Trending

പ്രഭാത വാർത്തകൾ

2026 ഒക്ടോബര്‍ 28 | ബുധന്‍ 
1202 തുലാം 11 | കാര്‍ത്തിക
1448 ജ : അവ്വൽ 16

◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമടക്കം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി. എസ്ഐആറില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പു തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തെന്നതടക്കമുള്ള പരാതികള്‍ പരിശോധിക്കും. ഭിന്നതയില്ലെന്നും ഒന്നിച്ചാണു തീരുമാനമെടുത്തതെന്നും മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് നവംബര്‍ 17 നു പരിഗണിക്കും.

◾ അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ് ഇന്നു രാവിലെ കര തൊടും. ചുഴലിക്കാറ്റിന് മണിക്കൂറില്‍ 130 മുതല്‍ 222 വരെ കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന. വിജയവാഡ, വിശാഖപട്ടണം വിമാനത്താവളങ്ങളിലേക്കുള്ള പല വിമാന സര്‍വ്വീസുകളും റദ്ദാക്കി. യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നു വിമാനകമ്പനികള്‍. ഒഡിഷയില്‍ 26 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി്. ഇതിന് പുറമേ നിരവധി ട്രെയിനുകളുടെ സമയം മാറ്റി. ഒഡിഷയില്‍ 16 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒരു ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു.

◾ നികുതി വര്‍ധിപ്പിക്കാതെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാമെന്ന്, കഴിഞ്ഞ അഞ്ചു മാസത്തെ സാമ്പത്തിക വളര്‍ച്ച, നിയമസഭയില്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന്‍. സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ 6,486 കോടി രൂപയുടെ വര്‍ധനയുണ്ടായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പതിനാറര ശതമാനത്തിലധികം വളര്‍ച്ച. നോണ്‍-ടാക്സ് വരുമാനം 19 ശതമാനം വര്‍ധിച്ചു. ജിഎസ്ടി റിക്കാര്‍ഡ് വരുമാനമുണ്ടാക്കി. മൂലധന നിക്ഷേപം 57 ശതമാനം വര്‍ധിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


◾ താമരശ്ശേരി ചുരത്തിന് ബദലായുള്ള തുരങ്കപാത പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍. ആനക്കാംപൊയില്‍, കള്ളാടി, മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണം സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പുനരാരംഭിക്കും. താന്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചാരണമുണ്ടായി. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും സതീശന്‍ വിശദീകരിച്ചു.

◾ ചേരാനല്ലൂര്‍ വാഹനാപകടത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. സിഐ ശ്യാം കുമാര്‍, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുണ്‍ ജിത്ത് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. പൊലീസിനു പിഴവു സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയില്‍ സമ്മതിച്ചിരുന്നു. വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഒടുവിലാണ് നടപടി.

◾ കോഴിക്കോടു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പാലക്കാടുകാരി ജി അക്ഷയക്കു വീട് ഒരു സ്വപ്നമാണ്. ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന അക്ഷയ കടം വാങ്ങിയ സ്‌പൈക്കുമായിട്ടാണ് സ്വര്‍ണക്കുതിപ്പ് നടത്തിയത്. സ്‌കൂളിലെ മറ്റൊരു താരം അതുലിന്റെ സ്‌പൈക്കുമായിട്ടാണ് അക്ഷയ ഓടിയത്. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി ആര്‍ പി എം എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. അച്ഛന്‍ ഗുരുവായൂരപ്പന്‍ ട്രാക്ടര്‍ ഡ്രൈവറാണ്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ ചികിത്സാര്‍ഥം വിശ്രമത്തിലാണ്.

