‍ സവര്‍ക്കറേ പുകഴ്ത്തിയുള്ള ചോദ്യം വന്നതില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ഡിഡിഇ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. ചോദ്യങ്ങള്‍ തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡ പ്രകാരമല്ലെന്നും,കര്‍ണാടക സിലബസിലെ പാഠഭാഗങ്ങളാണ് റെഫര്‍ ചെയ്തതെന്നും അധ്യാപകരുടെ മൊഴി. രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ചോദ്യങ്ങള്‍ പരിശോധിച്ചില്ലെന്ന വിചിത്രമായ മൊഴിയും റിപ്പോര്‍ട്ടില്‍ ഉണ്ട്.
◾ കേരള പൊലീസില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്കായി രണ്ട് പുതിയ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തും. കമലമ്മ അവാര്‍ഡും പദ്മിനി അമ്മ അവാര്‍ഡുമാണ് ഏര്‍പ്പെടുത്തുന്നത്. കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിനാണ് രണ്ട് പുതിയ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
◾ മാനവീയം വീഥിയില്‍ പാടാന്‍ അനുമതി നിഷേധിച്ചത് പുഷ്പവതിയ്ക്ക് അല്ലെന്ന് കോര്പ്പറേഷന്. കോര്പ്പറേഷന് മാനവീയം വീഥി രജത ജൂബിലി ആഘോഷ കമ്മിറ്റി കൈമാറിയ കത്തില്‍ പുഷ്പവതിയുടെ ഗാനമേളയെ കുറിച്ച് പറയുന്നില്ല. നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ ആണ് അനുമതി നല്‍കാത്തതെന്നും തിരുവനന്തപുരം കോര്പ്പറേഷന് വ്യക്തമാക്കി.
◾ തിരുവനന്തപുരം കഴക്കൂട്ടത്ത് ലഹരി സംഘം പൊലീസുകാര്‍ക്ക് നേരെ ഥാര്‍ ജീപ്പ് ഇടിച്ചു കയറ്റി. അക്രമത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ലഹരി സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര് പിടിയിലായി. ലഹരി മാഫിയക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
◾ പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് നോട്ടീസ് നല്കി സുപ്രീം കോടതി. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
◾ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോണ്‍ക്രീറ്റ് മിക്സിങ് വാഹനമിടിച്ച് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി പി ആര് രാമന്റെ ഭാര്യ വിജയലക്ഷ്മി എന്‍.പി ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കടവന്ത്ര സിഗ്നലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം.
◾ തിരുവനന്തപുരം തക്കലയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിന് ദാരുണാന്ത്യം. ഇലവുവിള സിഎസ്ഐ ചര്‍ച്ചിലെ പാസ്റ്റര്‍ സ്റ്റാലിന് വിനു ജോണ്‍സണിന്റെ ഭാര്യ ഫ്ളോറന്‍സ് ജാസ്മിന് (46) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
◾ കൊല്ലം ഉളിയക്കോവില്‍ വയോധിക ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുക്കുട്ടന് മുകുന്ദന് (78), ബീന മുകുന്ദന് (74) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മക്കള്‍ വിദേശത്താണ്. ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
◾ കേരളത്തിലെ മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കേസില്‍ നാല് പേര് അറസ്റ്റില്‍. മാലിന്യം തള്ളിയ ലോറിയും പിടിച്ചതായി തെങ്കാശി പൊലീസ് അറിയിച്ചു. മെഡിക്കല്‍ മാലിന്യം തള്ളുന്ന കേരളത്തിന്റെ നടപടിക്കെതിരെ തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ പ്രതിഷേധം ശക്തമാണ്. കേരളത്തിന്റെ മാലിന്യക്കൂമ്പാരം അല്ല തമിഴ്നാട് എന്ന ക്യാംപെയിന് വീണ്ടും സജീവമായതിന് പിന്നാലെയാണ് തെങ്കാശി പൊലീസിന്റെ നടപടി.
◾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് അഭിഭാഷകനെ കോടതിമുറിയില്‍ നിന്ന് പുറത്താക്കി. നവംബര്‍ 2-ന് തന്റെ കേസ് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നുവെന്നും 15 ദിവസമായിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന് അടിയന്തര വാദം .കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം ഉണ്ടായത്. ചീഫ് ജസ്റ്റിസിന് സത്യസന്ധതയില്ലെന്നും രാജ്യത്തെ പരമോന്നത നീതിന്യായ പദവി വഹിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്നുമായിരുന്നു അഭിഭാഷകന്റെ ആരോപണം.
