2026 നവംബര്‍ 1 | ഞായര്‍
1202 തുലാം 15 | പൂയം
1448 ജ : അവ്വൽ 20
◾ കേരളം സപ്തതിയുടെ നിറവിലേക്ക്. മലയാള കരയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. ഏവര്‍ക്കും കേരള പിറവി ദിനാശംസകള്‍.
◾ ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി മാര്‍ച്ച് ഇന്ന്. എസ്ഐആര്‍ വിഷയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്താണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാസഖ്യം റാലി നടത്തുന്നത്. പത്ത് ലക്ഷം പേര് പങ്കെടുക്കുമെന്ന് കരുതുന്ന ഇന്ത്യാ സഖ്യ റാലിയ്ക്ക് കനത്ത സുരക്ഷാസജ്ജീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് റാലിക്ക് സമയം അനുവദിച്ചിട്ടുള്ളത്. ആ സമയപരിധിക്കപ്പുറം പരിപാടി അനുവദിക്കില്ലെന്നും രാത്രി, മൈതാനത്ത് തുടരാന്‍ അനുമതിയില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ദില്ലി രാജാജിമാര്‍ഗിലെ വസതിക്ക് മുന്നില്‍ ലോക്സഭയുടേതിന് സമാനമായി തയ്യാറാക്കിയ വേദിയിലാണ് വിചാരണ നടന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, എം എ ബേബി, ഡി രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്, ഐഷി ഘോഷ്, നേഹ ബോറ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ ജനകീയ വിചാരണയില്‍ പങ്കെടുത്തു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാര്‍ നിയമപരമായ വിചാരണ നേരിടണമെന്ന പ്രമേയവും പ്രതിപക്ഷം പാസാക്കി.
◾ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. അത്ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും ഒരുപോലെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം 2012 പോയിന്റ് എന്ന റെക്കോര്‍ഡ് പോയിന്റോടെയാണ് അഭിമാനകരമായ ഓവറോള്‍ കിരീടം സ്വന്തമാക്കിയത്.അതേസമയം, അത്ലറ്റിക്സില് മലപ്പുറം ജില്ലയ്ക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഹാട്രിക് കിരീടം നേടാനായി. അടുത്ത വര്‍ഷത്തെ കായികമേള കൊല്ലത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു.
◾ മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ സി.പി.ഐ.എം രംഗത്ത്. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് കുറ്റപ്പെടുത്തി.
◾ മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തില്‍ രൂക്ഷവിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ബിരുദദാന ചടങ്ങ് പോലെ അച്ചടക്കം പാലിക്കേണ്ട ഒരു പരിപാടി അലങ്കോലപ്പെടുത്തിയാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. പരിപാടിയില്‍ എങ്ങനെയെങ്കിലും പ്രശ്നം ഉണ്ടാക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയ ശേഷമാണ് താന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും മന്ത്രി വ്യക്തമാക്കി.
◾ നിയമന തട്ടിപ്പുകള്‍ക്ക് പിന്നില്‍ ചെയര്‍മാനും രാഷ്ട്രീയക്കാരായ മൂന്നംഗങ്ങളും അറസ്റ്റിലായ രണ്ടു ഉദ്യോഗസ്ഥരുമടങ്ങിയ ആറംഗ കോര്ഗ്രൂപ്പാണെന്ന് എസ് ഐടി കണ്ടെത്തല്‍. സെക്രട്ടറിയെ ഒഴിവാക്കി ഇവരാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പരീക്ഷാ കണ്ട്രോളര് ബിനി കെ എബ്രഹാമിനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും. ചോദ്യപേപ്പര്‍ തയ്യാറാക്കല്‍, അഭിമുഖസമിതി രൂപീകരണം, മാര്‍ക്കിടല്‍, റാങ്ക്ലിസ്റ്റും നിയമനവും എന്നിവയിലെല്ലാം ആറംഗ കോര്ഗ്രൂപ്പിന് പങ്കുണ്ട്. പരീക്ഷാ കണ്‍ട്രോളര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനാവില്ലെന്നും എസ്.ഐ.ടി പറയുന്നു.
◾ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കുകളില്‍ വരുത്തിയ വന്‍ വര്‍ധനവ് പ്രവാസി മലയാളി സമൂഹത്തില്‍ വലിയ പ്രയാസവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയും ഇടപെടലും ആവശ്യമാണെന്നും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുല്‍ ആബിദീന്‍. പ്രവാസികളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.
