Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | നവംബര്‍ 4 | ബുധന്‍ 
1202 | തുലാം 18 | പൂരം

◾ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ചരിത്രവിജയത്തിലേക്ക്. നിലവിലെ ഫലസൂചനകള്‍ പ്രകാരം യു.എസ്. കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ പിടിച്ചെടുക്കും.

◾ 2026-ലെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കുമെന്നും കോണ്‍ഗ്രസിന്റെ ഭരണം നിര്‍ണയിക്കുന്ന ജനവിധിയെ മാനിക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ, തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ജയിക്കാനും തോല്‍ക്കാനും ഉള്ള കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്ന ഒരു 'പൊളിറ്റിക്കല്‍ പണ്ഡിറ്റാ'യി താന്‍ മാറുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

◾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുല്‍ഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവര്‍ തമ്മിലാണ് സംവാദം നടത്തേണ്ടതെന്നും ആ വാക്ക് രാഹുല്‍ഗാന്ധിക്ക് ഇന്നും അന്യമാണെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മതതീവ്രവാദികള്‍ മതേതരത്വത്തെ കുറിച്ച് പറയുന്നത് പോലെയാണ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയെന്നും കിരണ്‍ റിജിജു പ്രതികരിച്ചു.

◾ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തിന് അധികബാധ്യതയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അതുകൊണ്ടാണ് കുറഞ്ഞ വിലയില്‍ സ്വകാര്യ കമ്പനിയില്‍.നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും സ്വകാര്യകമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

◾ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട് നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടന്‍ പുനഃസ്ഥാപിക്കാനാണ് കോടതി ഉത്തരവ്. ഭരണസമിതി പിരിച്ചുവിട്ടത് നടപടിക്രമം പാലിക്കാതെ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. അഡ്മിനിസ്ട്രേറ്ററെ മാറ്റി ഭരണസമിതിയെ ഉടന്‍ പുനഃസ്ഥാപിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം

◾ സംസ്ഥാനത്ത് എക്‌സൈസ് മന്ത്രിയോ സര്‍ക്കാരോ അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഉദ്യോഗസ്ഥരെ നേരിട്ട് ബാര്‍ ലൈസന്‍സുകള്‍ നല്‍കാന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ വരുമെന്നും അതിനനുസരിച്ച് മാത്രമേ സംസ്ഥാനത്ത് ഇനി ബാറുകള്‍ അനുവദിക്കുകയുള്ളൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പിഎസ്സി ചെയര്‍മാനേയും അംഗങ്ങളേയും പിരിച്ചുവിടാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ശുപാര്‍ശ നല്‍കി എന്നതിന്റെ പേരില്‍ പിഎസ്സിയിലെ ക്രമക്കേടുകള്‍ മറയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

◾ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി . ആരോഗ്യവകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വില്‍ 12 തസ്തികയും കാത്ത് ലാബ് ടെക്‌നീഷ്യന്‍സിലേക്ക് 16 പുതിയ തസ്തികയും അംഗീകരിച്ചതായും, കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് പിരിച്ചുവിട്ടവര്‍ക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾ പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തെ അട്ടിമറിക്കാന്‍ കേസിലെ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ ശ്രമം. കമ്പ്യൂട്ടര്‍ വഴിയുള്ള മൂല്യനിര്‍ണ്ണയം താന്‍ നടത്തിയിട്ടേയില്ലെന്നും തനിക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലെന്നും ഇന്നലെ സതീഷ് അന്വേഷണ സംഘത്തോട് മൊഴി നല്‍കി.

◾ തിരുവനന്തപുരം ഡിവിഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, ടാറ്റ നഗര്‍-എറണാകുളം ജങ്ഷന്‍, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സര്‍വീസുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

◾ പാങ്ങപ്പാറ 17 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പുലര്‍ച്ചയോടെ വിട്ടയക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നല്‍കി. കരാറുകാരന്‍ സാജന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫയല്‍ മുഖ്യമന്ത്രിക്കും കൈമാറി. ഇതോടെ തുടരന്വേഷണത്തിന് സാധ്യത തെളിയുകയാണ്.

