Trending

പ്രഭാത വാർത്തകൾ

2026 നവംബര്‍ 8 | ഞായര്‍ 
1202 തുലാം 22 | ചോതി
1448 ജ : അവ്വൽ 27

◾ ഏവര്‍ക്കും ദീപാവലി ആശംസകള്‍. ഇരുളിന് മേല്‍ വെളിച്ചത്തിന്റെയും തിന്മയ്ക്ക് മേല്‍ നന്മയുടെയും നിരാശയ്ക്ക് മേല്‍ പ്രതീക്ഷയുടെയും വിജയമാണ് ദീപാവലിയെന്ന സന്ദേശവുമായി രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

◾ അടിയന്തരാവസ്ഥ ഒരു 'വലിയ തെറ്റായിരുന്നുവെന്ന്' കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. അടിയന്തരാവസ്ഥയ്ക്കായി ഇന്ദിരാ ഗാന്ധിക്ക് മേല്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയത് സഞ്ജയ് ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളാണെന്നും ഒരു ജനാധിപത്യവാദിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തീരുമാനത്തില്‍ ഒരിക്കലും തൃപ്തിയുണ്ടായിരുന്നില്ലെന്നും സോണിയ പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളുടെയും നാശനഷ്ടങ്ങളുടെയും വ്യാപ്തി വര്‍ധിപ്പിച്ചത് സഞ്ജയ് ഗാന്ധിയാണെന്നും അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നെങ്കില്‍ അതിക്രമങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കാമായിരുന്നുവെന്നും സോണിയ വ്യക്തമാക്കി. തന്റെ ആത്മകഥയുടെ പ്രകാശനത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖങ്ങളിലാണ് സോണിയ ഗാന്ധിയുടെ ഈ തുറന്നുപറച്ചില്‍.

◾ വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കെ.എസ്.ഇ.ബി. സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച ഹിമാചല്‍ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസല്‍ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പിണറായി ചോദിച്ചു.



◾ ടിഷ്യു പേപ്പറുകളിലൊന്നും തങ്ങള്‍ ഒപ്പിടാറില്ലെന്നും ഫയല്‍ പഠിച്ചാണ് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രേഖകള്‍ ഉദ്ധരിച്ച് താന്‍ മറുപടി നല്‍കിയിട്ടും അതേ ആരോപണം പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിക്കുന്നതിലാണ് ദുരൂഹതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◾ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കെട്ടിട നമ്പര്‍ ഉണ്ടായിരുന്ന കെട്ടിടങ്ങള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്ന സംരംഭകര്‍ക്കുമുള്ള നഷ്ടപരിഹാര വിതരണം ഉടന്‍ ആരംഭിക്കും. കെട്ടിട നമ്പര്‍ ഇല്ലാത്ത കെട്ടിടങ്ങള്‍, പെര്‍മിറ്റോ ലൈസന്‍സോ ഇല്ലാത്ത സ്ഥാപനങ്ങള്‍, പെര്‍മിറ്റോ ലൈസന്‍സോ ആവശ്യമില്ലാതിരുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രാദേശിക അന്വേഷണം നടത്തി പ്രസക്തമായ തെളിവുകള്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

◾ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ. മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിവിലാണ്. എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നത്? 56 ഇഞ്ചുകാരന്‍ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം വ്യക്തമാക്കിയെന്നും ദീപ്കെ പറഞ്ഞു.`ജന്തര്‍മന്തര്‍ അറ്റ് കൊച്ചി' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ പ്രകാശ് രാജും ചടങ്ങില്‍ പങ്കെടുത്തു.

◾ ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ആന്റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കുമെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഇ ഡി കേസ് വരുന്നതിന് തൊട്ട് മുന്നെ മെസി കേസിലെ പൊലീസ് എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചു.

◾ പെട്രോള്‍ ഉല്‍പ്പന്നങ്ങളില്‍ അനുവദനീയമായ പരിധിയിലും അധികമായി എഥനോള്‍ കലര്‍ത്തി വില്‍ക്കുന്നുണ്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ വ്യാപക പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.


◾ ചെന്നിത്തലയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെന്നിത്തല മുണ്ടോലിക്കടവ് തട്ടാരുപറമ്പില്‍ ആനിബാബു (56) ആണ് മരിച്ചത്.