◾ സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം നേടി മലപ്പുറം കല്ലിങ്ങള്‍പ്പറമ്പ് എം എസ് എ എച്ച് എസ് എസിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥി പി വൈഷ്ണവ്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് വൈഷ്ണവ് സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം നേപ്പാളിലെ ബൊക്കാറയില്‍ നടന്ന യോഗ ഇന്റര്‍നാഷ്ണല്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയിരുന്നു. 1500 മീറ്ററിലും നാളെ നടക്കുന്ന ക്രോസ് കണ്‍ട്രി മത്സരത്തിലും മത്സരിക്കുന്നുണ്ട്. യോഗ പരിശീലകനായ അച്ഛന്‍ ബാബുവിനൊപ്പം പതിനൊന്നാം വയസില്‍ ഓപ്പണ്‍ മാരത്തോണില്‍ മത്സരിച്ചു കൊണ്ടാണ് വൈഷ്ണവ് ട്രാക്കിലെത്തിയത്.

◾ കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവര്‍ഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അറിയിച്ചു. പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ലാതെ 1000 ഏക്കര്‍ ഭൂമിയാണ് വിപണിവിലയുടെ അഞ്ചിരട്ടി വിലകൊടുത്ത് വാങ്ങിയത്. കിഫ്ബി വായ്പകള്‍ കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വലിയ കുറവാണ് ഉണ്ടായത്. മുന്‍ സര്‍ക്കാര്‍ ഭീമമായ കടബാധ്യത വരുത്തിവച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

◾ കോഴിക്കോട് വടകര പയ്യോളി പോക്സോ കേസില്‍ സി ഐ ബാബുമോന്‍, സി പി ഒ അബ്ദുള്‍ ഹമീദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. പ്രതി അബ്ദുല്‍ റഫീഖിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് ജാമ്യം ലഭിച്ചതിലും പോലീസിന് വീഴ്ച ഉണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

◾ കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ മറിച്ചുവിറ്റ പൊലീസുകാരനെതിരെ കേസെടുത്തു. ബദിയടുക്ക നീര്‍ച്ചാല്‍ സ്വദേശി വൈ. ബൈജു (42) വിനെതിരേയാണു മോഷണത്തിനു കേസെടുത്തത്. രാമന്തളി സ്വദേശി സുഭദ്ര നായരുടേതാണ് പതിനായിരം രൂപ വിലമതിക്കുന്ന ഫോണ്‍.

◾ ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ 17കാരന്റെ അച്ഛനായ ജഡ്ജിയുടെ ആലുവയിലെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. അതേസമയം, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്നു ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. ജഡ്ജി പുത്രന്റെ ജാമ്യം റദ്ദാക്കണമെന്നും ജഡ്ജിക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം.

◾ വിവാദ പോസ്റ്റില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മാപ്പു പറഞ്ഞെന്ന് കെപിസിസി. സുപ്രീംകോടതി അഭിഭാഷകന്റെ വക്കീല്‍ നോട്ടീസിന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് മറുപടി നല്‍കി. പോസ്റ്റ് അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നും അത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമായിരുന്നു വിശദീകരണം. ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കിയെന്നും മറുപടിയില്‍ വ്യക്തമാക്കി.

◾ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് ജില്ലാ കമ്മിറ്റിക്ക് കത്തു നല്‍കിയ കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി അംഗം എം രാഘവനെ സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി നടപടിക്ക് അംഗീകാരം നല്‍കി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരിക്കെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു രാഘവന്‍.

◾ നിയമനത്തട്ടിപ്പു കേസുകളില്‍ കുടുങ്ങിയ പി എസ് സിയെ തകര്‍ക്കാന്‍ രഹസ്യ ഡീല്‍ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയവത്കരണം നടക്കുന്നുവെന്നും പിണറായി പറഞ്ഞു. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ വാരാചരണ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾ ഓപ്പറേഷന്‍ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ നടപടിയെടുത്തു. പരിശോധനയില്‍ 568 ലിറ്റര്‍ ഉപയോഗിച്ച എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിക്കുകയും 32 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

◾ പിഎസ്സി അംഗങ്ങളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നിലപാടിനോട് ആര്‍എസ്പിക്ക് യോജിപ്പില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.

◾ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് എംഡിയും സിഇഒയുമായി മലയാളിയായ മഹേഷ് മുരളീധര്‍ പൈ ചുമതലയേറ്റു.

