Trending

സായാഹ്ന വാര്‍ത്തകള്‍

2026 | നവംബര്‍ 17 | ചൊവ്വ 
1202 | വൃശ്ചികം 1, അവിട്ടം

◾ പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയത് നിശ്ചിത പരിധിയിലും കൂടുതലാണോയെന്നു കണ്ടെത്താനുള്ള നൂതന പരിശോധനാ കിറ്റുകള്‍ കേരളത്തില്‍ എത്തി. ശേഖരിച്ച സാംപിളുകളുടെ പരിശോധന ഇവ ഉപയോഗിച്ച് ഈയാഴ്ചതന്നെ ആരംഭിക്കും.

◾ ഇ20 വിവാദത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിലര്‍ ഇ20 യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, ഈ പൊട്ടന്മാര്‍ക്ക് അതിന്റെ സയന്‍സ് അറിയില്ല. ചില മഹാന്മാര്‍ കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്ന് അറിയില്ല. അങ്ങനെയെങ്കില്‍ സിബിഐ വരും. എഥനോള്‍ ബ്ലെന്‍ഡിങ് മെഷീന്‍ 20ശതമാനം വരുന്ന രീതിയിലാണ് കാലിബറേറ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

◾ തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കെഎസ്ഇബി വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സൂപ്പര്‍വൈസറി വീഴ്ചയുടെ പേരിലാണ് നടപടി.

◾ ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്തിയില്ലെന്ന് പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട്. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കും നീളുമെന്നാണ് സൂചന.

◾ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ ഡെങ്കിപ്പനി പടരുന്നതിനാല്‍ കോളജ് അടച്ചു. ഒരാഴ്ചയ്ക്കിടെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തില്‍ ആണ് തീരുമാനം. ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനിച്ചു.

◾ വൃശ്ചിക പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ ഭക്തജനത്തിരക്ക്. ഇന്ന് ഉച്ച വരെ ഇരുപത്തിയയ്യായിരത്തോളം തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തി. അറുപതിനായിരത്തോളം പേരാണ് ഇന്ന് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ ഇന്ന് മുതല്‍ എല്ലാ ദിവസവും ഭക്തര്‍ക്ക് ഇലയിട്ട് സദ്യ വിളമ്പും.

◾ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുന്‍ എം.എല്‍.എ എം. വി. രാജഗോപാലന്‍ മാസ്റ്ററുടെ മകനുമായ എസ്. ആര്‍. വിനയകുമാര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നു. പാര്‍ട്ടിയില്‍ 'പിണറായിസം' മാത്രമാണ് നിലനില്‍ക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാര്‍ട്ടിയില്‍ ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു

◾ കാലടി സര്‍വകലാശാല സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഭേദഗതി ഹര്‍ജി അനുവദിച്ച് കോടതി. നാളെ ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജിയില്‍ വാദം നടക്കും. ഭേദഗതി ഹര്‍ജി അംഗീകരിക്കരുതെന്ന സര്‍വകലാശാല വാദം തള്ളി.

◾ നടിയെ ആക്രമിച്ച കേസ് വാദം കേള്‍ക്കുമ്പോള്‍ അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന പരാമര്‍ശത്തിനെതിരെ അഭിഭാഷക ടി.ബി. മിനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നായിരുന്നു ടി.ബി. മിനിയുടെ ആവശ്യം.

◾ പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞികൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍. സഹകരണ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കി.

◾ മണ്ണന്തല രഞ്ജിത് വധക്കേസില്‍ 11 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

◾ ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നടുവണ്ണൂര്‍ എസ്ബിഐ ബാങ്കിന് മുന്നില്‍ ഇന്നലെ നടന്ന സമരത്തില്‍ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിന് അടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

◾ അപൂര്‍വ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഇതുവരെ ലഭിച്ചത് 21.5 കോടി രൂപ. ഒറ്റ പ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിച്ചാലില്‍ ഡേവിഡ്, ഏഥന്‍, ഒലിവര്‍ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായാണ് ചികിത്സാസഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുന്നത്.