◾ 2027-ല്‍ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആം ആദ്മി പാര്‍ട്ടി വിട്ടെത്തിയ നേതാക്കളെ കളത്തിലിറക്കി ബിജെപി. പ്രകടന പത്രികാ സമിതിയിലും എഎപി സര്‍ക്കാരിനെതിരായ കുറ്റപത്ര സമിതിയിലും എ.എ.പിയില്‍ നിന്ന് രാജിവെച്ച് എത്തിയ രാജ്യസഭാ എം.പിമാര്‍ക്ക് പ്രധാന ചുമതലകള്‍ നല്കി.
◾ ഭരണമാറ്റമോ രാഷ്ട്രീയ പ്രതികാര നടപടികളോ കാരണം സംസ്ഥാനത്ത് എത്തുന്ന വ്യവസായ നിക്ഷേപങ്ങള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ രാജ്യത്ത് ആദ്യമായി ആന്ധ്രാപ്രദേശില്‍ 'ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ആക്ട്'കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് നടന്ന 31-ാമത് സിഐഐ പാര്‍ട്ണര്‍ഷിപ്പ് സമ്മിറ്റിലാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്.
◾ ബച്ചന് കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഗുണ്ടാത്തലവന് ഗോള്‍ഡി ധില്ലന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഭീഷണി. എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകള്‍ നിര്‍മ്മിച്ചാലും രക്ഷപ്പെടില്ലെന്നാണ് പോസ്റ്റിലെ മുന്നറിയിപ്പ്.
◾ യമുനാ നദി ശുചീകരിക്കുന്നതിനായി വന്‍തുക ചെലവഴിച്ചിട്ടും നദിയിലെ മലിനീകരണം വര്‍ധിക്കുകയാണുണ്ടായതെന്ന് സുപ്രീം കോടതി. നദീതീരത്തുള്ള നഗരഭരണ സംവിധാനങ്ങളുടെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
◾ പാക് മന്ത്രി മുസാദിഖ് മസൂദ് മാലികിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യക്കാരെ കൊല്ലാന്‍ ഭീകരവാദികളെ അയച്ച അതേ പാകിസ്ഥാനില്‍ നിന്നുള്ള മന്ത്രിയെ മോദി സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ആരോപണം. ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചപ്പോള്‍, പാകിസ്ഥാനിലേക്കുള്ള നദീജല പ്രവാഹം തടയാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ മന്ത്രിയാണ് മുസാദിക് മസൂദ് മാലിക്.
◾ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കൃഷ്ണ ജന്മഭൂമി വിഷയം അജണ്ടയാക്കാന്‍ ബിജെപി ഒരുങ്ങുന്നതായി സൂചന. നിര്‍ണായക തീരുമാനം സ്ട്രാറ്റജി യോഗത്തില്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വിഷയം ഏറ്റെടുക്കാന്‍ താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ ഏറെ നാളായി ആവശ്യപ്പെടുന്നുവെന്ന് നേതാക്കള്‍ അറിയിച്ചു. ഇന്ന് യോഗം പൂര്‍ത്തിയായ ശേഷം പ്രഖ്യാപനം ഉണ്ടായേക്കും.
◾ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി. സമാജ്വാദി പാര്‍ട്ടിയുമായി ഇന്ന് നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ സമിതി അംഗങ്ങള്‍ പങ്കെടുത്ത് കോണ്‍ഗ്രസിന്റെ നിലപാട് അറിയിക്കും.
◾ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് അധിക തീരുവ ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്. യൂറോപ്യന്‍ വിപണിയില്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യയെ കൂടാതെ ജപ്പാന്, തായ്വാന്, തുര്‍ക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കാണ് അധിക തീരുവ.