◾ എന്ത് തൂഫാനാണിവിടെ നടക്കുന്നതെന്ന് ജി സുധാകരന്‍ നിയമസഭയില്‍. തൂഫാനെന്നാല്‍ കൊടുങ്കാറ്റാണ്. അത് നാടിനെ ഇളക്കി മറിക്കണ്ടേ? ഇപ്പോഴത്തേത് ഒരു തൂഫാനുമല്ല എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. മൂന്ന് മുന്‍ ആരോഗ്യ മന്ത്രിമാര്‍ ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത് ശുദ്ധ മണ്ടത്തരമായി പോയി എന്നും സഭയില്‍ ജി സുധാകരന്‍ വിമര്‍ശിച്ചു.

◾ മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. എറണാകുളം തോപ്പുംപടി മുണ്ടംവേലി കോളനി പാലംപള്ളിപ്പറമ്പില്‍ വീട്ടില്‍ ജോഷി (36) യെയാണ് ഇതേ കോളനിയിലെ യുവതിയെ പീഡിപ്പിച്ചതിന് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

◾ പാലക്കാട് മകളുടെ മരണവാര്‍ത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പില്‍ 74 കാരിയായ ശാന്ത ആണ് മരിച്ചത്.

◾ റാന്നി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ല് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ബൈക്കിന് സൈഡ് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് പ്രതി രാത്രിയില്‍ ഡിപ്പോയില്‍ കയറി ആക്രമണം നടത്തിയത്.റാന്നി സ്വദേശി നിതിന്‍ ലെജു (21) ആണ് അറസ്റ്റില്‍ ആയത്.

◾ കര്‍ണാടകയില്‍ എസ്ഐആര്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ 99.32 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്. പ്രത്യേക തീവ്ര വോട്ടര്‍ പട്ടക പരിഷ്‌കരണത്തിന് മുമ്പ് 5,54,32,314 വോട്ടര്‍മാരുണ്ടായിരുന്നു. ഇപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 4,55,00,011 ആയി കുറഞ്ഞു. കരട് പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട ഒരു കോടിയിലധികം പേരില്‍ നിന്ന് 8.64 ലക്ഷം പുതിയ വോട്ടര്‍മാരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

◾ ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമത്തിനെതിരേ മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമം ഉടനേ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ വാദം കേട്ടശേഷം തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വ്യക്തിഗത വിവരങ്ങള്‍ വാര്‍ത്തയാക്കാന്‍ അനുമതി വേണമെന്ന വ്യവസ്ഥ അഴിമതികളെ തുറന്നു കാണിക്കുന്നതിനു തടസമാകുമെന്നാണു മാധ്യമ സ്ഥാപനങ്ങളുടെ വാദം.

◾ വിവിഐപികള്‍ക്കായി അത്യാധുനിക 24 പുതിയ 'സ്‌പെഷ്യല്‍ യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍' വ്യോമസേന വാങ്ങുന്നു. പതിനായിരം കോടി രൂപയാണ് ഇതിനുള്ള ചെലവ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ഇതിന് അനുമതി നല്‍കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മ്മിത എംഐ - 17 ഹെലികോപ്റ്ററുകള്‍ക്കു പകരമായാണ് ഇവ വാങ്ങുന്നത്.

◾ കേരളത്തിലെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നിയമനത്തിനായി വളര്‍മതി എന്ന യുവതി മൊട്ടയടിച്ചു നടത്തുന്ന സമരം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കു നിയമനം നല്‍കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഉത്തരതവാദിത്വമില്ലേയെന്ന് ബിജെപി നേതാവ് ജി വി എല്‍ നരസിംഹ റാവു. രാഹുലും പ്രിയങ്കയും ഇത് കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

◾ ഒക്ടോബര്‍ 28-നകം ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിനെതിരേ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 2 ലേക്ക് മാറ്റി. മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബോംബെ ഹൈക്കോടതി കേസ് മാറ്റിവച്ചത്.