◾ ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ കോയമ്പേടിലുള്ള ബിഎല്‍എമ്മിന്റെ ആസ്ഥാന മന്ദിരം, കോയമ്പത്തൂര്‍, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലടക്കം പത്തോളം പ്രധാന കേന്ദ്രങ്ങളില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

◾ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്. കേസില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചാല്‍ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

◾ കൊയിലാണ്ടി പോക്സോ കേസില്‍ പ്രതി അബ്ദുല്‍ റഫീഖിന് ഹൈക്കോടതിയില്‍ തിരിച്ചടി. ജാമ്യം റദ്ദാക്കിക്കൊണ്ട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെയായിരുന്നു പ്രതിയുടെ ഹര്‍ജി. ഹര്‍ജി തള്ളിയതോടെ പ്രതി അബ്ദുള്‍ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

◾ ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് ഇത്തവണ ശക്തനായ എതിരാളിയുണ്ടായിട്ടും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. വിദേശസഹായത്തോടെ അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് നെതന്യാഹു ആരോപിക്കുമ്പോള്‍, ഖത്തര്‍ ഇത് നിഷേധിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇസ്രയേലില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നേക്കാം. ഇനി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ നെതന്യാഹു കാവല്‍ പ്രധാനമന്ത്രിയായി തുടരും.

◾ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് മികച്ച നേട്ടം. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായിരുന്ന സുഹാസ് സുബ്രഹ്‌മണ്യം ജനപ്രതിനിധിസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വിര്‍ജീനിയയിലെ പത്താം കോണ്‍ഗ്രഷണല്‍ ജില്ലയില്‍നിന്നാണ് 40-കാരനായ സുബ്രഹ്‌മണ്യം വിജയിച്ചത്.

◾ ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന പിക്ക്ആക്സ് പര്‍വതത്തിലെ രഹസ്യ ഭൂഗര്‍ഭ ആണവനിലയത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ആക്രമണമുണ്ടായാല്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പാകിസ്താനിലേക്കും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.

◾ ചാമ്പ്യന്‍സ് ലീഗില്‍ വിയ്യാറയലിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് പിഎസ്ജി ചരിത്രം കുറിച്ചു. മത്സരത്തിന്റെ ആദ്യ 17 മിനിറ്റിനുള്ളില്‍ തന്നെ നാല് ഗോളുകള്‍ അടിച്ചുകൂട്ടിയ പിഎസ്ജി, യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നാല് ഗോളുകള്‍ നേടുന്ന ടീമെന്ന റെക്കോഡും തൂക്കി.  

◾ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ (AMCs) വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഇടനിലക്കാരില്ലാത്ത ഡയറക്ട് പ്ലാനുകള്‍ (Direct Plans) ഡിഫോള്‍ട്ട് ഓപ്ഷനായി നല്‍കാന്‍ സെബി (SEBI) നിര്‍ദേശം നല്‍കി. കമ്മീഷന്‍ ചെലവുകള്‍ ഒഴിവാക്കി ദീര്‍ഘകാല നിക്ഷേപങ്ങളില്‍ 8 ലക്ഷം രൂപയിലധികം അധിക നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്നതാണ് ഈ തീരുമാനം.

◾ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡിസ്‌കോ'യുടെ ബുക്കിം?ഗ് ആരംഭിച്ചു. ചിത്രം നവംബര്‍ 6ന് തിയറ്ററുകളില്‍ എത്തും. ഉല്ലാസ് ചെമ്പന്റെ സഹോദരനും പ്രശസ്ത നടനും രചയിതാവുമായ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഈ ചിത്രം, ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് തന്നെയാണ് നിര്‍മ്മിക്കുന്നത്.സൂപ്പര്‍ഹിറ്റ് ചിത്രമായ 'അങ്കമാലി ഡയറീസി'ന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന സവിശേഷതയുമുണ്ട്.