◾ നിപ മരുന്നിന്റെ പേരിലുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആരോഗ്യമന്ത്രി ഉദ്ദേശിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
◾ കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറിയിലും സംഘര്‍ഷത്തിലും എംഎസ്എഫിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് സിപിഎം ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സിപിഎം വ്യക്തമാക്കി.
◾ തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് - എസ് എഫ് ഐ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ് പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. സര്‍വകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.
◾ സെക്രട്ടറിയേറ്റിന് മുന്നില്‍ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എല്‍ പി എസ് ടി സമരസമിതി നേതാവ് വളര്‍മതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ഒന്നടങ്കം നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമരം കൂടുതല്‍ പ്രക്ഷോഭകരമായി തുടരുമെന്നും അവര്‍ പ്രഖ്യാപിച്ചു.
◾ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാന്‍ ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. സെപ്റ്റംബര്‍ ഒന്നിനുണ്ടായ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് നടപടി. യോഗ്യതയില്ലാതെ നേടിയ നിയമനമോ സ്ഥാനക്കയറ്റമോ റദ്ദാക്കാനും ഉത്തരവിലുണ്ട്. 2025 സെപ്റ്റംബര്‍ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്കൂളുകളില്‍ ഉള്‍പ്പെടെ നിയമനം നേടിയ അധ്യാപകരെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിടുക.
◾ 17 കാരന് ഓടിച്ച ബെന്‍സ് ഇടിച്ച് ചേരാനല്ലൂരില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പിണറായി, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും അഭിപ്രായപ്പെട്ടു. ശിക്ഷ ഉറപ്പാക്കാന്‍ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് പിണറായി ഉറപ്പുനല്‍കി.
◾ ചേരാനല്ലൂര്‍ അപകടത്തില്‍ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സാമൂഹിക മാധ്യമങ്ങളില്‍ 17കാരന്റെ വ്യക്തിഗത വിവരങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിര്‍ദേശം നല്കി.
◾ കാലടി സര്‍വകലാശാലയില്‍ വീണ്ടും പ്രതിഷേധം. സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റ് ഓപ്പണാക്കി നല്‍കിയില്ല. നവംബര്‍ നാലിനാണ് പരീക്ഷ. രജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റ് നേരത്തെ ക്ലോസ് ചെയ്തിരുന്നു.
◾ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ജവഹര്‍ ബാല്‍ മഞ്ച് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചാച്ചാജി ഗോള്‍ഡ് മെഡല്‍ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 25 സംസ്ഥാനങ്ങളിലാണ് ശിശുദിനത്തോട് അനുബന്ധിച്ച് ചിത്രരചന മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
◾ കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വിഷയത്തില്‍ നഗരസഭ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കും.
◾ പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് ഹരികുമാറിന്റെ മൊഴി. കോടതിയില്‍ കേസുള്ളതിനാല്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയില്ലെന്നും ബോധപൂര്‍വം ആരെയും സഹായിച്ചിട്ടില്ലെന്നും ഹരി മൊഴി നല്കി. കേസില്‍ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
◾ വെണ്ണലയില്‍ അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ എന്ന വി.എ. മോഹനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സി ബി ഐ കോടതി വെറുതെ വിട്ടു. തൃശ്ശൂര്‍ സ്വദേശി സന്തോഷ് കുമാര്‍ എന്ന കണ്ണനെ ആണ് വിചാരണ കൂടാതെ കോടതി വെറുതെ വിട്ടത്. ഇരുപത് വര്‍ഷം പഴക്കമുള്ള കൊലപാതക്കേസിലാണ് പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത്.