◾ തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലില്‍ നിന്ന് വിചാരണ തടവുകാര്‍ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തില്‍ കടുത്ത നടപടിയുമായി ജയില്‍ വകുപ്പ്. ചുമതലയില്‍ വീഴ്ച വരുത്തിയതിന് 2 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 7 ജയില്‍ വാര്‍ഡന്‍മാര്‍ എന്നിവരുള്‍പ്പെടെ 9 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

◾ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും മുതിര്‍ന്നവരുടെ സമ്മതമില്ലാതെ സ്വകാര്യവും ലൈംഗിക സ്വഭാവമുള്ളതുമായ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നതും തടയാനുള്ള നിയമം പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

◾ 21 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 33 വോട്ടുകള്‍. സര്‍പഞ്ച് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്‍ഫ്ലുവന്‍സര്‍ ഓംപ്രകാശ് ബിഷ്‌ണോയി ആണ് ദയനീയമായി പരാജയപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഓസിയാന്‍ താലൂക്കിലുള്ള ഇന്ദോണ്‍ കി ധാനി ഗ്രാമ പഞ്ചായത്തിലാണ് സംഭവം.

◾ നൈജീരിയയില്‍ കൊള്ളസംഘം 62 പേരെ വെടിവച്ചു കൊന്നു. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ താരാബ സംസ്ഥാനത്തിലെ കരിം ലാമിഡോ പ്രാദേശിക ഭരണകൂടത്തിന്റെ അധികാര മേഖലയിലാണ് ബിന്നാരി വിഭാഗക്കാരെ കൂട്ടക്കൊല ചെയ്തത്. വെടിവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ കൂട്ടിയിട്ടു തീയിട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ വീടുകളും കടകളും വാഹനങ്ങളും കൊള്ളയടിച്ചശേഷം അഗ്‌നിക്കിരയാക്കുകയും ചെയ്തു.

◾ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പീഡിപ്പിച്ചെന്ന് മുന്‍ മിസ് സ്വിറ്റ്‌സര്‍ലര്‍ഡായ ബിയാട്രിസ് കിയൂല്‍. 1993 നവംബറില്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്ലാസ ഹോട്ടലില്‍ വെച്ച് ട്രംപ് പീഡിപ്പിച്ചെന്നാണു വെളിപ്പെടുത്തിയത്. യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ പുറത്തിറക്കിയ 53 പേജുള്ള പുതിയ റിപ്പോര്‍ട്ടിലാണ് ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.

◾ കുവൈറ്റ് ആഭ്യന്തര മന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്നുപേര്‍ക്ക് വധശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനല്‍ കോടതി. പ്രതികളായ എട്ട് കുവൈറ്റ് പൗരന്മാര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവും വിധിച്ചു. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതും ലെബനനിലെ ഹിസ്ബുള്ള സംഘടനയുമായി ബന്ധം പുലര്‍ത്തിയതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണു ശിക്ഷ.

◾ കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ കുറഞ്ഞ ചെലവില്‍ എത്തിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പൗരന്മാരില്‍ നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ ഇന്ത്യന്‍ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ഫൈഹ അന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

◾ യു.എ.ഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴി 'ഗ്രേ-സോണ്‍ സ്ട്രാറ്റജി' ഉപയോഗിച്ച് പാകിസ്ഥാന്‍ വന്‍തോതില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുവെന്ന് കണക്കുകള്‍. രേഖകള്‍ തിരുത്തിയാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ പാകിസ്ഥാനില്‍ എത്തിക്കുന്നത്.

◾ വെല്ലിംഗ്ടണില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 6 വിക്കറ്റിന്റെ ആധികാരിക ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം 38 പന്തില്‍ 113 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെയും 19 പന്തില്‍ 45 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 6.4 ഓവര്‍ ബാക്കിനിര്‍ത്തി നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 35 പന്തില്‍ സെഞ്ചുറിയിലെത്തി. 11 സിക്സും 9 ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്.