◾ സ്‌കൂട്ടറിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവതി മരിച്ചു. ഒല്ലൂക്കര ബ്രഹ്‌മകുളം വീട്ടില്‍ ഏയ്ഞ്ചല്‍ (20) ആണ് മരിച്ചത്. അനുജനെ മണ്ണുത്തിയില്‍ ട്യൂഷനു അയച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

◾ സാമ്പത്തിക തട്ടിപ്പുകള്‍ക്കായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിച്ച് നല്‍കുന്ന വന്‍ മാഫിയാ സംഘത്തിലെ മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പണം വാഗ്ദാനം ചെയ്ത് എ.ടി.എം കാര്‍ഡുകളും പാസ് ബുക്കുകളും ശേഖരിക്കുന്നതാണ് ഇവരുടെ രീതി. ബാങ്കിംഗ് രേഖകള്‍ കൈമാറുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

◾ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിയോടനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് മറൈന്‍ ഡ്രൈവ് അടക്കമുള്ള പ്രധാന റോഡുകളില്‍ നിയന്ത്രണം. യാത്രാതടസ്സം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.
 
◾ സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 26 ദിവസത്തിനുള്ളില്‍ 23,040 പേര്‍ക്കെതിരെ കേസ്. ഒക്ടോബര്‍ 13 മുതല്‍ ഇന്നലെ രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. 2762 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍. കാസര്‍കോട് ആണ് ഏറ്റവും കുറവ്.



◾ മറ്റത്തൂര്‍ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സിപിഎം നീക്കം പാളി. ബിജെപിയും കോണ്‍ഗ്രസും വിട്ടുനിന്നതോടെ കോറം തികയാത്തതിനാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.

◾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം വരെ 20 കോടിയായിരുന്ന ഒന്നാം സമ്മാനത്തുകയിലാണ് 5 കോടി രൂപയുടെ വര്‍ധനവ് വരുത്തിയിരിക്കുന്നത്.

◾ പാലക്കാട് മുണ്ടൂരില്‍ പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂര്‍ പാലക്കീഴ് സ്വദേശികളായ ജഗദീഷ് - .തുളസി ദമ്പതികളുടെ മകള്‍ അനുശ്രീയാണ് മരിച്ചത്.

◾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ആര്‍.ഐയുടെ വന്‍ സ്വര്‍ണവേട്ട. ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.67 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ കസ്റ്റഡിയിലെടുത്തു.

◾ കര്‍ണാടകയിലെ വിജയപുരയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്ത സമീര്‍ മുല്ലയെ ആണ് കാലില്‍ വെടിവച്ച് കീഴ്പ്പെടുത്തിയത്. പിടികൂടാന്‍ എത്തിയപ്പോള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് വിശദീകരണം. സംഭവത്തില്‍ ആകെ നാല് പ്രതികള്‍ പൊലീസിന്റെ പിടിയിലായി.

◾ വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഐടി കമ്പനിമേധാവിയായ പരംജീത് ധന്‍കര്‍ (42) അയല്‍വാസിയായ മോഹന്‍ എന്ന മോനു ശര്‍മ വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടര്‍ 21 സിയിലാണ് സംഭവം.

◾ മോദിയുടെ 12 വര്‍ഷത്തെ ഭരണം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ ക്ഷതമുണ്ടാക്കിയെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയായി 1975ലെ അടിയന്തരാവസ്ഥ ഓര്‍മ്മിപ്പിച്ച് ബിജെപി രംഗത്തെത്തി. സോണിയയുടെ ഓര്‍മ്മക്കുറിപ്പുകളായ 'ബിലോങ്ങിങ് : എ ജേര്‍ണി ഓഫ് ലവ്' നവംബര്‍ 10ന് പുറത്തിറങ്ങും

◾ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് സമിതിയെ തമിഴ്‌നാട്ടിലെ വിജയ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനമിറക്കി. കേന്ദ്ര - സംസ്ഥാന ബന്ധങ്ങള്‍ സംസ്ഥാന നിയമ കമ്മീഷന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും ഇതിനായി പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

◾ ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദത്തില്‍ എണ്ണക്കമ്പനികളുടെ വിശദീകരണത്തില്‍ മറുപടിയുമായി കര്‍ണാടക മന്ത്രി. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി റിസ്വാന്‍ അര്‍ഷാദാണ് എണ്ണക്കമ്പനികള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്. എണ്ണക്കമ്പനികളുടേത് കോപ്പി-പേസ്റ്റ് മറുപടിയാണെന്ന് പറഞ്ഞ മന്ത്രി, അതിനുള്ള വിശദമായ മറുപടി തിങ്കളാഴ്ച നല്‍കുമെന്നും വ്യക്തമാക്കി.