◾ സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കരുത്തരായ മഹാരാഷ്ട്രയ്ക്കെതിരെ 94 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മഹാരാഷ്ട്ര 16 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ന്റെയും രോഹന് കുന്നുമ്മലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങും എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
◾ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ വിരാട് കോലി ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നും, 10 വര്‍ഷത്തിനുശേഷം ഈ തീരുമാനത്തില്‍ അദ്ദേഹം പശ്ചാത്തപിക്കുമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ദേഷ്യപ്പെട്ട് വിരമിക്കുന്നത് ശരിയായ രീതിയല്ലെന്നും മികച്ച ഫിറ്റ്നസ് ഉള്ള 36-കാരനായ കോലിക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ സംഭാവന ചെയ്യാന്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ പതിനാറ് വര്‍ഷം നീണ്ടു നിന്ന അന്താരാഷ്ട്ര ഫുട്ബോള്‍ കരിയറില്‍ നിന്ന് വിരമിച്ച് ബെല്‍ജിയത്തിന്റെ ഇതിഹാസ ഫുട്ബോള്‍ താരം റൊമേലു ലുകാകു. നാല് ലോകകപ്പുകളും മൂന്ന് യൂറോ ചാമ്പ്യന്‍ഷിപ്പുകളും ഉള്‍പ്പെടുന്ന സംഭവബഹുലമായ കരിയറില്‍ 2018 റഷ്യ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനക്കാരായത് ലുകാകുവിന്റെ കരിയര്‍ ബെസ്റ്റാണ്. രാജ്യത്തിനായി 135 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്.
◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കമ്പനികളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ത്തന്നെ പ്രോസസ് ചെയ്യാനുള്ള സൗകര്യം ഓപ്പണ്‍എഐ ഒരുക്കുന്നു. ഡാറ്റാ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ട ബാങ്കിങ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. ജിപിടി-6 ലൂണ മോഡലിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാകുക.
◾ ഇരുപത്തിരണ്ടര മണിക്കൂര്‍ നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ തിരികെ ഭൂമിയിലെത്തിച്ച് സ്പേസ് എക്സ്. ടെക്സാസിലെ സ്റ്റാര്‍ബേസിലെ പ്രത്യേക ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിയ റോക്കറ്റിനെ കൂറ്റന്‍ യന്ത്രക്കൈകള്‍ പിടിച്ചെടുക്കുകയായിരുന്നു. സമ്പൂര്‍ണ പുനരുപയോഗ റോക്കറ്റ് എന്ന സ്വപ്നം ഇപ്പോള്‍ കൈയ്യെത്തും ദൂരത്ത് എത്തിച്ചിരിക്കുകയാണ് ഇലോണ്‍ മസ്കിന്റെ കമ്പനി.
◾ യുവതാരനിരയെ അണിനിരത്തി അമല്‍ നീരദ് ഒരുക്കുന്ന 'ബാച്ച്ലര് പാര്‍ട്ടി Deux' റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകളില്‍ വലിയ രീതിയിലാണ് ടിക്കറ്റ് ബുക്കിങ് മുന്നേറുന്നത്.
◾ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് പെരുംജീരകം. അതിനാല്‍ പെരുംജീരകം ചേര്‍ത്ത ചായ കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. പെരുംജീരകം ചൂടുവെള്ളത്തിലിട്ട് ഉണ്ടാക്കുന്ന പെരുംജീരക ചായ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമായി പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന ഒരു പരമ്പരാഗത പാനീയമാണ്.ഗ്യാസ്, ദഹനക്കേട്, വയറു വീര്‍ക്കല്‍ തുടങ്ങിയവയെ തടയാന്‍ എല്ലാ ദിവസവും രാവിലെ പെരുംജീരക ചായ കുടിക്കുന്നത് ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പെരുംജീരക ചായ കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനുംകരള്, വൃക്ക എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
◾ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ. ക്യാന്‍സര്‍ പ്രതിരോധത്തില്‍ ഗ്രീന്‍ ടീ വഹിച്ചേക്കാവുന്ന പങ്കിന് ഒരു കാരണം അതിലടങ്ങിയിരിക്കുന്ന 'കാറ്റെച്ചിനുകള്‍' (catechins) ആണ്. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളാണിവ. ഇതില്‍ 'എപ്പിഗാലോകാറ്റെച്ചിന് ഗാലേറ്റ്' (EGCG) എന്ന പ്രത്യേക തരം കാറ്റെച്ചിന്‍, കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ്സില്‍ (oxidative stress) നിന്നും കേടുപാടുകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിച്ചേക്കാം.ഡിഎന്‍എയ്ക്കുണ്ടാകുന്ന കേടുപാടുകള്‍ ക്യാന്‍സര്‍ വികാസത്തിന് കാരണമായേക്കാം എന്നതിനാല്‍, കാലക്രമേണ കോശങ്ങളെ സംരക്ഷിക്കാന്‍ ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ സഹായിച്ചേക്കാം. മനുഷ്യരില്‍ നടത്തിയ ചില ചെറിയ പഠനങ്ങളും സൂചിപ്പിക്കുന്നത്, സ്തനം, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, വന്‍കുടല്‍-മലദ്വാരം, അന്നനാളം, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്കാന് EGCG സഹായിച്ചേക്കാം എന്നാണ്.