◾ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ വമ്പന്‍ ഏറ്റെടുക്കലിനൊരുങ്ങി യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്ക്. ഇന്ത്യയിലെ പ്രമുഖ ഇടത്തരം സ്വകാര്യ ബാങ്കുകളെ ഏറ്റെടുത്ത് പ്രവര്‍ത്തനം വിപുലീകരിക്കാനാണ് നോക്കുന്നത്. ഇതിന്റെ ഭാഗമായി കേരളം ആസ്ഥാനമായുള്ള ഒരു പ്രമുഖ ബാങ്കുമായും ബന്ധന്‍ ബാങ്കുമായും എഫ്എബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകളുടെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കി മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാനാണ് ഫസ്റ്റ് അബുദാബി ബാങ്കിന് താല്പര്യം. ബന്ധന്‍ ബാങ്ക് അടുത്തിടെ അബുദാബിയില്‍ ഓഫീസ് തുറന്നിരുന്നു. നിലവില്‍ മുംബൈയിലും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുമായി രണ്ട് ശാഖകള്‍ ഫസ്റ്റ് അദുബാബി ബാങ്കിനുണ്ട്.

◾ ദീര്‍ഘനേര വീഡിയോ വിപണിയിലേക്ക് കടന്നുകയറാന്‍ മെറ്റയുടെ ഇന്‍സ്റ്റാഗ്രാം ഒരുങ്ങുന്നു. 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്ന 'ഫീച്ചേഴ്സ്' എന്ന പുതിയ ഫോര്‍മാറ്റ് ഇന്‍സ്റ്റാഗ്രാം പരീക്ഷിച്ചുവരികയാണ്. ഫുള്‍ ലെങ്ത് പോഡ്കാസ്റ്റുകള്‍, അഭിമുഖങ്ങള്‍, കോമഡി ഷോകള്‍, വിദ്യാഭ്യാസ വിവരങ്ങള്‍ എന്നിവ ഇനി ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ പൂര്‍ണമായി കാണാന്‍ സാധിക്കും. ഹൊറിസോണ്ടല്‍ രൂപത്തിലുള്ള 90 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്ക് പുറമെ, ദീര്‍ഘ വീഡിയോകളുടെ പ്രധാന ഭാഗങ്ങള്‍ ചെറിയ റീല്‍സുകളാക്കി മാറ്റാന്‍ സഹായിക്കുന്ന 'ക്ലിപ്സ് ആസ് റീല്‍സ്' എന്ന ഫീച്ചറും പരീക്ഷിക്കുന്നുണ്ട്. റീല്‍സുകളിലൂടെ വീഡിയോ കണ്ടെത്തുകയും തുടര്‍ന്ന് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ മുഴുവന്‍ വീഡിയോയും കാണാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയുമാണ് ഇന്‍സ്റ്റാഗ്രാമിന്റെ ലക്ഷ്യം.

◾ ധനുഷ്, മമ്മൂട്ടി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഓം' സിനിമയിലെ സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥയായി സായി പല്ലവി ചിത്രത്തിലെത്തുന്നു. നടിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷം കൂടിയാണിത്. നടിയുടെ കഥാപാത്രം നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് സിനിമയുടെ ടൈറ്റില്‍ ആയ 'ഓം'. ചന്ദനക്കടത്താണ് സിനിമയുടെ പ്രമേയമെന്നാണ് സൂചന. 'അമരനു' ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി, ധനുഷ്, സായി പല്ലവി, ശ്രീലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഓം. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നവംബര്‍ 20ന് തിയറ്ററുകളിലെത്തും.

◾ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയിലെ മംഗള്‍ രംഗ് എന്ന പുതിയ ഗാനം പുറത്തിറക്കി. എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അരിജിത് സിംഗും ശ്രേയ ഘോഷാലുമാണ്. ശ്രീരാമന്റെയും സീതാദേവിയുടെയും പവിത്രമായ പ്രണയത്തെയും വിവാഹത്തെയും ആഘോഷിക്കുന്നതാണ് ഈ ഗാനം. എന്നാല്‍, ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു. വാല്‍മീകി രാമായണം പോലുള്ള പുണ്യ ഒരു പുരാണ ഇതിഹാസത്തിന് ഖവാലി ഈണങ്ങള്‍ എത്രത്തോളം അനുയോജ്യമാണെന്ന് ചോദ്യം ചെയ്തുകൊണ്ട് നിരവധി ആളുകളാണ് റഹ്‌മാനെ വിമര്‍ശിച്ചത്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ്, സണ്ണി ഡിയോള്‍, രവി ദുബെ, രാകുല്‍ പ്രീത് സിംഗ്, ലാറ ദത്ത എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