◾ ചാല സ്വര്‍ണക്കവര്‍ച്ച ഗൂഢാലോചനയില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയത്തില്‍ പൊലീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ചാലയിലെ മാളവിക ജ്വല്ലറിയുടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും. ഗൂഢാലോചനയിലെ പ്രധാനി ജയാറാം ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.

◾ ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശിനി സാവര്യ ബസന്ത് കൊലപാതകക്കേസില്‍, പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനമിന് ഉസ്‌ബെക്കിസ്താന്‍ വിചാരണക്കോടതി എട്ടരവര്‍ഷം തടവുശിക്ഷ വിധിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ വിമാനടിക്കറ്റ് എടുത്തു കാത്തിരുന്ന 22-കാരിയെ രണ്ടുദിവസത്തോളം മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി മര്‍ദിച്ചും ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

◾ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം 9.90 ലക്ഷം രൂപ കവര്‍ന്നു. കാളികാവ് അഞ്ചവടി സ്വദേശി ഫൈസലിനാണ് പണം നഷ്ടമായത്. നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.

◾ എറണാകുളം വരാപ്പുഴയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചശേഷം വീട്ടില്‍ വളര്‍ത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്തില്‍ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടില്‍ സുനില്‍ ആണ് അറസ്റ്റിലായത്. ഭാര്യ ഷൈനി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

◾ ഫേസ്ബുക്കിലൂടെ സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരില്‍ വയനാട് സ്വദേശിയില്‍നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് മേപ്പയൂര്‍ ആവള, മണമ്മല്‍ വീട്ടില്‍ ലത്തീഫിനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു.

◾ തമിഴ്‌നാട്ടിലെ ക്വാറി ഉല്‍പന്നങ്ങള്‍ കേരളമടക്കം അയല്‍സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജിയോളജി വകുപ്പ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

◾ മധുര തനിഷ്‌ക് ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വര്‍ണമാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം, നിഷാന്തിന്റെ കയ്യിലെ ടാറ്റു അന്വേഷണത്തില്‍ നിര്‍ണായകമായെന്ന് അന്വേഷണ സംഘം അറിയിച്ചു.

◾ വായുമലിനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് രേഖപ്പെടുത്തിയ എക്യുഐ 263 ആണ്. 201 മുതല്‍ 300 വരെയുള്ള ഗുണനിലവാരം 'മോശം' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

◾ സെന്‍സസ് പോര്‍ട്ടലിലെ പുതിയ മാറ്റങ്ങള്‍ വിവാദമാകുന്നു. പൗരന്മാര്‍ക്ക് സ്വയം വിവരങ്ങള്‍ ചേര്‍ക്കാനുള്ള മതങ്ങളുടെ വിവരങ്ങളില്‍ ഈയിടെ വരുത്തിയ മാറ്റങ്ങള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

◾ കാണ്‍പുര്‍ സെന്‍ട്രലില്‍ നിന്ന് വാരണാസി-ന്യൂഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസില്‍ ബന്ധുക്കളെ യാത്രയാക്കാന്‍ ട്രെയിനില്‍ കയറിയ 12 പേര്‍ ഓട്ടോമാറ്റിക് വാതിലുകള്‍ അടഞ്ഞതിനെ തുടര്‍ന്ന് ട്രെയിനില്‍ കുടുങ്ങി. തുടര്‍ന്ന്, 79 മിനിറ്റിന് ശേഷംഇറ്റാവ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ഇറങ്ങിയ ഇവര്‍ക്ക് റെയില്‍വേ 36,000 രൂപ പിഴചുമത്തി. ട്രെയിന്‍ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ ട്രെയിനില്‍ കയറിയതിനാണ് പിഴചുമത്തിയത്.