◾ പ്രമുഖ ആത്മീയ പ്രഭാഷകന്‍ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്ത് പൊലിസ്. മഹാരാഷ്ട്രയിലെ പൂണെ സ്വദേശിനിയായ ഭക്തയുടെ പരാതിയിലാണ് നടപടി.

◾ നെയ്റോബിയില്‍ യേശുവിനെ കാണിച്ചുനല്‍കാമെന്ന് അവകാശപ്പെട്ട് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്ററിന് 200 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് തലവനായ പോള്‍ മക്കന്‍സിയെയാണ് 200 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.കെനിയയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെന്‍സി പള്ളിയില്‍ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.

◾ ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി അറബ് പാര്‍ട്ടികള്‍ക്ക് മുന്നില്‍ 4 കടുത്ത ഉപാധികള്‍ വെച്ച് ഗാദി ഐസന്‍കോട്ട്. ഇസ്രായേലിനെ ജൂത രാജ്യമായി അംഗീകരിക്കുക, ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുക എന്നിവയടക്കമുള്ള ഉപാധികളാണ് മുന്നോട്ടുവച്ചിരിക്കുന്നത്

◾ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ സാന്നിധ്യവും, മേഖലയിലെ യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളും മുന്‍നിര്‍ത്തി ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു.

◾ പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ പ്രധാന മാര്‍ക്കറ്റ് ചത്വരത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ വെടിവെച്ച് വീഴ്ത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി പോലീസ് അറിയിച്ചു.

◾ ഐഎസ്എല്ലില്‍ മൂന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി ചെന്നൈയിന്‍ എഫ് സി. ബ്രിസണ്‍ ഫെര്‍ണാണ്ടസ്, ഇര്‍ഫാന്‍ യദ്വാദ് എന്നിവര്‍ ചെന്നൈയിന്‍ എഫ് സിക്കായി ഇരട്ടഗോളുകള്‍ നേടി.

◾ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിനാണ് ഇന്ത്യയുടെ ജയം. കീവീസിനെ.134 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 26 ഓവറില്‍ 113 ന് 7 എന്ന നിലയില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു.

◾ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കി സൂപ്പര്‍ താരം വിരാട് കോലി. മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും ഏകദിന ക്രിക്കറ്റില്‍ കിവീസിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോലി മാറി. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡാണ് കോലി മറികടന്നത്.

◾ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിരമിക്കലിന് പിന്നാലെ പുതിയ ടീം പ്രഖ്യാപനവുമായി പോര്‍ച്ചുഗല്‍. പുതിയ സ്‌ക്വാഡിനെയും പുതിയ നായകനെയും പോര്‍ച്ചുഗല്‍ പ്രഖ്യാപിച്ചു. . റൊണാള്‍ഡോയ്ക്ക് പകരം മുതിര്‍ന്ന താരം ബെര്‍ണാഡോ സില്‍വ പോര്‍ച്ചുഗലിനെ നയിക്കും.

◾ ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഗോള്‍ഡ് ഇ.ടി.എഫുകളിലേക്ക് നിക്ഷേപതരംഗം. ഒക്ടോബര്‍ മാസത്തില്‍ മാത്രം 3,300 കോടി രൂപയുടെ അറ്റനിക്ഷേപമാണ് എത്തിയത്. ആറു മാസത്തിനിടെ സ്വര്‍ണവിലയിലുണ്ടായ തിരുത്തലാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. ഒക്ടോബറില്‍ രേഖപ്പെടുത്തിയ വന്‍തോതിലുള്ള നിക്ഷേപം ഇ.ടി.എഫുകളുടെ മൊത്തം ആസ്തിമൂല്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

◾ യു.എസ്. ഓഹരി വിപണിയായ വാള്‍സ്ട്രീറ്റില്‍നിന്ന് ഒറ്റദിവസം കൊണ്ട് 2.5 ലക്ഷം കോടി ഡോളര്‍ അപ്രത്യക്ഷമായി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഏഷ്യന്‍ വിപണികളിലേക്കും ഭീതി വ്യാപിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേരിയതോതില്‍ നഷ്ടം പ്രത്യക്ഷപ്പെട്ടെങ്കിലും സെന്‍സെക്സ് നേട്ടത്തിലെത്തി. എങ്കിലും ചാഞ്ചാട്ടം പ്രകടമാണ്.