*ശുഭദിനം*
*കവിത കണ്ണന്*
പത്രമാധ്യമങ്ങളില്‍ വലിയൊരു സ്പേസ് ഇന്ന് ഉപയോഗിക്കുന്നത് അപകട വാര്‍ത്തകള്‍ക്ക് വേണ്ടിയായിരിക്കുന്നു. ഒരു വാര്‍ത്തയും ഇപ്പുറം പിന്നീട് എന്ത് സംഭവിച്ചു എന്നൊരു ചോദ്യം എവിടെ നിന്നും ഉയരുന്നില്ല. യാതനയുടെ ലോകത്തേക്ക് പോയവര്‍, ചിറകൊടിഞ്ഞവര്‍, ആരൊക്കെയോ, എങ്ങനൊക്കെയോ . . . . 1980 - തമിഴ് പത്രങ്ങളില്‍ ഒരു വാര്‍ത്ത ഇടം പിടിച്ചു. ഒരു കാര്‍ പകടം. തിരുച്ചിറപള്ളിയില്‍ ഉണ്ടായ അപകടത്തില്‍ യാത്രക്കാരിയായ കൗമാരക്കാരിക്കു കാലുകള്‍ നഷ്ടമായി. ഒരു വാര്ത്തയ്ക്കുമിപ്പുറം പിന്നീട് ഒന്നുമുണ്ടായില്ല. എന്നാല്‍ ആ കൗമാരക്കാരി അവിടം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ചിറകു തളര്‍ന്ന പക്ഷി ആയിട്ടല്ല. ഫീനിക്സ് പക്ഷി ആയിട്ടായിരുന്നു ആ ഉയര്ത്തെഴുന്നേല്പ്. ഭരതനാട്യം ആയിരുന്നു അവളുടെ വഴി. ജയ്പൂര്‍ കൃത്രിമക്കാലുകളുടെ സഹായത്തോടെ നൃത്തം സ്വന്തമാക്കി. മറുവശത്ത് പഠനം, ബിരുദം, ബിരുദാനന്തരബിരുദം. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും അവര്‍ നൃത്തമാടി. ആ കാലുകള്‍ക്ക് വിശ്രമിക്കാന്‍ നേരമില്ലായിരുന്നു. കാരണം ആ മനസ്സ് അത്രമേല്‍ ചടുലമായിരുന്നു. സ്വന്തം ജീവിതകഥ പാഠപുസ്തകമായി ഇറങ്ങി. പിന്നെ സിനിമയായി. 1984 ല്‍ പുറത്തിറങ്ങിയ ആ സിനിമ ഇന്ത്യയൊട്ടാകെ കീര്‍ത്തി നേടി. 1986ല്‍ അതിന്റെ ഹിന്ദിപതിപ്പ് പുറത്തിറങ്ങി. ആ വര്‍ഷം ദേശീയ അവാര്‍ഡും ജൂറി പരാമര്‍ശവും ആ സിനിമ നേടി. ആ ചിത്രത്തിന്റെ പേരാണ് മയൂരി. അതിലെ നായിക തന്നെയാണ് യഥാര്ത്ഥകഥയിലെ ഹീറോയിനും. പേര് സുധാചന്ദ്രന്. അങ്ങനെ ആയിത്തീരണം എന്ന ചിന്ത, പ്രയത്നം, നിശ്ചയദാര്‍ഢ്യം, അതൊന്നുമാത്രം മതി, അങ്ങനെ ആയിത്തീരാന്‍ - ആ ലക്ഷ്യം നമ്മെ നയിക്കട്ടെ
ശുഭദിനം.
Tags:
KERALA