◾ കിഫ്ബിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കിഫ്ബി ധനസഹായം ലഭ്യമാക്കുന്ന ഏജന്‍സി മാത്രമാണെന്നും കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി ഭൂമി ഏറ്റെടുത്ത് സ്വാഭാവിക തുടര്‍ പ്രക്രിയ മാത്രമാണെന്നും പിണറായി വിജയന് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
◾ വിനോദയാത്ര വിവാദത്തിലായ വയനാട് മീനങ്ങാടി സ്കൂളിലെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. വടുവഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കാണ് പ്രിന്‍സിപ്പലിനെ മാറ്റിയത്. വിനോദയാത്രയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, സ്കൂള്‍ പി.ടി.എ പ്രസിഡന്റിനെ ചുമതലയില്‍ നിന്ന് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾ സംസ്ഥാന സ്കൂള്‍ കായികമേളയോടനുബന്ധിച്ചു കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അസോസിയേഷന് നല്കുന്ന മികച്ച ആണ് അത്ല റ്റിനുള്ള യു. എച്ച്. സിദ്ധിക്ക് മെമ്മോറിയല്‍ അവാര്‍ഡ് തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി. ടി. ബേബി മെമ്മോറിയല്‍ അവാര്‍ഡ് അനാമിക അജേഷിനും. കായികമേളയുടെ മുഖ്യ വേദിയായ എന്‍ഐടി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കായികതാരങ്ങളായ പ്രീജ ശ്രീധരന്, പി. യു. ചിത്ര, കുഞ്ഞുമുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ ഇറക്കുമതി കണ്ടെയ്നര്‍ കപ്പലെത്തി. ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് ഇന്നലെ ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ചൈനയിലെ നിങ്ബോയില്‍ നിന്ന് ബുക്ക് ചെയ്ത കണ്ടെയ്നര്‍ എം.എസ്.സി സബ്രീന കകക കപ്പലിലാണ് വിഴിഞ്ഞത്തെത്തിയത്.
◾ തിരുവനന്തപുരം അടിമലത്തുറ തീരത്തും കടലിലുമായി നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സൈനിക അഭ്യാസമായ ഓസ്ട്ര-ഹിന്ദ് ഇന്ന് വൈകിട്ടോടെ സമാപിക്കും. ഇന്ത്യന്‍ നാവികസേനയുടെയും കേരള അഗ്നിരക്ഷാസേനയുടെയും സഹകരണത്തോടെയാണ് അഭ്യാസം. നിലവിലെ ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ പങ്കാളിത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് സൈനിക ആഭ്യാസം സംഘടിപ്പിച്ചത്.
◾ അടൂര്‍ പോലീസ് സ്റ്റേഷനിലെ അതിക്രമത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെ എസ് യു നേതാവ് ഫെനി നൈനാനും രംഗത്ത്. പൊലീസ് സ്റ്റേഷനില്‍ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയത്.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ന് കൊണാട്ട് പ്ലേസ്-ബരഖംബ റോഡ് ജങ്ഷനില്‍നിന്നാണ് 'ചലോ ഡല്‍ഹി- മാര്‍ച്ച് ഫോര്‍ ഡെമോക്രസി' എന്ന പേരില്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തുക. ഉച്ചയ്ക്ക് മൂന്നിന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
◾ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാരിനെ പുറത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര. രാഹുലിന് മുന്നോട്ടുപോകാനുള്ള ഊര്‍ജമില്ലെന്ന് ലോകം നേരത്തെതന്നെ തിരിച്ചറിഞ്ഞതാണെന്നും ആ ഉപഗ്രഹം ഒരിക്കലും വിക്ഷേപിക്കപ്പെടാന്‍ പോകുന്നില്ലെന്നും രാഹുലിനെ 'മോക്' പാര്‍ലമെന്റിലെ 'മോക്പ്രധാനമന്ത്രി'യാക്കൂ എന്നുംഅദ്ദേഹം പരിഹസിച്ചു.
◾ നിരോധിത പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് മഹാരാഷ്ട്ര എഫ്.ഡി.എ നല്കിയ നോട്ടീസിനെതിരെ നടന് അജയ് ദേവ്ഗണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ താരങ്ങള്‍ക്ക് മാത്രം നോട്ടീസ് നല്‍കിയത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.
◾ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നിധി റസ്ദാനും വിവാഹിതരായി. വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഒമര്‍ അബ്ദുള്ള തന്നെയാണ് പങ്കുവെച്ചത്.
◾ പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 57 വയസ്സായിരുന്നു. ആക്ഷന്‍, ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജയ് ഗുപ്ത കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബില്‍ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.
◾ ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് ഹെലികോപ്റ്റര്‍ ജോഷിമഠിന് സമീപം തകര്‍ന്നുവീണത്. തുടര്‍ച്ചയായ അപകടങ്ങള്‍ മേഖലയിലെ വ്യോമ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുകയാണ്.
◾ 21 മാസം നീണ്ടു നില്ക്കുന്ന മഹാരാഷ്ട്രയിലെ നാസിക് ത്രയംബകേശ്വര്‍ സിംഹസ്ഥ കുംഭമേളയ്ക്ക് തുടക്കംകുറിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ധ്വജാരോഹണച്ചടങ്ങ് നടത്തി. ഗോദാവരി നദിയുടെ തീരത്തുള്ള രാംകുണ്ഡില്‍ പൂജാകര്‍മങ്ങള്‍ക്കുശേഷമാണ് രാഷ്ട്രപതി പതാക ഉയര്‍ത്തിയത്. ഇന്നലെ ആരംഭിച്ച കുംഭമേള 2028 ജൂലായ് 24-നാണ് സമാപിക്കുക.