◾ ഇലക്ട്രോണിക്‌സ് നിര്‍മാണമേഖലയിലും സെമികണ്ടക്ടര്‍ രംഗത്തും രാജ്യം സ്വയംപര്യാപ്തതയിലേക്കു കുതിക്കുന്നു. ഇലക്ട്രോണിക് ഘടക നിര്‍മാണ പദ്ധതി (ഇ.സി.എം.എസ്.) പ്രകാരം 7,503 കോടി രൂപയുടെ പുതിയ 12 പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. 1.27 ലക്ഷം കോടി രൂപയുടെ 'സെമികോണ്‍ 2.0' പദ്ധതിയിലെ അപേക്ഷകള്‍ക്ക് പോര്‍ട്ടലും തുറന്നു..ഇവയിലൂടെ 29,000 കോടിയിലേറെ രൂപയുടെ ഉത്പാദനവും ഏഴായിരത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണന്‍ അറിയിച്ചു. ബാറ്ററി നിര്‍മാണമേഖലയിലെ വിദേശ ആശ്രയത്വം കുറയ്ക്കാന്‍ രാജ്യത്ത് ആദ്യമായി കാഥോഡ് മെറ്റീരിയല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കും. ഇ.സി.എം.എസ്. ബജറ്റ് 22,000 കോടിയില്‍നിന്ന് 40,000 കോടി രൂപയായി ഉയര്‍ത്തി.

◾ 10,000 രൂപയുടെ മൂന്ന് വര്‍ഷത്തെ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഒരൊറ്റ റീചാര്‍ജിലൂടെ ഉപയോക്താക്കള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തടസമില്ലാത്ത 5G കണക്റ്റിവിറ്റിയും ജിയോ ഹോട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും 12 മാസ്‌ത്തെ കാന്‍വ പ്രോ ലൈറ്റും ക്ലൗഡ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നതാണ് പ്ലാന്‍.

◾ മൂക്കുത്തി അമ്മന്റെ' വന്‍വിജയത്തിനുശേഷം തിയേറ്ററുകളിലെത്തിയ നയന്‍താര ചിത്രം 'മൂക്കുത്തി അമ്മന്‍ 2'-ന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിക്കുന്നത്. ആദ്യദിനം രാവിലെ ആറു മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിങ് ഷോകളാണ് ലഭിച്ചത്. ബുക്ക് മൈ ഷോയില്‍ ബുക്കിങ് ആരംഭിച്ചതു മുതല്‍ ഇന്നുവരെ ഓരോ മണിക്കൂറിലും ട്രെന്‍ഡിങ്ങിലാണ് 'മൂക്കുത്തി അമ്മന്‍ 2'-ന്റെ ടിക്കറ്റ് വില്‍പ്പന. ഭയം, ഭക്തി, ഫാന്റസി, തമാശ എന്നിവയെല്ലാം ചേര്‍ന്ന കളര്‍ഫുള്‍ എന്റര്‍ടെയ്നറാണ് സുന്ദര്‍ സി. ദീപാവലിക്ക് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

◾ ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത 'ഓം ചാപ്റ്റര്‍ വണ്‍: ഉധിരം- ദ ബ്ലഡ് വുഡ്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന മമ്മൂട്ടിയും ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തിരുന്നു. വീണ്ടും തമിഴ് ചിത്രത്തിന്റ..ഭാഗമാവാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം പങ്കുവെച്ചു.

◾ സ്ത്രീകളില്‍ സ്തനങ്ങളില്‍ അനുഭവപ്പെടുന്ന ഭൂരിഭാഗം വേദനകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആര്‍ത്തവചക്രത്തിന് തൊട്ടുമുമ്പ് അനുഭവപ്പെടുന്ന വീക്കവും കാഠിന്യവും വേദനയും സാധാരണമായി ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലമാണ്. ഇത്തരം വേദനകള്‍ സാധാരണമായി ഭയപ്പെടേണ്ടതില്ലാത്തതും താത്കാലികവുമാണ്.