◾ ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ലഷ്‌കര്‍ ഭീകരര്‍ക്കായി സുരക്ഷാസേനയുടെ വന്‍ തിരച്ചില്‍. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ലഷ്‌കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനായി വനമേഖല അരിച്ചു പെറുക്കുകയാണ് സൈന്യവും പൊലീസും. ഏറ്റുമുട്ടലിന് മുന്‍പ് സ്‌കൂളിനുള്ളില്‍ ഒളിക്കാനുള്ള ഭീകരരുടെ നീക്കം സുരക്ഷ സേന തകര്‍ത്തു.

◾ സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് 'ബിലോങ്ങിങ്, എ ജേര്‍ണി ഓഫ് ലവിന്റെ പ്രകാശന ചടങ്ങില്‍ സഖ്യകക്ഷികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള ഇരിപ്പിട ക്രമീകരണം ചര്‍ച്ചയാകുന്നു. സോണിയ ഗാന്ധിയുടെ തൊട്ടടുത്ത് അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധിയുടെ അടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് എന്നിവര്‍ക്കാണ് ഇരിപ്പിടം നല്‍കിയത്. ചടങ്ങിനെത്തിയ ഏക ബിജെപി നേതാവ് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും മുന്‍നിരയിലായിരുന്നു. അതേസമയം പ്രിയങ്കയും കുടുംബവും, വിഡി സതീശനടക്കം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും രണ്ടാം നിരയിലായി. ഇടത് നേതാക്കളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല.

◾ ഡല്‍ഹി നിയമ മന്ത്രി കപില്‍ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. മുസ്തഫാബാദ് സ്വദേശി സമീര്‍ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ യുവാവിന് നേരെ ഇരുപതോളം റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം.

◾ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതി ഭീകര സംഘടന വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകര്‍ത്തു. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

◾ ബഹ്‌റൈനിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഇറാന്റെ വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തെന്ന് ബഹ്‌റൈന്‍. ബഹ്‌റൈനിലെ യു.എസ് സൈനിക താവളത്തിന് നേരെ ആറ് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി.

◾ ഹോര്‍മൂസില്‍ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം. ഒമാനിലെ ഖസബിന് സമീപമാണ് ആക്രമണം ഉണ്ടായത്. കപ്പലിന്റെ എഞ്ചിന്‍ റൂമിന് തീ പിടിച്ചു. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. ഹോര്‍മൂസില്‍ ഈ മാസം ഇതുവരെ ആക്രമിക്കപ്പെട്ടത് 11 എണ്ണ കപ്പലുകളാണ്.

◾ ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുമോ എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചര്‍ച്ചയ്ക്ക് മാത്രമാണ് സാധ്യത.

◾ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ തലപ്പത്തേക്ക് ജെന്‍സെന്‍ ഹുവാങ് തിരിച്ചെത്തുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

◾ ഇറ്റാലിയന്‍ ക്ലബ് എ സി മിലാനിലേക്ക് ചുവടു മാറ്റാനുള്ള തയ്യാറെടുപ്പില്‍ പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍നാണ്ടസ്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റെലഗേഷന്‍ വിഭാഗത്തിലേക്ക് വീണു പോയതോടെ ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പുവെക്കാന്‍ താരം തയ്യാറാകുന്നില്ല. 2027 ജൂണില്‍ കരാര്‍ അവസാനിക്കാനിരിക്കെ, ക്ലബ്ബ് മുന്നോട്ടുവെച്ച രണ്ടാമത്തെ കരാര്‍ വാഗ്ദാനവും ബ്രൂണോ തള്ളിക്കളഞ്ഞു എന്നാണ് വിവരം

◾ ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും ഇന്ത്യ-പാക് ഫൈനല്‍ പോര്. സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശിലെ ധാക്കയിലുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7.30 ന് ഏറ്റുമുട്ടും.

◾ കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12470 രൂപയും, പവന് 99760 രൂപയുമായി.

