2026 | നവംബര്‍ 7 | ശനി
1202 | തുലാം 21 | ചിത്തിര
◾ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും കനത്ത ആഘാതമാണ് ഏല്‍പിച്ചതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞാലും തകര്‍ന്ന സംവിധാനങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനവും വളരെയധികം സമയവും വേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി.
◾ ഇറാനില്‍ ഒരു ചെറിയ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് സൈന്യം പരിമിതമായ തോതില്‍ വ്യോമാക്രമണം നടത്തിയെന്നാണ് ട്രംപ് അറിയിച്ചത്. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കനത്ത പരാജയം നേരിട്ടതിനു ശേഷം ട്രംപ് ഭരണകൂടം ഇറാനെതിരെ നടത്തുന്ന ആദ്യ സൈനിക നീക്കമാണിത്. അതേസമയം തങ്ങളെ ആക്രമിച്ചാല്‍ 'ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ' യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.
◾ സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറത്തും കോഴിക്കോട്ടുമായി അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
◾ എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണര്‍ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കായംകുളത്തെ റോമാ സെന്റര്‍ ബാറുമായി എക്‌സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് എന്നും ഏതൊരു ജനാധിപത്യ സര്‍ക്കാരും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യതയുള്ള ചോദ്യവുമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
◾ പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി ഉത്തരവിന് ശേഷമേ ഹാജരാകൂ എന്ന് ബൈജു നേരത്തെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശമെന്ന് വ്യക്തമാക്കിയാണ്, വീണ്ടും നോട്ടീസ് നല്‍കിയത്.
◾ കൊച്ചിയിലെ ഡോക്ടര്‍ക്കെതിരായ പീഡനക്കേസില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിന്റെ മൊബൈല്‍ ഫോണില്‍ ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. ഡോക്ടര്‍ ഒളിവിലായതിനാല്‍ ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.
◾ ഡിവൈഎസ്പി വി ഹംസയെ തിരിച്ചെടുത്തു. ക്രിമിനല്‍ പശ്ചാത്തലം ആരോപിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയ ഡിവൈഎസ്പിയെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഹംസ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരിച്ചെടുക്കല്‍.
◾ ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടായെന്നും കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. കെപിസിസി പ്രസിഡന്റുമായി എംഎല്‍എ സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ കേസ് പിന്‍വലിച്ചു ഇതേ തുടര്‍ന്നാണ് അച്ചടക്ക നടപടികള്‍ പിന്‍വലിച്ചതെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
◾ എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാര്‍ ആണെന്നുള്ളതാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എക്‌സൈസ് മന്ത്രി ഇതിന് മറുപടി പറയണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
◾ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. അദ്ദേഹം സമരപ്പന്തലിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വിദ്യാര്‍ഥികള്‍ എന്തിന് മാപ്പ് പറയണമെന്നും അവര്‍ അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും പ്രകാശ് രാജ് പ്രതികരിച്ചു.
◾ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍ സിഐടിയു വിന്റെ പുതിയ ജനറല്‍ സെക്രട്ടറി ആകും. വി ശിവന്‍കുട്ടി ട്രഷറര്‍ ആകും. ടി പി രാമകൃഷ്ണന്‍ പ്രസിഡണ്ടായി തുടരും.
◾ മലപ്പുറം വൈലത്തൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റില്‍. ഒളിവില്‍ പോയ തിരൂര്‍ സ്വദേശി മുഹമ്മദ് സഫ്വാനെ ആലപ്പുഴയില്‍ വച്ചാണ് പിടികൂടിയത്. മറ്റൊരു പ്രതി ദില്‍ഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍. റെയില്‍വേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണ്‍ സമര്‍പ്പിച്ച നഷ്ടപരിഹാര ഹര്‍ജിയാണ് ട്രിബ്യൂണല്‍ തള്ളിയത്.
◾ തിരുവനന്തപുരം നന്തന്‍കോട് നിര്‍മ്മാണം തടസ്സപ്പെട്ട ഫ്‌ലാറ്റില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഫോറന്‍സിക്ക് പരിശോധനയില്‍ പുരുഷന്റെ അസ്ഥിക്കൂടം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
◾ മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. സെക്ഷനില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കവര്‍ന്ന കേസില്‍ കാട്ടീവീട്ടില്‍ ഇഹാബ് ഹംസ പിടിയിലായി. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വേങ്ങര പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
◾ വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ വീട്ടിലെ 9 അംഗങ്ങളെ നഷ്ടപ്പെടുകയും പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിക്കുകയും ചെയ്ത ശ്രുതി പുതിയ ജീവിതത്തിലേക്ക്. വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരന്‍. മുന്‍ മന്ത്രി കെ രാജന്‍ ചടങ്ങില്‍ പങ്കെടുത്തു.
◾ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി പരാക്രമം നടത്തിയ സിപിഎം പാര്‍ട്ടിയംഗം അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശിയായ ഹംസത്താണ് പിടിയിലായത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.
◾ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കണ്ണൂരില്‍ 17-കാരന്‍ മരിച്ചത് ചികിത്സയിലെ ഗുരുതര അനാസ്ഥ കാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ക്ലിനിക്കിനും രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ തുടരന്വേഷണം നടത്താനും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
◾ കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി. കവലയിലെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ചന്ദ്രനെ (82) ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഇയാള്‍ നടത്തിവന്നിരുന്ന സന്തോഷ് ഹോട്ടലിന് പിന്നിലെപുരയിടത്തില്‍എട്ടു മണിയോടെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
◾ പെട്രോളില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ സാന്നിധ്യമുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ കണ്ടെത്തല്‍ തള്ളി എണ്ണ കമ്പനികള്‍ സംയുക്ത വാര്‍ത്താക്കുറിപ്പ് ഇറക്കി. പരിശോധന അംഗീകൃത രീതിയിലല്ലെന്നാണ് എണ്ണ കമ്പനികളുടെ വാദം.