◾ കാന്‍സര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഭയവും ആശങ്കയും നിറയുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ കാന്‍സറിനെക്കുറിച്ചുള്ള അറിവില്ലായ്മയും രോഗനിര്‍ണയത്തിലുണ്ടാകുന്ന കാലതാമസവുമാണ് പലപ്പോഴും ചികിത്സയെ സങ്കീര്‍ണമാക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ഏറെ മുന്നേറിയിട്ടും കാന്‍സര്‍ ഇന്നും ലോകം നേരിടുന്ന പ്രധാന ആരോഗ്യപ്രതിസന്ധികളിലൊന്നാണ്. രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം, അപകടസാധ്യതകള്‍ കുറയ്ക്കാനുള്ള ജീവിതശൈലി, കൃത്യസമയത്തുള്ള പരിശോധന, ഫലപ്രദമായ ചികിത്സ എന്നിവയിലൂടെ കാന്‍സര്‍ മൂലമുള്ള മരണനിരക്കും രോഗബാധയുടെ ആഘാതവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
1963 ആഗസ്റ്റ് 28 - വാഷിങ്ടണിലെ ലിങ്കണ്‍ മെമ്മോറിയലിന്റെ പടവുകളില്‍ നിന്നുകൊണ്ട് ആ 34 കാരന്‍ ലോകത്തോട് സംസാരിച്ചു. 'എനിക്കൊരു സ്വപ്നമുണ്ട് '. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രസംഗം. കറുത്ത വര്‍ഗ്ഗക്കാരുടെ മോചനം സ്വപ്നം കണ്ട നേതാവിന്റെ ശബ്ദം. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ശബ്ദം. ലോകം കീഴടക്കിയ ആ പ്രസംഗത്തിനു പിന്നില്‍ ഒരു കഥയുണ്ട്. അമേരിക്കയില്‍ അടിമത്തം നിരോധിച്ച എബ്രഹാം ലിങ്കന്റെ പ്രഖ്യാപനത്തിന്റെ 100-ാം വാര്‍ഷികമായിരുന്നു വാഷിങ്ടണ്‍ മാര്‍ച്ച്. എല്ലായ്‌പോ ഴും ലിങ്കനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ലൂഥര്‍ തന്റെ പ്രസംഗം ആരംഭിച്ചിരുന്നത്. പ്രസംഗത്തിലുടനീളം തന്റെ സ്വപ്ന പരാമര്‍ശവും ഉണ്ടാകുമായിരുന്നു. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ലിങ്കന്‍ മെമ്മോറിയല്‍ ഈ പദപ്രയോഗം ഒഴിവാക്കാന്‍ തീരുമാനമെടുത്തു. ഇക്കാരണത്താല്‍ വളരെ ശ്രദ്ധയോടെയായിരുന്നു പ്രസംഗം തയ്യാറാക്കിയത്. സ്റ്റാന്‍ലി ലെവിസണ്‍, ക്ലാരന്‍സ് ബെഞ്ചമിന്‍ ജോണ്‍സ് എന്നിവരാണ് പ്രസംഗക്കുറിപ്പുകള്‍ തയ്യാറാക്കിയത്. നാളെ നടത്താന്‍ പോകുന്ന പ്രസംഗത്തെക്കുറിച്ച് തലേദിവസം സന്ധ്യവരെയും ഒരറിവും ഉണ്ടായിരുന്നില്ല. വലിയ ആള്‍ക്കൂട്ടം, ആവേശം അതിരുവിടാതെ സൂക്ഷിക്കേണ്ട ബാധ്യത സംഘാടകര്‍ക്കുണ്ടായിരുന്നു. എല്ലാം ഭദ്രം, 18 പേര്‍ പ്രസംഗിക്കുന്ന വേദിയില്‍ 16-ാമനായി മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങ് എത്തി. എഴുതി തയ്യാറാക്കിയ പ്രസംഗം ആരംഭിച്ചു. ഒട്ടും ആവേശമില്ലാത്ത ഒരു തണുപ്പന്‍ പ്രസംഗം ആയിരുന്നു അത്. പ്രസംഗം അവസാനിക്കാന്‍ പോകുന്നു. ആള്‍ക്കൂട്ടത്തിന്റെ മുന്‍നിരയില്‍ ആഫ്രിക്കന്‍ -അമേരിക്കന്‍ സുവിശേഷ ഗായികയായ മഹലൂയ ജാക്‌സണ്‍ നില്‍ക്കുന്നു. അവര്‍ ലുഥര്‍ കിങിനോട് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. 'മാര്‍ട്ടിന്‍ താങ്കള്‍ അവരോട് സ്വപ്നത്തെക്കുറിച്ച് പറയൂ ' . എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്നും ലൂഥര്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിഞ്ഞു. 'എനിക്കൊരു സ്വപ്നമുണ്ട് ' ജനം ആര്‍ത്തിരമ്പി. പ്രസംഗത്തില്‍ പല തവണ ആ പദപ്രയോഗം ആവര്‍ത്തിച്ചു. അപ്പോെഴല്ലാം ജനാരവം കൊടുങ്കാറ്റായി മാറി. അങ്ങനെ ആ പ്രസംഗം 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ അമേരിക്കന്‍ പ്രസംഗമായി തീര്‍ന്നു. സ്വതസിദ്ധവും സ്വാഭാവികതയും എന്നും തെളിഞ്ഞു തന്നെ നില്‍ക്കും. നമുക്ക് നമ്മളാകാം - ശുഭദിനം.
Previous Post Next Post
3/TECH/col-right