നരിക്കുനി: സംസ്ഥാന ശാസ്ത്രവേദിയുടെ ഈ വർഷത്തെ ബാലശാസ്ത്ര പുരസ്കാരത്തിന് ജി.എച്ച് എസ് എസ് നരിക്കുനി പത്താം ക്ലാസ്സ് വിദ്യാർത്ഥി എവിൻ.ബി.സി. അർഹത നേടി. നവീന ശാസ്ത്ര ഭാവനകൾ അവതരിപ്പിക്കുന്ന പ്രതിഭകൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.
ദുരന്തബാധിത മേഖലകളിൽ മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുള്ള ബഹുമുഖ റോബോട്ടിക്ക് സംവിധാനമായി "റെസ്‌ക്യു റോവർ" വികസിപ്പിച്ചു കൊണ്ടാണ് എവിൻ പുരസ്കാരത്തിന് അർഹത നേടിയത്.
അപകടസ്ഥലത്ത് നേരിട്ട് പ്രവേശിക്കുന്നതിന് രക്ഷാപ്രവർത്തകർക്ക് പ്രയാസം നേരിടുന്ന സന്ദർഭങ്ങളിൽ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കുക അപകടസാധ്യതകൾ തിരിച്ചറിയുക, കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കുക, ആവശ്യമായ വിവരങ്ങൾ രക്ഷാപ്രവർത്തകർക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് റെസ്‌ക്യു റോവർ എന്ന റോബോട്ടിക്ക് സംവിധാനം വികസിപ്പിച്ചത്.
നരിക്കുനി പന്നിക്കോട്ടൂർ ബാവട്ടിച്ചാലിൽ റഷീദിന്റെയും ജമീലയുടെയും മകനാണ് എവിൻ. ഒക്ടോബർ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Tags:
KERALA