◾ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അള്‍ട്രാവയലറ്റിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ടെസരാകറ്റ് അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിപണിയില്‍ എത്തും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ സ്‌കൂട്ടര്‍ ആദ്യമായി അവതരിപ്പിച്ചത്. ഡിസൈന്‍ പ്രത്യേകത കൊണ്ട് വാഹന പ്രേമികളുടെ മനസില്‍ ഇടംപിടിച്ച ഈ സ്‌കൂട്ടറിന് ഇതുവരെ 70,000ലധികം ബുക്കിങ് ആണ് ലഭിച്ചത്. സീറ്റിനടിയില്‍ 34 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് ഉണ്ട്. 15 കിലോവാട്ട് വരെ പീക്ക് പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 2.9 സെക്കന്‍ഡിനുള്ളില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. പരമാവധി വേഗം 125 കിലോമീറ്റര്‍ ആണ്. മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. 1.30 ലക്ഷം രൂപയാണ് വിലയായി (എക്‌സ്- ഷോറൂം) പ്രതീക്ഷിക്കുന്നത്.

◾ നാം ജീവിക്കുന്ന ലോകത്തെയും മനുഷ്യന്റെ ഭാവിയെത്തന്നെയും അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് നിര്‍മ്മിതബുദ്ധി. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ എഐ? അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? എഐ എങ്ങനെ പഠിക്കുന്നു? എഐ എങ്ങനെ ചിന്തിക്കുകയും ഓര്‍ക്കുകയും ചെയ്യുന്നു എഐയോട് എങ്ങനെ സംസാരിക്കാം? മനുഷ്യന്റെ ജോലി എഐ കവര്‍ന്നെടുക്കുമോ? ഭാവിയെ എഐ എങ്ങനെയാണ് സ്വാധിനീക്കുക? തുടങ്ങിയ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. അനാവശ്യ ഭയങ്ങള്‍ക്കും അമിത പ്രതീക്ഷകള്‍ക്കുമപ്പുറം, എഐ യുഗത്തില്‍ മനുഷ്യന്റെ പങ്ക് എന്താണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന കൃതി. എ ഐയുടെ ഉത്തരവാദിത്തമുള്ള ഉപയോഗത്തിന് 10 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, അധിക വായനയ്ക്കുള്ള പുസ്തകങ്ങള്‍, സാങ്കേതി പദാവലി എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. 'നിര്‍മ്മിതബുദ്ധിയെ മനസ്സിലാക്കുക'. ഡോ. ബി. ഇക്ബാല്‍. ഡിസി ബുക്സ്. വില 269 രൂപ.