◾ അമേരിക്കന്‍ ആക്രമണ ഭീഷണികള്‍ക്കിടെ ഏത് നിമിഷവും തിരിച്ചടിക്കാന്‍ സജ്ജരാകാന്‍ ഇറാന് സേനയ്ക്ക് പരമോന്നത നേതാവ് മുജ്തബ ഖമനെയി നിര്‍ദേശം നല്കി. യുദ്ധം എപ്പോള്‍, എങ്ങനെ അവസാനിക്കണമെന്ന് ഇറാന് തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
◾ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാന്‍സില്‍ സുരക്ഷാ വീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംഭവത്തെത്തുടര്‍ന്ന് 3 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഡിജിറ്റല്‍ ആസ്തികള്‍ മരവിപ്പിക്കുകയും ബിറ്റ്കോയിന് വില കുത്തനെ ഇടിയുകയും ചെയ്തു.
◾ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയ്ന് എഫ്സിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍. രണ്ട് റെഡ് കാര്‍ഡ് കണ്ട മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ പെനാല്‍റ്റി നഷ്ടപ്പെടുത്തി.
◾ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി. ചെല്‍സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ പരാജയം. നാലാം തോല്‍വി വഴങ്ങിയ മുന്‍ ചാമ്പ്യന്മാര് ഇതോടെ ലീഗില്‍ 16-ാം സ്ഥാനത്തായി.
◾ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയ്ക്ക് കനത്ത ഇടിവുണ്ടായതോടെ വരുംദിവസങ്ങളിലും ഇതിന്റെ തുടര്‍ച്ചയുണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. യു.എസ്. നിക്ഷേപ സ്ഥാപനം ഇടപാടുകാരോട് സ്വര്‍ണം 'ഷോര്‍ട്ട് സെല്‍' ചെയ്യാന്‍ നിര്‍ദേശിച്ചതും യൂറോപ്യന്‍ രാജ്യമായ സൈപ്രസിനോട് കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണം വിറ്റ് കടം വീട്ടാന്‍ യൂറോപ്യന്‍ യൂണിയനും ഐ.എം.എഫും ആവശ്യപ്പെട്ടതും വീഴ്ചയുടെ ആക്കം കൂട്ടി. അതേസമയം വിലയില്‍ മാറ്റമുണ്ടാകുമെങ്കിലും 2013-ന് സമാനമായ ഇടിവിലേക്ക് സ്വര്‍ണവില പോകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
◾ ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കി ബിനു ജോര്‍ജ് അലക്സാണ്ടറിന്റെ ഉടമസ്ഥതയിലുള്ള ബിനു ജോര്‍ജ് അലക്സാണ്ടര്‍ പ്രൊഡക്ഷന്‍സ്. ചിത്രം നവംബര്‍ 20 ന് ആഗോള റിലീസായി എത്തും. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ്, ആര് ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
◾ സത്യം പറയുന്ന കഥാരചനയുടെ സത്കര്‍മ്മത്തിലൂടെ തന്റെ കാലത്തെ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു കഥാകൃത്തിന്റെ അന്വേഷണപരീക്ഷയാണ് അശോകന് ചരുവിലിന്റെ സൂര്യകാന്തികളുടെ നഗരം എന്ന കഥാസമാഹാരം. സ്വപ്നവും യാഥാര്‍ത്ഥ്യവും കൂടിച്ചേരുന്ന മദ്ധ്യവര്ഗ്ഗമനുഷ്യരുടെ ജീവിതസംഘര്‍ഷങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രചനാസങ്കേതം ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കാലാതിവര്‍ത്തിയായ പ്രമേയംകൊണ്ട് ശ്രദ്ധേയമാണ് ഇതിലെ പതിനഞ്ചു കഥകളും. 136 രൂപ, 102 പേജുകള്‍, മാതൃഭൂമി ബുക്സ്.
