കത്തറമ്മല്‍ : രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം കടത്തുന്ന ലോറികളുടെ സഞ്ചാരം നിർബാധം തുടരുന്നു. കഴിഞ്ഞ ദിവസം കത്തറമ്മല്‍ - പരപ്പന്‍പോയില്‍ റോഡില്‍ നമ്പര്‍ പ്ലേറ്റില്ലാതെ ചീറിപ്പാഞ്ഞ ലോറിക്ക് പിറകെ ഒരു പറ്റം യുവാക്കള്‍ പിന്തുടര്ന്നെങ്കിലും മുക്കം ഭാഗത്തേക്ക് കടന്ന് കളഞ്ഞു. ലോറിയില്‍ നിന്നും ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്നാണ് പിന്തുടര്‍ന്നതെന്നും ലോറി ഡ്രൈവര്‍ പെരിന്തല്‍മണ്ണയിലേക്കുള്ള റോഡ് തിരക്കിയിരുന്നതായും യുവാക്കള്‍ പറഞ്ഞു.
കക്കൂസ് മാലിന്യം കടത്തുന്ന ലോറികൾ നാട്ടുകാർക്ക് വലിയ ആശങ്കയും പ്രതിഷേധവും സൃഷ്ടിക്കുകയാണ്. ഇത്തരം വാഹനങ്ങളുടെ സഞ്ചാരം തടയണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തത് ജനങ്ങളെ നിരാശരാക്കുന്നു.
രാത്രികാലങ്ങളിൽ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്ന വേസ്റ്റ് ലോറികൾ പലതും മഞ്ചേരി, പെരിന്തല്‍മണ്ണ, പാണ്ടിക്കാട് ഭാഗങ്ങളില്‍ നിന്നാണ് വരുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. നാട്ടുകാർ പലപ്പോഴും പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്കും കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
രാത്രിയുടെ മറവിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾക്ക് തടയിടാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നും വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. രാത്രികാല വേസ്റ്റ് ലോറി സഞ്ചാരം അവസാനിപ്പിക്കാൻ അധികൃതർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കുമോ എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
Tags:
THAMARASSERY