◾ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'മെല്‍കൗ പോണ്ടിച്ചേരി' നവംബര്‍ 13ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. നിഖില്‍ മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അരുണ്‍ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപിയും ജസ്റ്റിന്‍ ആന്‍ഡ് മാത്യു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

◾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ നയന്‍താര ചിത്രം 'മൂക്കുത്തി അമ്മന്' ശേഷം, വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് നിര്‍മിച്ച് സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന 'മൂക്കുത്തി അമ്മന്‍ 2: മഹാശക്തി'യുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും .

◾ ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന കോഡിംഗ് സെഷനുകള്‍ വേഗത്തിലാക്കാന്‍ 'മെസ്സേജ് ത്രെഡുകള്‍' (Message Threads) എന്ന പുതിയ ഫീച്ചറുമായി പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക് (Anthropic). ഓരോ തവണയും മുന്‍ ചാറ്റ് ഹിസ്റ്ററി മുഴുവനായി എപിഐലേക്ക് അപ്ലോഡ് ചെയ്യുന്നതിന് പകരം, സെര്‍വറുകളില്‍ താല്‍ക്കാലികമായി നിലനിര്‍ത്തിക്കൊണ്ടാണ് ഈ പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

◾ രാജ്യത്തെ ഏറ്റവും വലിയ ആതുര സേവന ശൃംഖലകളില്‍ ഒന്നായ കിംസ് ഹോസ്പിറ്റലിന്റെ ആഗോള നിലവാരമുള്ള ആശുപത്രി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സമ്പൂര്‍ണ്ണ സജ്ജമായ എമര്‍ജന്‍സി വിഭാഗവും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവും പ്രവര്‍ത്തന നിരതമായി.

◾ ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ 20 ടണ്‍ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാന്‍ ശേഷിയുള്ള അടുത്ത തലമുറ വിക്ഷേപണവാഹനം (എന്‍.ജി.എല്‍.വി.) 'സൂര്യ'റോക്കറ്റ് ഒരുങ്ങുന്നു. നിലവില്‍ ഉപയോഗിക്കുന്ന, പത്ത് ടണ്‍ ഭാരമെത്തിക്കാന്‍ ശേഷിയുള്ള എല്‍.വി.എം. മൂന്ന് റോക്കറ്റിനെക്കാള്‍ രണ്ടിരട്ടി കരുത്തുണ്ടാവും.

◾ തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സില്‍ 350ലധികം പോയിന്റിന്റെ നേട്ടമാണ് ഉണ്ടായത്. 77,000 എന്ന സൈക്കോളജില്‍ ലെവലിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,000ലേക്ക് അടുക്കുകയാണ്.എണ്ണവില കുറഞ്ഞതും അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

◾ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നും പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയും 200 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

◾ അസാധാരണമാംവിധം ഉയര്‍ന്നതോ താഴ്ന്നതോ ആയ ഹീമോഗ്ലോബിന്‍ നില ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. മ്യൂണിക്കില്‍ ഒക്ടോബറില്‍ നടന്ന 39-ാമത് ഋഇചജ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പഠനം ജേണല്‍ ഓഫ് അല്‍സ്ഹൈമേഴ്സ് ഡിസീസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ബുസാനിലുള്ള ഡോങ്-എ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നടത്തിയത്. പ്രായപൂര്‍ത്തിയായവരിലെ ഹീമോഗ്ലോബിന്‍ നിലയും ഡിമെന്‍ഷ്യ സാധ്യതയും തമ്മിലുള്ള ബന്ധം പരിശോധിച്ചാണ് പഠനം നടത്തിയത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.69, പൗണ്ട് - 127.53, യൂറോ - 106.49, സ്വിസ് ഫ്രാങ്ക് - 116.25, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.89, ബഹ്‌റൈന്‍ ദിനാര്‍ - 251.56, കുവൈത്ത് ദിനാര്‍ - 304.17, ഒമാനി റിയാല്‍ - 246.00, സൗദി റിയാല്‍ - 25.22, യു.എ.ഇ ദിര്‍ഹം - 25.78, ഖത്തര്‍ റിയാല്‍ - 26.11, കനേഡിയന്‍ ഡോളര്‍ - 67.81
Previous Post Next Post
3/TECH/col-right