◾ രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മരുന്നെടുക്കുന്നവര്‍ ഡോസിന്റെ കാര്യത്തില്‍ കൃത്യത പുലര്‍ത്തേണ്ടത് പ്രധാനമാണ്. ചിലര്‍ സ്വയം മരുന്ന് നിര്‍ത്തുകയും ഡോസ് കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇനി ചിലരാകട്ടെ ചില നേരങ്ങളില്‍ ഡോസ് വിട്ടുപോവുകയും അത് നിസ്സാരമാക്കുകയു ചെയ്യാറുണ്ട്. ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. ബ്ലഡ് പ്രഷര്‍ മരുന്നുകളുടെ ഡോസ് വിട്ടുപോകുന്നത് എത്രത്തോളം അപകടകരമാണെന്നു വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. ബ്ലഡ് പ്രഷറിനുള്ള മരുന്നുകള്‍ വിട്ടുപോവുന്നതിന് അനുസരിച്ച് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുന്നുവെന്നാണ് പഠനം പറയുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. 91,000-ത്തിലധികം ആളുകളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തിനൊടുവിലാണ് ഈ വിലയിരുത്തലില്‍ എത്തിയത്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ മുടക്കുന്നതിലൂടെ ഹൃദയാഘാതങ്ങള്‍ക്കും പക്ഷാഘാതങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധശേഷി നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു. മരുന്നുകള്‍ കൃത്യമായി കഴിച്ച രോഗികളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ 11% കുറഞ്ഞതായി കണ്ടപ്പോള്‍, ഡോസുകള്‍ മുടക്കിയവരില്‍ ഈ ഗുണങ്ങള്‍ ലഭിച്ചില്ലെന്ന് കണ്ടെത്തി. സയന്‍സ് ഡെയ്‌ലി വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുടെ ഡോസുകള്‍ എത്രത്തോളം മുടക്കുന്നോ, അത്രത്തോളം ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള സംരക്ഷണവും കുറയുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗ്രാമത്തിലെ ആല്‍ത്തറയില്‍ സാരോപദേശങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഒരു സന്യാസിയുണ്ടായിരുന്നു. ഒരിക്കല്‍, ഒരാള്‍ പശുവിനെ വലിച്ചുകൊണ്ട് പോകുന്നത് അദ്ദേഹം കണ്ടു. പശു മുന്നോട്ടു പോകാന്‍ കൂട്ടാക്കാതെ പിന്നിലേക്ക് വലിഞ്ഞുനിന്നു. ഇതു കണ്ട സന്യാസി ശിഷ്യന്മാരോട് ചോദിച്ചു: ''ആര്‍ക്കെങ്കിലും അയാളെ സഹായിക്കാമോ?'' ഒരാള്‍ പശുവിനെ തല്ലി. മറ്റൊരാള്‍ പിന്നില്‍നിന്ന് തള്ളിനോക്കി. വേറൊരാള്‍ മൂക്കുകയറിട്ട് ശക്തിയായി വലിക്കാന്‍ ഉപദേശിച്ചു. എന്നിട്ടും പശു അനങ്ങിയില്ല. ഒടുവില്‍ സന്യാസി അടുത്ത വീട്ടില്‍നിന്ന് കുറച്ച് വൈക്കോല്‍ കൊണ്ടുവന്നു. അത് പശുവിന്റെ മുന്നില്‍ കാണിച്ചുകൊണ്ട് പതുക്കെ നടന്നു. വൈക്കോല്‍ കണ്ട പശു അതിന്റെ പിന്നാലെ നടന്നു തുടങ്ങി! സന്യാസി ശിഷ്യന്മാരോടു പറഞ്ഞു: ''ബലപ്രയോഗത്തിലൂടെ മറ്റുള്ളവരെ മുന്നോട്ടു നയിക്കാനാവില്ല. അവരുടെ മനസ്സറിയുകയും അവര്‍ക്ക് മുന്നോട്ടുപോകാന്‍ ഒരു കാരണം നല്‍കുകയും വേണം.'' മാതാപിതാക്കള്‍ മക്കളെ നയിക്കുമ്പോഴും, അധ്യാപകര്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുമ്പോഴും, ഒരു നേതാവ് തന്റെ ടീമിനെ നയിക്കുമ്പോഴും അവരുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും മനസ്സിലാക്കണം. നമ്മള്‍ കാണിച്ചുകൊടുക്കുന്ന വഴിയിലൂടെ മറ്റുള്ളവര്‍ നടക്കണമെന്നില്ല. അവരുടെ മനസ്സിന് അനുയോജ്യമായ വഴി കണ്ടെത്തിക്കൊടുക്കുമ്പോഴാണ് യാത്ര എളുപ്പമാകുന്നത്. ആജ്ഞകള്‍കൊണ്ട് അനുസരണം നേടാം. എന്നാല്‍ സ്‌നേഹവും പ്രചോദനവുംകൊണ്ടേ മനസ്സുകള്‍ കീഴടക്കാനാകൂ. മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നതിനുമുമ്പ് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കാം. മുന്നോട്ടു തള്ളുന്നതിനുപകരം മുന്നോട്ടുപോകാനുള്ള പ്രചോദനമാകാം - ശുഭദിനം.
Previous Post Next Post
3/TECH/col-right