◾ കറുത്ത ടക്‌സീഡോ ധരിച്ച് ഇരുട്ടില്‍ നിന്ന് കൈത്തോക്കുമായി പുറത്തേക്ക് വരുന്ന ഏജന്റ് 007. 'ഐഡന്റിറ്റി കണ്‍ഫേംഡ്' 'ജെയിംസ് ബോണ്ട് തിരിച്ചെത്തും' എന്ന കുറിപ്പോടെ ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് പുതിയ ജെയിംസ് ബോണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ പുതിയ ജെയിംസ് ബോണ്ട് ആകും. ഹാരി പോട്ടറിലെ സെഡ്രിക്കായും ട്വിലൈറ്റിലെ എഡ്വേര്‍ഡ് കുള്ളനായും ബാറ്റ്മാനായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നാല്പതുകാരന്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ ഇനി ഹോളിവുഡിന്റെ ഏറ്റവും പ്രശസ്തനായ രഹസ്യ ഏജന്റാകും. പുതിയ ചിത്രത്തിന്റെ പേര്, ചിത്രീകരണം ആരംഭിക്കുന്ന തീയതി, മറ്റ് താരങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.

◾ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് പുതിയ കാര്‍ ബ്രാന്‍ഡുമായി ജെഎസ്ഡബ്ല്യു മോട്ടോഴ്സ് ഡിസംബര്‍ 3ന് പുതിയ പാസഞ്ചര്‍ വാഹന നിര അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ആദ്യ എസ്യുവി കോംബാറ്റ് എന്ന പേരില്‍ വിപണിയിലെത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന ജെറ്റൂര്‍ ടി2 അടിസ്ഥാനമാക്കിയായിരിക്കും പുതിയ എസ്യുവി നിര്‍മിക്കുക. പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന കോംബാറ്റിന് ഫുള്‍ ടാങ്കില്‍ ഏകദേശം 1,100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാഹനത്തിന്റെ ഡെലിവറി 2027ലായിരിക്കും ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ ജെഎസ്ഡബ്ല്യുവിന്റെ നിര്‍മാണശാലയിലായിരിക്കും എസ്യുവി അസംബിള്‍ ചെയ്യുക. ഏകദേശം 25 ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നുണ്ട്.

◾ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്‍ വഴി ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന ധാതുവാണ് ഇരുമ്പ്. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍, അത് ക്ഷീണം, തലകറക്കം, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകും. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കൂട്ടാന്‍ മത്തങ്ങ് വിത്തുകള്‍ നല്ലതാണ്. ഇതില്‍ ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ പിടി മത്തങ്ങ് വിത്തുകള്‍ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രതിദിന ഇരുമ്പിന്റെ അളവ് ലഭിക്കാന്‍ സഹായിക്കും. കൂടാതെ വെള്ള കടലയില്‍ പ്രോട്ടീനും നാരുകള്‍ക്കും പുറമെ, ശരീരത്തിന് ആവശ്യമായ ഇരുമ്പിന്റെ അംശവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേ സമയം കൂടുതല്‍ കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റിലും കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം, ചെമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ലഘുഭക്ഷണമായോ മധുരപലഹാരമായോ അല്പം കഴിക്കുന്നത്, ശരീരത്തിലേക്ക് ഇരുമ്പ് എത്തിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.66,പൗണ്ട് - 123.58,യൂറോ - 103.08,സ്വിസ് ഫ്രാങ്ക് - 111.59, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 63.15, ബഹ്‌റൈന്‍ ദിനാര്‍ - 249.09, കുവൈത്ത് ദിനാര്‍ - 300.50, ഒമാനി റിയാല്‍ - 243.58, സൗദി റിയാല്‍ - 24.98, യു.എ.ഇ ദിര്‍ഹം - 25.50, ഖത്തര്‍ റിയാല്‍ - 25.73, കനേഡിയന്‍ ഡോളര്‍ 65.48
Previous Post Next Post
3/TECH/col-right