◾ സുഖനിദ്രക്കായി ഉപയോഗിക്കുന്ന മെമലാടോണിന് ഗുളികകള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഹോര്‍മോണ്‍ തെറാപ്പിക്ക് തുല്യമാണെന്നും, ഇവയുടെ അമിതോപയോഗം മസ്തിഷ്കത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ എന്നെന്നേക്കുമായി തടസ്സപ്പെടുത്തിയേക്കാമെന്നും മുന്നറിയിപ്പ് നല്കി ന്യൂറോ സയന്റിസ്റ്റായ കുമാര്‍ ബഗ്രോഡിയ. ഉറക്കമില്ലായ്മ അനുഭവപ്പെടുമ്പോള്‍ അതിന് കാരണമാകുന്ന യഥാര്‍ത്ഥ ശാരീരിക-മാനസിക പ്രശ്നങ്ങളെ കണ്ടെത്താന്‍ ശ്രമിക്കാതെ, അതിവേഗ ആശ്വാസത്തിനായി ഗുളികകളെ ആശ്രയിക്കുന്നത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
*ശുഭദിനം*
*കവിത കണ്ണന്*
'ധ്യാന്‍ സിങ്ങ് ' എന്നൊരു അലഹബാദ്കാരനെ അറിയുമോ? ഇന്ത്യന്‍ ഹോക്കിയുടെ വീരനായകന് ധ്യാന്സിങ്ങ് എന്ന് പറഞ്ഞാലോ? 1905 ഓഗസ്റ്റ് 29 ന് ജനനം. കൗമാരം കടക്കുംമുമ്പേ തന്റെ 17-ാം വയസ്സില്‍ ധ്യാന്സിങ്ങ് പട്ടാളത്തില്‍ കയറി. പട്ടാളത്തില്‍ നിന്നും ഹോക്കിയുടെ ബാലപാഠങ്ങള്‍ സിങ്ങ് പഠിച്ചു. പഞ്ചാബ് റെജിമെന്റിന്റെ വിജയങ്ങള്‍, സിങ്ങിന്റെ ഹോക്കിസ്റ്റിക്കില് ഭദ്രം ആയിരുന്നു. ആ സ്റ്റിക്കിന് മാന്ത്രികജാലം ഉണ്ടായിരുന്നു എന്ന് വരെ ആളുകള്‍ അതിശയം കൊണ്ടു. കളിക്കളത്തിന്റെ ഏത് കോണും എതിരാളിയുടെ ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിക്കാനുള്ള 'വാര്‍ഫീല്‍ഡ് ' ആയിരുന്നു ധ്യാന്സിങ്ങിന്. ധ്യാന്സിങ്ങ് പിന്നീട് ഇന്ത്യന്‍ ഹോക്കിയുടെ നെടുനായകന് ആയി. ഇനി ഒരു ചോദ്യം, കേട്ടിടുണ്ടോ ഇങ്ങനെയൊരു ധ്യാന്‍ സിങ്ങിനെ കഥയില്‍ എവിടെയോ ഒരു കുഴപ്പം ഉണ്ടോ? ഉണ്ട്. ധ്യാന്‍ സിങ്ങ് എന്നൊരു ഹോക്കി പ്ലെയര്‍ ഇല്ല എന്നതു തന്നെയാണ് ആ കുഴപ്പം. ഇന്ത്യന്‍ ഹോക്കിയെ പൊന്കിരീടമണിയിച്ച ആ ജേതാവിനെ നമ്മള് അറിയുന്നത് 'ധ്യാന്‍ ചന്ദ് ' എന്നാണ്. തൊട്ടതെല്ലാം വിജയപ്രകാശം കൊണ്ട് നിറച്ച ആ യുവാവിനെ സഹപ്രവര്‍ത്തകര്‍ 'ചന്ദ്രനെപ്പോലെ വിളങ്ങുന്നവന് ' എന്ന അര്‍ത്ഥത്തില്‍ 'ചന്ദ് ' എന്ന് വിശേഷിപ്പിച്ചു. അങ്ങനെ ധ്യാന്സിങ്ങ്, ധ്യാന്‍ചന്ദ് ആയി . പിന്നീട് ആ പേര് തന്നെ ചരിത്രമായി അല്ലെങ്കില്‍ ഇന്ത്യന്‍ ഹോക്കിയുടെ പര്യായമായി. കാലം ഇന്ന് നമ്മളെ അടയാളപ്പെടുത്തിയെന്ന് വരില്ല. ഉറപ്പായും ഒരിക്കല്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും. ആ പേരില്‍ തലമുറകള്‍ അറിയപ്പെടുക തന്നെ ചെയ്യും. ഒരു പേരില്‍ ഒത്തിരിയുണ്ട് കാര്യങ്ങള്‍ - ശുഭദിനം
Tags:
KERALA