◾ കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനാ ഫലങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ ഇ20 പെട്രോള്‍ നയത്തില്‍ വന്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ പ്രധാനമന്ത്രിക്ക് മുന്നില്‍വെച്ച സംവാദത്തിനായുള്ള വെല്ലുവിളി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും സര്‍ക്കാരിന്റെ നയങ്ങള്‍കൊണ്ട് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുന്നത് ആര്‍ക്കാണെന്ന ചോദ്യംകൂടി ഈ സംവാദത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
◾ അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിനെ മാറ്റി, തന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായ സ്റ്റീഫന്‍ മില്ലറെ ആ സ്ഥാനത്തേക്ക് നിയമിക്കും. നവംബര്‍ 9 ന് സ്റ്റീഫന്‍ മില്ലര്‍ ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.
◾ ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് രണ്ടുകോടി ഡോളര്‍വരെ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ആവശ്യമെങ്കില്‍ വിവരം കൈമാറുന്നവര്‍ക്ക് താമസിക്കാന്‍ പുതിയ സ്ഥലവും ഒരുക്കിക്കൊടുക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പറയുന്നു.
◾ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ഏഴാം റൗണ്ടില്‍ ഫോഴ്‌സ കൊച്ചിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആധികാരിക വിജയത്തോടെ മലപ്പുറത്തിന്റെ തിരിച്ചുവരവ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും 13 പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും തുടരുന്നു.
◾ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 13 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാകുന്നത്. 64 മത്സരങ്ങളില്‍ നിന്ന് 229 വിക്കറ്റുകള്‍ നേടി. 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അവസാനമായി ഷമി ഇന്ത്യയുടെ വെള്ള ജഴ്സി അണിഞ്ഞത്.
◾ അടുത്ത സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇംപാക്ട് പ്ലെയര്‍ നിയമം തുടരുമെന്ന് സൂചന. 2023ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് ഓരോ ടീമിനും മത്സരത്തിനിടെ പ്ലേയിംഗ് ഇലവനിലെ താരത്തിന് പകരം മറ്റൊരാളെ കളിപ്പിക്കാം, കളിയുടെ ഗതിക്ക് അനുസരിച്ച് ടീമുകള്‍ക്ക് ബാറ്ററേയോ ബൗളറേയോ അധികമായി ഇലവനില്‍ ഉള്‍പ്പെടുത്താം എന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമത്തിന്റെ പ്രത്യേകത.
◾ നാസയുടെ ആര്‍ട്ടെമിസ് II ദൗത്യം ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഉപരിഭാഗത്ത് താല്‍ക്കാലിക 'ദ്വാരം' സൃഷ്ടിച്ചതായി കണ്ടെത്തല്‍. 'ജിയോഫിസിക്കല്‍ റിസര്‍ച്ച്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തായ്വാനിലെ നാഷണല്‍ ചെങ് കുങ് സര്‍വകലാശാലയിലെ ഗവേഷകരാണ് പടനം നടത്തിയത്. ആര്‍ട്ടെമിസ് II വിക്ഷേപണവും റോക്കറ്റ് എക്‌സ്‌ഹോസ്റ്റും ഇതിന് കാരണമായെന്നാണ് ഗവേഷകര്‍ പറയുന്നത്.
◾ ദിലീപിനെയും തമന്ന ഭാട്ടിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളില്‍ എത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിങ്ങിന് എത്തുന്നത്. നവംബര്‍ 13-ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
◾ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'മെല്‍കൗ പോണ്ടിച്ചേരി'യിലെ ആദ്യ ഗാനം 'മല്ലിക മേനക' പുറത്തിറങ്ങി. ഇലക്ട്രോണിക് കിളി സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. എസ്.യു.വി.യുടെ റാപ്പും മുത്തുവിന്റെ വരികളും ചേര്‍ന്നതാണ് ഗാനം. നിഖില്‍ മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 13ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
◾ ഇന്നത്തെ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഒരു ഗ്രാമിന് 14,357 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഒരു ഗ്രാമിന് 13,160 രൂപയുമാണ്.
◾ ഇലക്ട്രിക് വാഹന വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ടാറ്റ കുനോ എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന കോംപാക്ട് ഇലക്ട്രിക് എസ്യുവി ഉടന്‍ വിപണിയിലെത്തിക്കാന്‍ ടാറ്റ മോട്ടോഴ്സ്. എംജി വിന്‍ഡ്സര്‍ ഇവിക്ക് നേരിട്ടുള്ള എതിരാളിയായാണ് പുതിയ വാഹനം എത്തുക. 2027 അല്ലെങ്കില്‍ 2028ല്‍ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾ ഭക്ഷണത്തിലൂടെ ലഭിക്കുന്ന നാരുകള്‍ (ഡയറ്ററി ഫൈബര്‍) സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒരു പ്രധാന പോഷകമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കാത്തത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും, കുടലിലെ ഗുണകരമായ ബാക്ടീരിയകള്‍ക്ക് പോഷകങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.10, പൗണ്ട് - 125.90, യൂറോ - 105.05, സ്വിസ് ഫ്രാങ്ക് - 114.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 64.70, ബഹ്‌റൈന്‍ ദിനാര്‍ - 249.77, കുവൈത്ത് ദിനാര്‍ - 302.34, ഒമാനി റിയാല്‍ - 244.25, സൗദി റിയാല്‍ - 25.04, യു.എ.ഇ ദിര്‍ഹം - 25.63, ഖത്തര്‍ റിയാല്‍ - 25.80, കനേഡിയന്‍ ഡോളര്‍ - 66.77.
Tags:
KERALA